❝2010 വേൾഡ്കപ്പിൽ വിവാദമായ ജർമ്മനിക്കെതിരെയുള്ള ഫ്രാങ്ക് ലാംപാർഡിന്റെ ‘നിഷേധിക്കപ്പെട്ട’ ഗോൾ❞ |Frank Lampard |FIFA World Cup

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഫ്രാങ്ക് ലാംപാർഡ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായി പരക്കെ കണക്കാക്കപ്പെടുന്നു. കാരണം ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ ദീർഘവും വിശിഷ്ടവുമായ കരിയർ നിരവധി ഐതിഹാസിക നിമിഷങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു.

2006, 2010, 2014 വർഷങ്ങളിലെ മൂന്ന് ഫിഫ ലോകകപ്പുകളിൽ ലാംപാർഡ് ത്രീ ലയൺസിനെ പ്രതിനിധീകരിച്ചു.രസകരമെന്നു പറയട്ടെ ലംപാർഡിന്റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന നിമിഷങ്ങളിലൊന്ന് 2010 ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിനിടെ ജർമ്മനിക്കെതിരെ ഗോൾ നിഷേധിക്കപ്പെട്ടതാണ്.

2010 ജൂൺ 27-ന് ജർമ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള റൗണ്ട് ഓഫ് 16 മത്സരത്തിലാണ് ലാംപാർഡിന്റെ ഗോൾ നിഷേധിക്കപ്പെട്ടത്. മത്സരത്തിന്റെ 37 ആം മിനുട്ടിൽ ജർമ്മനി 2 -1 മുന്നിട്ട് നിൽക്കുമ്പോഴാണ് പെനാൽറ്റി ഏരിയയുടെ അരികിൽ നിന്ന് ലാംപാർഡ് ശക്തമായി അടിച്ച ഷോട്ട് ബാറിന്റെ അടിവശം തട്ടി ജർമ്മനിയുടെ ഗോൾ ലൈനിന് ഉള്ളിൽ പതിച്ചു.എന്നാൽ ഇംഗ്ലണ്ടിനെയും ലാംപാർഡിനെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, റഫറി കളി തുടരുകയും ചെയ്തു. തുടർന്ന് 4-1 മാർജിനിൽ ഇംഗ്ലണ്ട് മത്സരം പരാജയപ്പെട്ടു.

ലാംപാർഡിന്റെ ആ നിഷേധിക്കപ്പെട്ട ഗോൾ അന്താരാഷ്ട്ര ഫുട്ബോളിൽ വൻ ചലനം സൃഷ്ടിച്ചു. ഇതിനു പിന്നാലെ 2014-ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ ഗോൾ-ടൈം സാങ്കേതികവിദ്യയും 2018-ൽ റഷ്യയിൽ നടന്ന FIFA ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറിമാരെ (VAR) അവതരിപ്പിച്ചു.

1999 ഒക്ടോബറിൽ 21-ാം വയസ്സിൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച ലംപാർഡ് ദേശീയ ടീമിനായി ആകെ 106 മത്സരങ്ങൾ കളിച്ച് 29 ഗോളുകളുമായി മടങ്ങി. 2014-ൽ ബ്രസീലിൽ നടന്ന FIFA വേൾഡ് കപ്പിൽ അദ്ദേഹം തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചു, കുറച്ച് വർഷങ്ങൾക്ക് ശേഷം ഒരു കളിക്കാരനെന്ന നിലയിൽ തന്റെ കരിയർ അവസാനിപ്പിച്ചു. നിലവിൽ പ്രീമിയർ ലീഗ് ടീം എവർട്ടണിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2017 ൽ വിരമിച്ചതിന് ശേഷം ഡെർബി, ചെൽസി തുടങ്ങിയ ക്ലബ്ബുകളും കൈകാര്യം ചെയ്തിട്ടുണ്ട്.