❝നാല് വിദേശികൾ എന്ന നിയമം ഇന്ത്യൻ ഫുട്ബോളിനും ഐഎസ്എല്ലിനും ഗുണം ചെയ്യുമോ ?❞ | Indian Football

ഐഎസ്എൽ ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന്റെ ആണിക്കല്ലായി മാറിയിരിക്കുകയാണ്. ലീഗ് ഇപ്പോൾ ഗുണനിലവാരം കൊണ്ട് സമ്പന്നമാണ്.കഴിഞ്ഞ കുറച്ച് സീസണുകളിൽ ലോക നിലവാരമുള്ള മികച്ച ഫുട്ബോൾ ആരാധകർക്ക് ആസ്വദിക്കാനും സാധിച്ചിട്ടുണ്ട്.വിദേശികളെ പോലെ തന്നെ ഇന്ത്യൻ താരങ്ങളും തങ്ങളുടെ പ്രതിഭ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കുകയാണ്.

ഓരോ സീസൺ കഴിയുന്തോറും നിലവാരം പലമടങ്ങ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഐഎസ്എല്ലിലെ ഏറ്റവും വിജയകരമായ ടീമുകളുടെ വിജയത്തിന് കാരണം ശരിയായ ടീം ബാലൻസ് നിലനിർത്തിയതാണ്.പ്രതിഭകളെ പിടിച്ചുനിർത്താൻ ഇത്തരം ക്ലബ്ബുകൾക്ക് കഴിയുന്ന സാഹചര്യവുമുണ്ട്.ഐഎസ്എല്ലിലെ പല ക്ലബ്ബുകൾക്കിടയിലും ഇത് സാധിച്ചിട്ടില്ല.

പക്ഷേ ഒരു ടീമിൽ കളിക്കാവുന്ന വിദേശികളുടെ എണ്ണത്തെക്കുറിച്ചുള്ള നിബന്ധന പലപ്പോഴും തർക്കവിഷയമാണ്. ഐഎസ്എൽ നിലവിൽ ആദ്യ ഇലവനിൽ നാല് വിദേശികളുടെ നിയമമാണ് നിർബന്ധമാക്കുന്നത്. എന്നിരുന്നാലും, 2023-24 സീസൺ മുതൽ എല്ലാ കോണ്ടിനെന്റൽ മത്സരങ്ങൾക്കുമായി ക്ലബ്ബുകൾക്ക് ആറ് വിദേശികളെ (5+1 ക്വാട്ട) പ്ലേയിംഗ് ഇലവനിൽ രജിസ്റ്റർ ചെയ്യാമെന്ന് AFC എക്‌സിക്യൂട്ടീവ് കമ്മിറ്റി വിധിച്ചു. എഎഫ്‌സിയുടെ സമീപകാല ഉത്തരവ്, ലീഗ് രജിസ്ട്രേഷൻ നിയമങ്ങൾ അനുസരിച്ച് ആഭ്യന്തര ലീഗുകളിൽ വിദേശ കളിക്കാരെ സൈൻ ചെയ്യുന്നതിനുള്ള പരിധി എടുത്തുകളഞ്ഞു.

കോണ്ടിനെന്റൽ ബോഡിയുടെ വിധി ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ ഫുട്ബോൾ അധികൃതർ ഇപ്പോൾ 3+1 നിയമത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. അത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പായിരിക്കുമോ? എന്ന് കണ്ടറിഞ്ഞു കാണണം.2021/22 സീസൺ ഐഎസ്എൽ ക്ലബ്ബുകൾ നാല് വിദേശികളുമായി കളിച്ച ആദ്യ സീസണായിരുന്നു. ഈ വിധി ഇന്ത്യൻ കളിക്കാരുടെ മികവിന് ശക്തി കൂട്ടി എന്നതിൽ തർക്കമില്ല.

അടുത്തിടെ അവസാനിച്ച സീസണിൽ 33.8 ശതമാനം ഗോളുകളും ഇന്ത്യൻ താരങ്ങൾ നേടിയിരുന്നു. 2018-19 സീസണിലെ 35 ശതമാനത്തിന് പിന്നിൽ ഐ‌എസ്‌എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നേട്ടമാണിത്. ഇന്ത്യൻ സ്‌കോറർമാരുടെ ശരാശരി പ്രായം 24.48 വയസ്സായിരുന്നു, ഐഎസ്‌എല്ലിലെ ഏതൊരു സീസണിലെയും ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറർമാർ ഈ സീസണിൽ ആയിരുന്നു.ഗോളുകളുടെ കാര്യത്തിൽ മാത്രമല്ല അസിസ്റ്റുകളിലും ഇന്ത്യൻ താരങ്ങളുടെ സംഭാവന വർധിച്ചു. ഈ സീസണിലെ ഐഎസ്എല്ലിൽ മൊത്തം അസിസ്റ്റുകളുടെ 48.63% സംഭാവന ചെയ്തത് ഇന്ത്യൻ താരങ്ങളാണ്. ഐഎസ്എല്ലിൽ ഒരു സീസണിലെ ഇന്ത്യൻ താരങ്ങളുടെ ഏറ്റവും ഉയർന്ന നേട്ടമാണിത്.

ഐ എസ് എല്ലിൽ ഇന്ത്യൻ താരങ്ങളുടെ ഔട്ട്പുട്ടിൽ പ്രകടമായ വർധനവാണ് മുകളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. നാല് വിദേശികളുടെ നിയമത്തിൽ ഉറച്ചുനിൽക്കാനുള്ള എഫ്എസ്ഡിഎൽ തീരുമാനത്തെ ബെംഗളൂരു എഫ്സി കോച്ച് മാർക്കോ പെസിയോലിയും സ്വാഗതം ചെയ്തു. പിച്ചിൽ ഒരു അധിക ഇന്ത്യൻ കളിക്കാരനെ ഉൾപ്പെടുത്തിയത് ഇന്ത്യൻ കളിക്കാരുടെ എക്സ്പോഷറും അനുഭവപരിചയവും വർദ്ധിപ്പിച്ചു.ഐഎസ്എൽ ചരിത്രത്തിലാദ്യമായി വിദേശികളേക്കാൾ കൂടുതൽ ഇന്ത്യൻ താരങ്ങൾ ഗോൾ നേടുന്നത് ലീഗിൽ കണ്ടു.ഐഎസ്എല്ലിൽ 55 വിദേശികളും 66 ഇന്ത്യക്കാരും ഗോൾ നേടി.2020-21 സീസണിലെ ഇന്ത്യൻ സ്‌കോറർമാരുടെ എണ്ണത്തേക്കാൾ 56% വർദ്ധനവാണിത്.

നവോറെം റോഷൻ സിംഗ്, ഡാനിഷ് ഫാറൂഖ്, റൂയിവ ഹോർമിപാം എന്നി താരങ്ങൾ ഈ നിയമം കൊണ്ട് മാത്രം ഇന്ത്യൻ സൂപ്പർ ലീഗിൽ മികവ് പ്രകടിപ്പിച്ചവരാണ്. ഇവർക്കെല്ലാം ഇന്ത്യൻ ടീമിൽ നിന്നും വിളി വരുകയും ചെയ്തു.ലിസ്റ്റൺ കൊളാക്കോ, അനികേത് ജാദവ്, രോഹിത് ദാനു, മൻവീർ സിംഗ്, റഹീം അലി, വി.പി. സുഹൈർ എന്നിവരെല്ലാം ഈ സീഅനിൽ തിളങ്ങിയ ഇന്ത്യൻ താരങ്ങളാണ്.3+1 വിധി ഉയർന്നുവരുന്ന ആഭ്യന്തര പ്രതിഭകളെ കൂട്ടിച്ചേർക്കുമെന്ന് ഉറപ്പാണ്. പക്ഷേ, അത് ലീഗിന്റെ നിലവാരം കുറയുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാം.

2021-22 സീസണിലാണ് ഒരു ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത്. ആക്രമണ നിലവാരം തീർച്ചയായും വർദ്ധിച്ചിട്ടുണ്ടെന്ന് ഇത് കാണിക്കുന്നുണ്ടെങ്കിലും, പ്രതിരോധത്തെക്കുറിച്ച് ഇത് പറയാനാവില്ല. ഹൈദരാബാദിന്റെ ഹാവിയർ സിവേരിയോയെപ്പോലുള്ള യുവതാരങ്ങളെ ആകർഷിക്കാൻ നിലവിൽ ഐഎസ്എല്ലിന് കഴിയുന്നുണ്ട്. പക്ഷേ, പ്രതിരോധ നിലവാരത്തിലെ കുറവിന്റെ തുടർച്ച വിദേശ റിക്രൂട്ട്മെന്റുകൾക്ക്, പ്രത്യേകിച്ച് പ്രതിരോധ, മിഡ്ഫീൽഡ് ഇറക്കുമതികൾക്ക് താൽപ്പര്യമുണ്ടാക്കില്ല. നാല് വിദേശികളുടെ നയം തുടർന്നാൽ ലീഗിനുള്ളിലെ നിലവാരവും പ്രതിഭയും കുറയാൻ ഇത് ഇടയാക്കും.

നിലവിൽ, ഏതൊരു ഐഎസ്എൽ ക്ലബ്ബിനും അവരുടെ ടീമിൽ ആറ് വിദേശ താരങ്ങളെ മാത്രമേ സൈൻ ചെയ്യാൻ കഴിയൂ. കൂടുതൽ വിദേശികളെ സൈൻ ചെയ്യാനുള്ള ഒരു ഓപ്ഷൻ കൈവശം വയ്ക്കുന്നത് സ്ക്വാഡിന്റെ ആഴം കൂട്ടുമെന്ന് ഉറപ്പാണ്. എഎഫ്‌സി മത്സരങ്ങൾക്ക് യോഗ്യത നേടുന്ന ക്ലബ്ബുകൾക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകും.എ.എഫ്.സിയുടെ തീരുമാനം എ.ഐ.എഫ്.എഫിനെയും എഫ്.എസ്.ഡി.എല്ലിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 3+1 വിദേശികളുടെ നയം , കൂടുതൽ ഇന്ത്യൻ പ്രതിഭകൾ, ദേശീയ ടീമിനായി കൂടുതൽ വിഭവങ്ങൾ എന്നിവയിൽ തുടരുന്നതിന് തീർച്ചയായും ഒരു നേട്ടമുണ്ട്. പക്ഷേ, ലീഗിന്റെ നിലവാരവും അവർ നോക്കണം.