വിദേശ ലീഗിൽ കളിക്കാൻ അനുമതി നേടി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ

ഓസ്ട്രേലിയയും ന്യൂസീലൻഡുമടക്കമുള്ള രാജ്യങ്ങളിൽ ലീഗ് കളിക്കാനുള്ള സാധ്യത തേടുകയാണെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. വിലക്കു നീങ്ങിയതോടെ വിദേശത്തു കളിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു താരം. രാജ്യത്തെ ക്രിക്കറ്റ് ടീമുകളിലേക്കുള്ള സില‌ക്‌ഷനു തയാറാണെന്നും വിലക്കു നീങ്ങിയതോടെ മത്സരങ്ങൾക്കു സജ്ജമാണെന്നും’ അറിയിച്ചു ശ്രീശാന്ത് ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സന്ദേശമയച്ചിട്ടുണ്ട്. ‘കളിക്കാരുടെ റജിസ്ട്രേഷൻ പൂർത്തിയായ സ്ഥിതിക്ക് അതിനുള്ള അനുമതിയും തേടിയിട്ടുണ്ട്.

രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസൺ തുടങ്ങാൻ ഇത്തവണ ഡിസംബർ–ജനുവരി എങ്കിലുമാകും. അതുവരെ കളിക്കാതിരിക്കാനാകില്ല.’ – താരം പറഞ്ഞു. ഫിറ്റ്നസ് തെളിയിച്ചാൽ രഞ്ജി ടീമിൽ ഇടം ലഭിക്കുമെന്നു കെസിഎ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനു പുറമേ ചെന്നൈ ലീഗിൽ കളിക്കാനും പദ്ധതിയുണ്ട്.മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ഏതാനും ക്ലബ്ബുകളിൽനിന്ന് ഓഫറുമുണ്ട്.