പിന്നിൽ നിന്നും തിരിച്ചടിച്ച് തകർപ്പൻ ജയവുമായി പിഎസ്ജി ; ഡി മരിയ മികവിൽ ലില്ലിയെ വീഴ്ത്തി

ഫ്രഞ്ച് ലീഗ് വണ്ണിൽ നിലവിലെ ജേതാക്കൾ ആയ ലില്ലിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു പാരീസ് സെന്റ് ജർമൻ. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ അടിച്ചു ആണ് പി.എസ്.ജി ജയം കണ്ടത്. സമനില ഗോളിന് വഴിയൊരുക്കുകയും വിജയ ഗോൾ സ്വന്തമാക്കുകയും ചെയ്ത അർജന്റീന താരം ഏഞ്ചൽ ഡി മരിയയാണ് പിഎസ്ജിയുടെ വിജയശിൽപ്പി.

എംബാപ്പെയുടെ അഭാവത്തിൽ സെന്റർ ഫോർവേഡായി ലയണൽ മെസിയും ഇടത് വിങ്ങിൽ നെയ്‌മറും വലത് വിങ്ങിൽ ഡി മരിയയും അണിനിരന്നെങ്കിലും ആദ്യ പകുതിയിൽ പിഎസ്ജിയുടെ ആക്രമണത്തിന് മൂർച്ച പോരായിരുന്നു. ആദ്യ പകുതിയിൽ തീർത്തും മോശമായി ആണ് പി.എസ്.ജി കളിച്ചത്. മറുപുറത്ത് ലില്ലി ആവട്ടെ തുടക്കത്തിൽ തന്നെ അവസരങ്ങൾ തുറന്നു. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇടയിൽ പറ്റിയ പരിക്കും ആയി കളിക്കാൻ ഇറങ്ങിയ ലയണൽ മെസ്സിക്ക് തീർത്തും നിരാശജനകമായ മത്സരം ആയിരുന്നു ഇത്. മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാതിരുന്ന പൂർണമായും ശാരീരിക ക്ഷമത കൈവരിക്കാത്ത മെസ്സിയെ ആദ്യ പകുതിയിൽ പോച്ചറ്റീന്യോ പിൻവലിച്ചു മാർകോ ഇക്കാർഡിയെ കൊണ്ടു വരുന്നതും കണ്ടു.

പാരിസ് ടീമിന്റെ പ്രതിരോധത്തിലെ വിള്ളൽ മുതലാക്കി മുന്നേറിയ ലീൽ, ജൊനാഥൻ ഡേവിഡിലൂടെ 30-ആം മിനിറ്റിൽ മുന്നിലെത്തി. യിൽമാസിന്റെ മികച്ച ഒരു പാസിൽ നിന്നാണ് ഗോൾ പിറന്നത്.രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിക്കുന്ന പി.എസ്.ജിയെ കണ്ടെങ്കിലും ആദ്യം അപകടകരമായ മുന്നേറ്റം കാഴ്ച വച്ചത് ലില്ലി തന്നെയായിരുന്നു.ഒടുവിൽ 73-ആം മിനിറ്റിൽ ഡി മരിയയുടെ ക്രോസിൽ നിന്ന് നായകൻ മാർക്കീഞ്ഞോസ് ആതിഥേയരെ ലീലിനൊപ്പം എത്തിച്ചു. കളി സമനിലയിൽ അവസാനിക്കുമെന്ന പ്രതീതി നിലനിൽക്കെ 87ആം മിനിറ്റിൽ ഡി മരിയ വീണ്ടും രക്ഷകനായി. സൂപ്പർ താരം നെയ്‌മറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു മരിയയുടെ വിജയ ഗോൾ.

അവസാന നിമിഷങ്ങളിൽ എതിരാളിയുടെ ഫൗളിൽ നിന്നു പരിക്കേറ്റു പിൻവലിക്കപ്പെട്ടു എങ്കിലും ജയം ഉറപ്പാക്കിയ ശേഷം മാത്രമാണ് ഡി മരിയ കളം വിട്ടത്. നിലവിലെ ലീഗ് വൺ ചാമ്പ്യൻമാരായ ലീലിനെതിരെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെങ്കിലും 10 പോയിന്റിന്റെ വ്യത്യാസവുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.നിലവിൽ ലീഗിൽ പി.എസ്.ജി ഒന്നാമതും ലില്ലി പത്താം സ്ഥാനത്തും ആണ്. അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ പിഎസ്ജി ജർമ്മൻ ക്ലബ് അർ ബി ലെയ്പ്സിഗിനെ നേരിടും.