15 പോയിന്റ് ഉള്ള ടീമുകൾ പ്ലേഓഫിൽ ഇടം ഉറപ്പിച്ചേക്കാം, 16 പോയിന്റുകൾ നേടിയാലും ചില ടീമുകൾ പുറത്തുപോകും

ഗംഭീരമായൊരു ഐപിഎൽ സീസൺ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ലീഗ് മത്സരം അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിട്ടും, ഇതുവരെ ഒരു ടീമിന് മാത്രമേ പ്ലേഓഫ് ഉറപ്പിക്കാൻ സാധിച്ചിട്ടുള്ളൂ എന്നത്, ഈ സീസണിലെ ടൂർണമെന്റിന്റെ വാശിയേറിയ പോരാട്ടത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല, പ്ലേഓഫിലേക്കുള്ള ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്കായി 7 ടീമുകൾ ആണ് മത്സര രംഗത്ത് ഉള്ളത്. അതുകൊണ്ടുതന്നെ ഇതൊരു തീപ്പൊരി സീസൺ ആണെന്ന് തന്നെ പറയാം.

ഈ ഐപിഎൽ സീസണിന്റെ ഇപ്പോഴത്തെ നിലയെ വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഗുജറാത്ത്‌ ടൈറ്റൻസ് മാത്രമാണ് നിലവിൽ ഐപിഎൽ പ്ലേഓഫിൽ സ്ഥാനം ഉറപ്പാക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജിയന്റ്സ് എന്നീ ടീമുകൾ പ്ലേഓഫിന്റെ അരികിൽ ഉണ്ട്. ഇരു ടീമുകൾക്കും അവരുടെ ശേഷിക്കുന്ന അവസാന മത്സരത്തിൽ വിജയം നേടാനായാൽ പ്ലേഓഫിൽ ഇടം ഉറപ്പിക്കാം. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി വലിയ പോരാട്ടമാണ് നടക്കുന്നത്.

മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകൾ ആണ് പ്ലേഓഫിൽ എത്താൻ മറ്റു ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചിരിക്കുന്നത്. 15 പോയിന്റ് ഉള്ള ടീമുകൾ പ്ലേഓഫിൽ എത്തിയേക്കാം, അതേസമയം 16 പോയിന്റ് ഉള്ള ടീമുകൾക്ക് ഒരുപക്ഷേ പ്ലേഓഫിൽ ഇടം ലഭിച്ചേക്കില്ല, അതുകൊണ്ടുതന്നെ ഇതൊരു തകർപ്പൻ സീസൺ ആണെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരിക്കുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജിയന്റ്സ് എന്നീ ടീമുകൾക്ക് അവരുടെ ശേഷിക്കുന്ന മത്സരം വിജയിച്ചാൽ 17 പോയിന്റുകൾ നേടിക്കൊണ്ട് പ്ലേഓഫിൽ ഇടം ഉറപ്പിക്കാം. എന്നാൽ, ശേഷിക്കുന്ന ടീമുകൾ 16 പോയിന്റ് നേടിയാലും, നെറ്റ് റൺറേറ്റ് ആയിരിക്കും അവരിൽ മുൻതൂക്കം നിശ്ചയിക്കുക. അതേസമയം ചെന്നൈ, ലക്നൗ ടീമുകൾ അവരുടെ ശേഷിക്കുന്ന മത്സരത്തിൽ പരാജയപ്പെട്ടാൽ, പോയിന്റ് പട്ടിക ഇപ്പോഴുള്ളതിൽ നിന്ന് വളരെയധികം വ്യത്യസ്തപ്പെടുന്നതായും കാണാൻ സാധിക്കും.

4/5 - (2 votes)