“നേട്ടങ്ങൾ സ്വന്തമാക്കി കുതിച്ച താരത്തിന് കരിയറിൽ സംഭവിച്ചത് :ഈ കരിയർ ഇന്നും ഷോക്കിങ്”|Hansie Cronje

8 വർഷം ദൈർഘ്യമുള്ള ക്രിക്കറ്റ്‌ കരിയർ, അതിൽ 68 ടെസ്റ്റ്‌ മത്സരങ്ങളിലും 188 ഏകദിന മത്സരങ്ങളിലും ദേശീയ ക്രിക്കറ്റ്‌ ടീമിന്റെ ഭാഗമായി, അതിൽ തന്നെ 38 ടെസ്റ്റ്‌ മത്സരങ്ങളിലും 138 ഏകദിന മത്സരങ്ങളിലും ദേശീയ ടീമിന്റെ നായകൻ, സജീവ ക്രിക്കറ്റിൽ നിറഞ്ഞു നിന്നതിന്റെ ഒടുവിൽ അപമാനിതനായി ക്രിക്കറ്റിൽ നിന്ന് പടിയിറക്കം, അധികം വൈകാതെ ഈ ലോകത്തോടും വിട പറഞ്ഞു. പറഞ്ഞുവരുന്നത്, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാരുടെ പട്ടികയിൽ 11-ാമനായി 2004-ൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡ്‌ തന്നെ തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഹാൻസി ക്രോഞ്ചേയെ കുറിച്ചാണ്.

1988-ൽ തന്റെ 18-ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ക്രോഞ്ചേ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏകദിന മത്സരങ്ങളിൽ 60.41 ബാറ്റിംഗ് ശരാശരി വെച്ചുപുലർത്തിയത്, 1992-ൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് ആ 23-കാരന് കാൾ-അപ്പ്‌ ലഭിക്കുന്നതിലേക്ക് വഴിയൊരുക്കി. പിന്നീട്, ദേശീയ ടീമിന് വേണ്ടി ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ക്രോഞ്ചേയെ, 1994-ൽ സ്റ്റാൻഡ്-ഇൻ-ക്യാപ്റ്റനായും പിന്നീട് ദക്ഷിണാഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റനായും നിയമിച്ചു. ക്രോഞ്ചേയുടെ ക്യാപ്റ്റൻസിയിൽ ദക്ഷിണാഫ്രിക്ക ഒരുപാട് നേട്ടങ്ങൾ കൈവരിച്ചതിനൊപ്പം, ക്രോഞ്ചേ തന്റെ വ്യക്തിഗത പ്രതിഭയും തെളിയിച്ചു.

നായകനായി 27 ടെസ്റ്റ്‌ വിജയങ്ങളും 99 ഏകദിന വിജയങ്ങളും നേടിയ ക്രോഞ്ചേ, ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ റിക്കി പോണ്ടിംഗിനും, അലൻ ബോർഡർക്കും, എംഎസ് ധോണിക്കും ശേഷം ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനാണ്. മാത്രമല്ല, 1993-2000 കാലയളവിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തുടർച്ചയായി 162 ഏകദിന മത്സരങ്ങൾ കളിച്ച റെക്കോർഡ്, ഇന്നുവരെ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിനും മറികടക്കാനായിട്ടില്ല. മാത്രമല്ല, ലോക ക്രിക്കറ്റിൽ ഒരു രാജ്യത്തെ തുടർച്ചയായി 100-ലധികം മത്സരങ്ങളിൽ നയിച്ച ക്യാപ്റ്റനും ഹാൻസി ക്രോഞ്ചേയാണ്.

എന്നാൽ, ഈ നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ക്രോഞ്ചേ വാതുവെപ്പ് കേസിൽ ഉൾപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ള ഒരു വാതുവെപ്പ് ഏജന്റിന്റെ കയ്യിൽ നിന്ന് പണം വാങ്ങി, ക്രോഞ്ചേ ഒത്തുകളിച്ചു എന്നായിരുന്നു ആരോപണം. മൂന്ന് മാസത്തെ അന്വേഷണത്തിന് ഒടുവിൽ, ഡൽഹി പോലീസ് തെളിവുകൾ കണ്ടെത്തി, ഒടുവിൽ ക്രോഞ്ചേ കുറ്റം സമ്മതിച്ചു. 5000 പൗണ്ടിനും ഒരു ലെതർ ജാക്കറ്റിനും വേണ്ടി ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ അയാൾ ഒത്തുകളിച്ചു.

ക്രോഞ്ചേക്ക്‌ ദക്ഷിണാഫ്രിക്ക ക്രിക്കറ്റിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. അങ്ങനെ ദക്ഷിണാഫ്രിക്ക കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ നേട്ടങ്ങളുടെ മേൽ വലിയൊരു കോട്ടത്തിന്റെ കരി ഒഴിച്ച് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങി. ഒടുവിൽ, 2002-ൽ ലോക ക്രിക്കറ്റ്‌ ആരാധകരെ വിഷമത്തിലാക്കി ഒരു വിമാന അപകടത്തിൽ ഹാൻസി ക്രോഞ്ചേ, കൂടുതൽ കുറ്റപ്പെടുത്തലുകൾക്ക് നിൽക്കാതെ ഈ ലോകത്തോട് വിട പറഞ്ഞു.