❝ യൂറോപ്പിലെ വമ്പന്മാർ ⚽🔥 നേർക്കുനേർ
ഇന്ന് വിസ്‌മയ 😍✌️ പോരാട്ടങ്ങളുടെ രാവ് ❞

ഇന്നാണ് യൂറോ കപ്പിൽ ആരാധകർ കാത്തിരുന്ന പോരാട്ടം.യൂറോ കപ്പിലെ മരണ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന എഫ് ഗ്രൂപ്പിൽ മ്യൂണിചിലെ അലിയൻസ് അറീനയിൽ നടക്കുന്ന മത്സരത്തിൽ ജർമ്മനി ഫ്രാൻസിനെ നേരിടും.2018ലെ ലോകകപ്പ് ജേതാക്കളും 2014ലെ ലോകകപ്പ് ജേതാക്കളും നേർക്കുനേർ വരുമ്പോൾ ആവേശകരമായ പോരാട്ടമല്ലാതെ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല. ജർമ്മനി മൂന്നു തവണ യൂറോ കപ്പ് നേടിയപ്പോൾ ഫ്രാൻസ് രണ്ടു തവണയും സ്വന്തമാക്കിയിട്ടുണ്ട്.യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും പഴയ പോരാട്ടങ്ങളിലൊന്നാണ് ഫ്രാൻസ് vs ജർമ്മനി .ജർമ്മൻ ഫുട്ബോൾ ടീമിനെ വെയ്മർ റിപ്പബ്ലിക് എന്നറിയപ്പെടുന്ന കാലം മുതലുള്ളതാണ് ഫുട്ബോളിൽ ഇവരുടെ വൈര്യം.

1931 ൽ ഇരു ടീമുകളും ആദ്യ മത്സരം കളിച്ചത് അതിനു ശേഷം 31 മത്സരങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. 14 മത്സരങ്ങളിൽ ഫ്രാൻസ് വിജയിച്ചപ്പോൾ 10 ജയങ്ങൾ ജർമ്മനി നേടി ഏഴു മത്സരങ്ങൾ സമനിലയിലായി. 2014 ലെ വേൾഡ് കപ്പിന് ശേഷം ഫ്രാൻസ് ജര്മനിയോട് പരാജയപ്പെട്ടിട്ടില്ല .അവസാന ആറു മത്സരങ്ങളിൽ മൂന്നെണ്ണം വിജയിക്കുകയും മൂന്നു മത്സരം സമനിലയാവുകയും ചെയ്തു.യുവേഫ നേഷൻസ് ലീഗിലായിരുന്നു അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയത് ഫ്രാൻസ് 2-1 ന് വിജയിച്ചു. ഫ്രാൻസ്, ജർമ്മനി ഏറ്റുമുട്ടലുകളിൽ നാല് ഗോളുകളുമായി ഏറ്റവുമധികം ഗോൾ നേടിയ കളിക്കാരനാണ് അന്റോയ്ൻ ഗ്രീസ്മാൻ. കഴിഞ്ഞ യൂറോ കപ്പ് സെമി ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ചായിരുന്നു ഫ്രാൻസ് ഫൈനലിലേക്ക് കടന്നത്.

പരിശീലകൻ ലോയുടെ അവസാന ടൂർണമെന്റ് ആണ് എന്നതു കൊണ്ട് തന്നെ കിരീടം നേടി അദ്ദേഹത്തെ യാത്ര അയക്കാൻ ആണ് ജർമ്മൻ താരങ്ങൾ ഒരുങ്ങുന്നത്.മുള്ളർ, കായ് ഹവേർട്സ്, ഗ്നാബറി, വെർണർ എന്നിവരടങ്ങുന്ന അറ്റാക്കിലാണ് ജർമ്മനിയുടെ പ്രതീക്ഷ. മധ്യനിരയിൽ ക്രൂസും ഗുണ്ടഗോനും ആകും ഇന്ന് ഇറങ്ങുക. പരിക്ക് കാരണം ഗൊരെസ്ക ഇന്ന് ഉണ്ടാവില്ല. മാറ്റ് ഹമ്മൽസും റുദിഗറും കിമ്മിചും ഗിന്ററും ആകും നൂയറിന് മുന്നിൽ അണിനിരക്കുക. ബെൻസീമ വന്നതോടെ കൂടുതൽ ശക്തമായ ഫ്രാൻസ് അറ്റാക്കിൽ എമ്പപ്പെയും ഗ്രീസ്മനും ബെൻസീമയും ആകും ഇറങ്ങുക.കാന്റെയും പോഗ്ബയും ഇറങ്ങുന്ന മധ്യനിരയിൽ റാബിയോയും കൂട്ടിന് ഇറങ്ങിയേക്കും. വരാനെയും കിമ്പെപ്പയും ആകും സെന്റർ ബാക്ക് കൂട്ടുകെട്ടുകൾ.ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി നെറ്റ് വർക്കിൽ കാണാം.


ഫ്രാൻസ്: ഹ്യൂഗോ ലോറിസ്; ബെഞ്ചമിൻ പവാർഡ്, റാഫേൽ വരാന, പ്രെസ്‌നെൽ കിമ്പെംബെ, ലൂക്കാസ് ഹെർണാണ്ടസ്; എൻ ഗോളോ കാന്റെ, പോൾ പോഗ്ബ, അഡ്രിയൻ റാബിയോട്ട്; അന്റോയിൻ ഗ്രീസ്മാൻ; കൈലിയൻ എംബപ്പേ, കരീം ബെൻസെമ.
ജർമ്മനി: മാനുവൽ ന്യൂയർ; മത്തിയാസ് ജിന്റർ, മാറ്റ്സ് ഹമ്മൽസ്, അന്റോണിയോ റൂഡിഗർ; ജോഷ്വ കിമ്മിച്ച്, ടോണി ക്രൂസ്, ഇൽകെ ഗുണ്ടോഗൻ, റോബിൻ ഗോസെൻസ്; കൈ ഹാവെർട്സ്, തോമസ് മുള്ളർ; സെർജ് ഗ്നാബ്രി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇന്ന് അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും.ഫെറൻക് പുസ്കാസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹംഗറിയാണ് പോർച്ചുഗലിന്റെ എതിരാളികൾ.കഴിഞ്ഞ യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും നേരിട്ടപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം. ചാമ്പ്യന്മാരായ 2016നേക്കാൾ മികച്ച സ്ക്വാഡുമായാണ് പോർച്ചുഗൽ ഇത്തവണ ടൂർണമെന്റിന് എത്തുന്നത്. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാകും പോർച്ചുഗലിൽ എല്ലാവരും ഉറ്റു നോക്കുന്ന താരം. പക്ഷെ റൊണാൾഡോക്ക് പിറകിൽ വലിയ താരങ്ങൾ തന്നെ പോർച്ചുഗീസ് നിരയിൽ ഉണ്ട്.

സന്നാഹ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിന്റെ ബ്രേസും യുവന്റസ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ, മാഞ്ചസ്റ്റർ സിറ്റി ഫുൾ ബാക്ക് ജോവ കാൻസെലോ എന്നിവരുടെ ഗോളുകൾക്ക് ഇസ്രായേലിനെ 4-0ന് പരാജയപ്പെടുത്തിയാണ് പോർച്ചുഗലിന്റെ വരവ്.ബെർണാഡോ സിൽവയും ജോടയും ആകും അറ്റാക്കിൽ റൊണാൾഡോക്ക് ഒപ്പം ഉണ്ടാവുക. നമ്പർ 10 റോളിൽ ബ്രൂണോ ഫെർണാണ്ടസ് മിഡ്ഫീൽഡിൽ മൗട്ടീഞ്ഞോയും അണിനിരക്കും.മാഞ്ചസ്റ്റർ സിറ്റിയുടെ സെന്റർ ബാക്കായ റുബൻ ഡയസും വെറ്ററൻ താരം പെപെയുമാകും പോർച്ചുഗലുന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്.

കൊറോണ പോസിറ്റീവ് ആയ കാൻസെലോ ഇന്ന് പോർച്ചുഗലിന് ഒപ്പം ഉണ്ടാകില്ല.കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ സ്റ്റീഫൻ കെന്നിയുടെ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ 0-0 സമനിലയിൽ ഹംഗറി പോർച്ചുഗലിന്റെ നേരിടാനൊരുങ്ങുന്നത്. അവസാന 11 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഹംഗറി യൂറോ കപ്പിന് എത്തുന്നത്.2017 ൽ ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയത് ,സ്‌ട്രൈക്കർ ആൻഡ്രെ സിൽവയുടെ രണ്ടാം പകുതിയിലെ ഗോളിൽ പോർച്ചുഗൽ 1-0 ന് വിജയിച്ചു.ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുന്നത്

പോർച്ചുഗൽ ഇലവൻ (4-2-3-1): റൂയി പട്രീഷ്യോ, നെൽ‌സൺ സെമെഡോ, പെപ്പെ, റൂബൻ ഡയസ്, റാഫേൽ ഗ്വെറോ, ഡാനിലോ പെരേര, ജോവ മൗട്ടീൻഹോ , ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ജോറ്റ, ക്രിസ്റ്റ്യാനോ റൊണാൾഡോ