സൂപ്പർ താരങ്ങളുടെ വലിയ നിരയുമായി ഫ്രാൻസിന്റ ഖത്തർ ലോകകപ്പ് ടീം |Qatar 2022 |France

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് 2022ലെ ഖത്തർ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരും യുവതാരങ്ങളുമടങ്ങുന്ന ലോകകപ്പിനുള്ള ഫ്രാൻസിന്റെ 25 അംഗ ടീമിനെ പരിശീലകൻ ദിദിയർ ദെഷാംപ്‌സ് പ്രഖ്യാപിച്ചു. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഓസ്‌ട്രേലിയ, ഡെൻമാർക്ക്, ടുണീഷ്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസ്. നവംബർ 23ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് മത്സരം. ഫ്രാൻസ് നവംബർ 26ന് ഡെൻമാർക്കിനെയും നവംബർ 30ന് ടുണീഷ്യയെയും നേരിടും.

ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ്, അരിയോള, മന്ദണ്ട എന്നിവരെ ഗോൾകീപ്പർമാരായി ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്ക് മൂലം വരാനെ ലോകകപ്പ് കളിക്കുന്നത് സംശയത്തിലായിരുന്നുവെങ്കിലും യുണൈറ്റഡ് താരത്തെ ഉൾപ്പെടുത്തി ഫ്രാൻസിന്റെ പ്രതിരോധ നിരയെ ദെഷാംപ്‌സ് പ്രഖ്യാപിച്ചു. എൽ ഹെർണാണ്ടസ്, ടി ഹെർണാണ്ടസ്, കിംപെംബെ, കൊണേറ്റ്, കൗണ്ടെ, പവാർഡ്, സാലിബ, ഉപമെക്കാനോ, വരാനെ എന്നിവരാണ് ലോകകപ്പിലെ ഫ്രാൻസിന്റെ പ്രതിരോധക്കാർ. അതേസമയം, റയൽ മാഡ്രിഡിന്റെ ഫെർലാൻഡ് മെൻഡി ലോകകപ്പ് ടീമിൽ ഇടം നേടിയില്ല.

പോൾ പോഗ്ബയുടെയും എൻഗോലോ കാന്റെയുടെയും അഭാവം ഫ്രാൻസിന് വലിയ നഷ്ടം തന്നെയാണ്.അതുകൊണ്ട് തന്നെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന മധ്യനിര വിഭാഗമാണ് ദെഷാംപ്‌സ് തിരഞ്ഞെടുത്തത്. ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ മിഡ്ഫീൽഡർമാരായി കാമവിംഗ, ഫൊഫാന, ഗ്വെൻഡൗസി, റാബിയോട്ട്, ചൗമേനി, വെറെറ്റൗട്ട് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സീസണിൽ മികച്ച ഫോമിലുള്ള റാബിയോട്ടിലും റയൽ മാഡ്രിഡിന്റെ യുവപ്രതിഭകളായ ചൗമേനിയിലും കാമവിംഗയിലും ആഴ്സണലിന്റെ ഗ്വെൻഡൗസിയിലും ഫ്രാൻസിന് വലിയ പ്രതീക്ഷയുണ്ട്.

ഫ്രാൻസിന്റെ മധ്യനിരയിൽ ചില ദൗർബല്യങ്ങൾ ഉണ്ടെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്ന ലോകോത്തര മുന്നേറ്റ നിരയാണ് ഫ്രാൻസിന്റെ കരുത്ത്. റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസെമ നയിക്കുന്ന ഫ്രാൻസിന്റെ മുന്നേറ്റ നിരയിൽ സൂപ്പർ താരങ്ങളായ കൈലിയൻ എംബാപ്പെ, ജിറൂഡ്, ഗ്രീസ്മാൻ എന്നിവരും ഉൾപ്പെടുന്നു. കൂടാതെ, കോമാൻ, ഔസ്മാൻ ഡെംബലെ, എൻകുങ്കു എന്നിവരും ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ ഇടം നേടിയിട്ടുണ്ട്.

Rate this post