‘ക്യാപ്റ്റൻസി സഞ്ജുവിന് യോജിച്ച ജോലിയല്ല’ : റോയൽസ് ക്യാപ്റ്റനെ വിമർശിച്ച് മുൻ പാക് താരം

അവസാന പന്തുവരെ ആവേശം അലയടിച്ച മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു . സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ തകര്‍പ്പനടികള്‍ കൊണ്ട് കളംനിറഞ്ഞ അബ്ദുസ്സമദാണ് ഹൈദരാബാദിന് ആവേശജയം സമ്മാനിച്ചത്.

ഹൈദരാബാദിന് അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമായിരുന്നു.നിര്‍ണായക നിമിഷത്തില്‍ സന്ദീപ് ശര്‍മ ഒരു നോബോള്‍ എറിഞ്ഞതാണ് രാജസ്ഥാന് വിനയായത്. ഫ്രീഹിറ്റ് ബോള്‍ അബ്ദുസ്സമദ് സിക്സര്‍ പറത്തി ഹൈദരാബാദിനെ വിജയതീരമണക്കുകയായിരുന്നു. പരാജയം വഴങ്ങിയതിന് പിന്നാലെ, റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെതിരെ വിമർശനങ്ങൾ കനക്കുകയാണ്. നേരത്തെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ അഭിനന്ദിച്ചവർ എല്ലാം തന്നെ, ഇപ്പോൾ അത് മാറ്റിപ്പറയുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു.

മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയും സഞ്ജുവിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഹൈദരാബാദിനെതിരെ വലിയ ടോട്ടൽ ഉയർത്തിയ ശേഷം, അത് പ്രതിരോധിക്കാൻ രാജസ്ഥാൻ ബൗളർമാർ പരാജയപ്പെട്ടതിൽ, ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജുവിന് വലിയ ഉത്തരവാദിത്തം ഉണ്ട് എന്നാണ് ഡാനിഷ് കനേരിയ അഭിപ്രായപ്പെടുന്നത്. ക്യാപ്റ്റൻസി സഞ്ജുവിന് യോജിച്ച ജോലി അല്ല എന്നും മുൻ പാക്കിസ്ഥാൻ താരം പറയുന്നു.

“ബൗളർമാർ മോശം പ്രകടനം നടത്തുമ്പോൾ, താങ്കൾ എന്താണ് ചെയ്യുന്നത് എന്ന് ബൗളറോട് ചോദിക്കാൻ ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജുവിന് തന്റേടം വേണമായിരുന്നു. വെറുതെ തലയാട്ടി നിൽക്കാതെ, അടുത്ത ബോളിൽ എന്താണ് പ്ലാൻ എന്ന് ബൗളറോട് കൃത്യമായി ആശയവിനിമയം നടത്തണമായിരുന്നു. ഇമ്പാക്ട് പ്ലെയറെ ഉപയോഗിക്കുന്നതിലും സഞ്ജുവിന് പിഴച്ചു. കളി കൈവിട്ട ശേഷമാണ് അദ്ദേഹം ഒബദ് മക്കോയിയെ ഉപയോഗിച്ചത്,” ഡാനിഷ് കനേരിയ പറയുന്നു.

Rate this post