ഫൈനലിൽ മെസ്സി നേടിയ അർജന്റീനയുടെ മൂന്നാം ഗോൾ അനുവദിക്കാൻ പാടില്ലാത്തതെന്ന് ഫ്രഞ്ച് ആരാധകർ |Qatar

2022 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ പരസ്പരം കൊമ്പുകോർത്ത അർജന്റീനയും ഫ്രാൻസും കായിക ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഗെയിമുകളിലൊന്നാണ് ഞായറാഴ്ച കളിച്ചത്. പെനാൽറ്റിയിൽ 4-2ന് ഫ്രാൻസിനെ തോൽപ്പിച്ച ശേഷം അർജന്റീന ചാമ്പ്യന്മാരായി. .

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനായി കണക്കാക്കപ്പെടുന്ന ലയണൽ മെസ്സി മത്സരത്തിൽ രണ്ട് ഗോളുകൾ നേടി 36 വർഷത്തിന് ശേഷം ആദ്യമായി അഭിമാനകരമായ ടൂർണമെന്റിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ഫ്രഞ്ച് സൂപ്പർ ഫോർവേഡ് കൈലിയൻ എംബാപ്പെയും ഹാട്രിക്ക് നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും അനിവാര്യമായ തോൽവി ഒഴിവാക്കാൻ സാധിച്ചില്ല. എക്സ്ട്രാ ടൈമിൽ എംബപ്പേ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കൊണ്ട് പോയത്.കിംഗ്‌സ്‌ലി കോമാനും ഔറേലിയൻ ചൗമേനിയും ഫ്രാൻസിനായി തുടർച്ചയായി പെനാൽറ്റികൾ നഷ്ടപ്പെടുത്തിയതോടെ അർജന്റീനയ്ക്ക് ലോകകപ്പ് ചരിത്ര വിജയം ലഭിച്ചു.

അതേസമയം ഫ്രഞ്ച് ഫുട്ബോൾ ആരാധകർ ഇപ്പോൾ കളിയിൽ മെസ്സിയുടെ ഫൈനൽ ഗോളിനെച്ചൊല്ലി വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. കളിക്കളത്തിൽ പകരക്കാരനായ കളിക്കാരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി അർജന്റീനയുടെ മൂന്നാം ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നത്.മെസ്സി ഗോൾ നേടുന്നതിന് മുമ്പ് തന്നെ രണ്ട് അർജന്റീനിയൻ പകരക്കാർ കളത്തിൽ പ്രവേശിച്ചതായി കാണിക്കുന്ന ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.നൂറ്റിയെട്ടാം മിനുട്ടിൽ ലൗറ്റാറോ മാർട്ടിനസിന്റെ ഷോട്ടിന്റെ റീബൗണ്ടിൽ നിന്നും ലയണൽ മെസി ഗോൾ നേടുമ്പോൾ അർജന്റീന ബെഞ്ചിലുള്ള രണ്ടു താരങ്ങൾ മൈതാനത്താണ് നിന്നിരുന്നത്.

പന്ത് ഗോൾവര കടക്കുന്നതിനു മുൻപ് തന്നെ ഈ താരങ്ങൾ മൈതാനത്ത് എത്തിയിരുന്നതിനാൽ ആ ഗോൾ അനുവദിക്കാൻ കഴിയുമായിരുന്നില്ലെന്നും എന്നാൽ വീഡിയോ റഫറി അത് പരിശോധിച്ചില്ലെന്നും പറയുന്നു.അതിനു പിറകേ വന്ന എംബാപ്പയുടെ ഹാട്രിക്ക് ഗോളും സംശയത്തിന്റെ നിഴലിലാണ്. എംബാപ്പയുടെ ഷോട്ട് തടുക്കാൻ ചെന്ന മോണ്ടിയാൽ കയ്യിൽ പന്ത് കൊണ്ടതിനു ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് ആ ഗോൾ പിറന്നത്. ഷോട്ട് എടുക്കുന്നതിനു മുൻപ് എംബാപ്പെക്ക് പന്ത് ലഭിച്ചത് ഒരു കോർണറിനു ശേഷമായിരുന്നു. കോർണർ ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഒരു ഫ്രാൻസ് താരത്തിന്റെ കയ്യിൽ കൊണ്ടതിനു ശേഷമാണ് എംബാപ്പെക്ക് പന്ത് ലഭിച്ചതെന്നും അതു വീഡിയോ റഫറി പരിശോധിച്ചില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. കയ്യിലാണോ തലയിലാണോ ആ പന്ത് കൊണ്ടതെന്ന് കൃത്യമായി മനസിലാകാത്ത തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇതിനൊപ്പമുള്ളതെങ്കിലും പലരും അത് കയ്യിലാണു കൊണ്ടതെന്നു തന്നെ വാദിക്കുന്നു.

മത്സരത്തിൽ 23-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മെസിയാണ് അർജന്റീനയുടെ സ്‌കോറിംഗ് തുറന്നത്. 38-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ അർജന്റീനയ്ക്കായി രണ്ടാം ഗോൾ നേടി തന്റെ ടീമിനെ ഫ്രാൻസിനെതിരെ 2-0ന് മുന്നിലെത്തിച്ചു. പകുതി സമയത്ത് അർജന്റീന 2-0ന് മുന്നിലായിരുന്നു. എന്നാൽ എംബാപ്പയുടെ ഇരട്ട ഗോളുകൾ മത്സരം അധിക സമയത്തേക്ക് പോകേണ്ടി വന്നു. അധികസമയത്ത് മെസ്സിയും എംബാപ്പെയും ഓരോ ഗോൾ വീതം അടിച്ച് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അർജന്റീന 4-2ന് വിജയിച്ചു.

ലോകകപ്പ് ഫൈനലിൽ ഇരട്ടഗോൾ നേടിയതോടെ മെസ്സി നിരവധി റെക്കോർഡുകളും തകർത്തു. ടൂർണമെന്റിന്റെ ചരിത്രത്തിൽ രണ്ട് ഗോൾഡൻ ബോൾ അവാർഡുകൾ നേടുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരനായി. 2014 ലോകകപ്പ് ഫൈനലിൽ ജർമ്മനിയോട് അർജന്റീന തോറ്റെങ്കിലും ടൂർണമെന്റിലെ കളിക്കാരനുള്ള പുരസ്‌കാരം മെസ്സി നേടിയിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ, ഏറ്റവും കൂടുതൽ മിനിറ്റ്, ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ എന്നിവ നേടിയ കളിക്കാരനായി മെസ്സി മാറി.

Rate this post