❝ 👑⚽ ഫുട്‍ബോൾ രാജാവിന്റെ
രാജകീയ 💪🇵🇹തുടക്കം, ജർമൻ 🇫🇷🔥🇩🇪
മുന്നേറ്റത്തിൽ പതറാതെ ഫ്രാൻസ് ❞

യൂറോ കപ്പിലെ മരണ ഗ്രൂപ്പിലെ സൂപ്പർ പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് വിജയത്തുടക്കം. മുൻ ലോക ചാമ്പ്യന്മാരായ ജർമനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ കീഴടക്കിയത്. ജർമൻ താരമായ മാറ്റ് ഹമ്മൽസിൻ്റെ സെൽഫ് ഗോളാണ് കളിയുടെ വിധി തീരുമാനിച്ചത്.ഒരു ഗോളിന് മാത്രമാണ് ജയിച്ചത് എങ്കിലും ജർമ്മൻ നിരയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ഫ്രാൻസ് ഇന്ന് നടത്തിയത്.കളിയിൽ ഫ്രഞ്ച് നിരയുടെ നീക്കങ്ങളുടെ സൂത്രധാരനായി നിന്ന പോൾ പോഗ്ബ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.കളിയിൽ മൂന്ന് ഗോളുകൾ വീണെങ്കിലും ഒരെണ്ണം മാത്രമാണ് ഗോൾ ആയത്. ഫ്രാൻസ് നേടിയ ബാക്കി രണ്ട് ഗോളുകളും ഓഫ്‌സൈഡ് കെണിയിൽ പെടുകയായിരുന്നു.

ലോക ചാമ്പ്യന്മാരും മുൻ ലോക ചാമ്പ്യന്മാരും നേർക്കുനേർ വന്ന മത്സരം തുടക്കം മുതൽ ആവേശകരമായിരുന്നു. ജർമ്മനി കൂടുതൽ സമയം പന്തു കൈവശം വെച്ചു എങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ഫ്രാൻസ് ആയിരുന്നു. കളിയുടെ തുടക്കം മുതൽ തന്നെ ഫ്രാൻസ് മുന്നേറി കളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഈ യൂറോയിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീം എന്ന ഖ്യാതിയുമായി മത്സരത്തിനിറങ്ങിയ ഫ്രഞ്ച് പട അതിനൊത്ത പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. ഒരു പിടി മികച്ച താരങ്ങളുള്ള അവരുടെ നിരയിൽ കളി നിയന്ത്രിച്ചത് മിഡ്ഫീൽഡർ പോൾ പോഗ്‌ബയായിരുന്നു. മികച്ച പാസുകൾ നൽകി സഹതാരങ്ങളെ കണ്ടെത്തിയ താരം ടീമിൻ്റെ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചു നിന്നു.

ഫ്രാൻസിൻ്റെ നീക്കങ്ങളിൽ ആദ്യം ജർമനി പ്രതിരോധത്തിൽ ആയെങ്കിലും പതിയെ അവർ താളം വീണ്ടെടുത്തു. ഇതോടെ ഇരുവശത്തേക്കും ഒരു പോലെ പന്ത് പായാൻ തുടങ്ങി.16ആം മിനുട്ടിൽ എമ്പപ്പെയുടെ ഒരു ഷോട്ടായിരുന്നു ആദ്യ ഗോളിലേക്കുള്ള ഷോട്ട് അത് സമർത്ഥമായി നൂയർ തടഞ്ഞു. 20ആം മിനുട്ടിൽ പക്ഷെ ഒരു സെൽഫ് ഗോൾ നൂയറിനെ കീഴ്പ്പെടുത്തി.പോഗ്ബയുടെ പുറംകാലു കൊണ്ടുള്ള ഒരു ഗംഭീര പാസ് ഫുൾബാക്കായ തിയോ ഹെർണാണ്ടസിനെ കണ്ടെത്തി. ഹെർണാണ്ടസ് ഗോൾ മുഖത്തേക്ക് തിരിച്ചുകിട്ട പന്ത് ഡിഫൻഡ് ചെയ്യുന്നതിനിടയിൽ ജർമ്മൻ സെന്റർ ബാക്കായ ഹമ്മൽസ് സ്വന്തം വലയിലേക്ക് തന്നെ പന്തെത്തിച്ചു.12 മത്സരങ്ങൾ മാത്രം പൂർത്തിയായ ടൂർണമെൻ്റിലെ മൂന്നാമത്തെ സെൽഫ് ഗോൾ ആയിരുന്നു ഹമ്മൽസിൻ്റേത്.


22ആം മിനുട്ടിൽ മുള്ളറിനും 38ആം മിനുട്ടിൽ ഗുണ്ടോഗനും ഗോൾ മടക്കാൻ അവസരം കിട്ടി എങ്കിലും രണ്ട് ശ്രമങ്ങളും ടാർഗറ്റിൽ പോലും എത്തിയില്ല.രണ്ടാം പകുതിയിൽ ജർമനി ഫ്രാൻസ് ഗോൾ മുഖത്തേക്ക് തുടരെ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു. ജർമൻ താരമായ സെർജിയോ ഗ്‌നാർബി എടുത്ത ഒരു ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. ഇതിനിടയിൽ ഫ്രാൻസിന് ലഭിച്ച ഒരു ചാൻസിൽ റാബിയോട്ട് എടുത്ത ഷോട്ട് ജർമൻ പോസ്റ്റിൽ തട്ടി മടങ്ങി. എംബാപെയുടെ പാസിലേക്ക് ഓടിയെത്തിയ താരത്തെ കാത്ത് ബോക്സിൽ ഗ്രീസ്മാൻ ഉണ്ടായിരുന്നെങ്കിലും പാസ് ചെയ്യാൻ മുതിരാതെ റാബിയോട്ട് ഷോട്ട് എടുക്കുകയായിരുന്നു.

66ആം മിനുട്ടിൽ എമ്പപ്പെ മനോഹരമായ രീതിയിൽ ഫ്രാൻസിനായി വലകുലുക്കി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് താരത്തിന്റെ ആഹ്ലാദം പകുതിക്ക് വെച്ച് നിർത്തി. കളിയുടെ 84ആം മിനുട്ടിൽ ബെൻസീമയും ഫ്രാൻസിനായി വല കുലുക്കി. പക്ഷെ ബെൻസീമയുടെ ഗോളിന്റെ ബിൽഡപ്പിൽ എമ്പപ്പെ ഓഫ് സൈഡ് ആയതു കൊണ്ട് ആ ഗോളും നിഷേധിച്ചു

ഹംഗറി ഉയർത്തിയ വലിയ വെല്ലുവിളി മറികടന്ന് പോർച്ചുഗലിന് വിജയം. യൂറോ കപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ വിജയം. അവസാന മിനുട്ടുകളിൽ പിറന്ന മൂന്നു ഗോളുകളാണ് പോർച്ചുഗീസ് നിരയ്ക്ക് വിജയം നൽകിയത്. 84 മിനുട്ട് വരെ ഗോൾ രഹിതമായിരുന്നു മത്സരം. ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗീസ് ജയത്തിൽ പ്രധാന പങ്കുവഹിച്ചു.റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്.

ബുഡാപെസ്റ്റില്‍ 60000ന് മുകളില്‍ വരുന്ന ഹംഗറി ആരാധകര്‍ക്ക് മുന്നില്‍ കളിക്കുക പോര്‍ച്ചുഗലിന് ഒട്ടും എളുപ്പമായിരുന്നില്ലെങ്കിലും സൂപ്പര്‍ താരങ്ങളായി നിറഞ്ഞ പോര്‍ച്ചുഗല്‍ തന്നെ ആയിരുന്നു തുടക്കം മുതല്‍ കളി നിയന്ത്രിച്ചിരുന്നത്. കളിയുടെ അഞ്ചാം മിനിട്ടില്‍ ആദ്യ മികച്ച അവസരം പോര്‍ച്ചുഗലിന് ലഭിച്ചു. ലിവര്‍പൂള്‍ താരം ജോട എടുത്ത ഷോട്ട് പക്ഷെ ലക്ഷ്യം കണ്ടില്ല. പോര്‍ച്ചുഗലിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം ഹംഗറിയുടെ കരുത്തുറ്റ പ്രതിരോധ നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 42ആം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് തന്റെ ആദ്യ നല്ല അവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് ബ്രൂണോ കൊടുത്ത ബോള്‍ റൊണാള്‍ഡോ കണക്ട് ചെയ്തു എങ്കിലും ഗോള്‍ പോസ്റ്റിന്റെ മുകളിലൂടെ പന്ത് പറന്നകന്നു.

ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഗോളുകളൊന്നും നേടാന്‍ കഴിയാതെ പിരിഞ്ഞു.മികച്ച അച്ചടക്കത്തോടെ ഡിഫൻഡ് ചെയ്ത ഹംഗറി ഡിഫൻസിനെ പെട്ടെന്ന് മറികടക്കാൻ പോർച്ചുഗലിനായില്ല.രണ്ടാം പകുതിയിലും പോർച്ചുഗൽ പൂർണ്ണമായും മുന്നേറി ചെയ്തു. 46ആം മിനുട്ടിൽ ബ്രൂണോ എടുത്ത കോർണർ പെപെ ഹെഡ് ചെയ്തു എങ്കിലും ഡൈവിങ് സേവിലൂടെ ഗുലാക്സി തടഞ്ഞു. 75ആം മിനിട്ടില്‍ റൊണാള്‍ഡോയുടെ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടെ ബോകസിനുള്ളില്‍ വച്ച് ഹംഗറിയുടെ അറ്റില ഫിയോലയുടെ കൈകളില്‍ തട്ടിയെങ്കിലും റെഫറി അത് കണ്ടില്ല. റൊണാള്‍ഡോയും സഹതാരങ്ങളും അപ്പീല്‍ ചെയ്‌തെങ്കിലും റെഫറി പെനാല്‍റ്റി അനുവദിച്ചില്ല.കളി അവസാനിക്കാൻ 6 മിനുട്ട് മാത്രം ശേഷിക്കെ റാഫേൽ ഗുറേറോ പോർച്ചുഗലിനെ രക്ഷിച്ചു. ഗുറേറോ ബോക്സിൽ നിന്ന് എടുത്ത ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിൽ കയറി.

രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഹംഗേറിയന്‍ താരം ഒര്‍ബന്റെ ഫൗളില്‍ ലഭിച്ച പെനാല്‍റ്റി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റൊണാള്‍ഡോ ഗോള്‍വല കുലുക്കി. ഇഞ്ചുറി ടൈമിലെ രണ്ടാം മിനിട്ടിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍.റൊണാൾഡോയുടെ പോർച്ചുഗലിനായുള്ള 106ആം ഗോളായിരുന്നു ഇത്. അഞ്ച് യൂറോ കപ്പിൽ കളിക്കുകയും അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമായി റൊണാൾഡോ മാറി.

കടപ്പാട്

Rate this post