എംബപ്പേ തിരിച്ചു വന്നു പിഎസ്ജിക്ക് വിജയവും

ഫ്രഞ്ച് സൂപ്പർ താരം എംബപ്പേ തിരിച്ചു വന്ന മത്സരത്തിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നീസിനെതീരെ പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മാഴ്സെക്കെതിരായുള്ള കളിയിൽ ചുവപ്പു കാർഡ് കിട്ടിയ സൂപ്പർ താരം നെയ്മറിന് വിലക്ക് കാരണം ഇന്ന് കളിയ്ക്കാൻ സാധിച്ചില്ല .എംബപ്പേ, ഇക്കാർഡി, മാർകിൻഹോസ്‌ എന്നിവരൊക്കെ കൊറോണ ഭേദമായി കളത്തിൽ തിരികെയെത്തിയ ദിവസമായിരുന്നു ഇന്ന്. ലീഗിലെ തുടർച്ചയായ രണ്ടാം ജയമാണ് പാരീസ് ക്ലബ് നേടുന്നത്.

പിഎസ്ജി ക്കായി എംബപ്പേ,ഡി മരിയ, മാർകിൻഹോസ്‌ എന്നിവർ ഗോളുകൾ നേടി.തുല്യ ശക്തികളുടെ പോരാട്ടം കണ്ടമത്സരത്തിൽ അവസരം മുതലാക്കുന്നതിൽ പിഎസ്ജി വിജയിച്ചപ്പോൾ നീസിൽ ഫിനിഷിങ്ങിന്റെ അഭാവം മുഴച്ചു നിന്നു. കളിയുടെ 38ആം മിനുട്ടിൽ എംബാപ്പയിലൂടെ പി എസ് ജി ആദ്യ ഗോൾ നേടി പെനാൾട്ടിയിൽ നിന്നായിരുന്നു എംബാപ്പയുടെ സീസണിലെ ആദ്യ ഗോൾ പിറന്നത് . പിന്നാലെ ആദ്യ പകുതി അവസാനിക്കും മുമ്പ് ഡി മരിയ പി എസ് ജിയുടെ രണ്ടാം ഗോളും നേടി.രണ്ടാം പകുതിയിൽ മാർക്കിനോസിന്റെ ഗോളാണ് പി എസ് ജിയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ പി എസ് ജിക്ക് ആറു പോയിന്റാണ് ഉള്ളത്. ലീഗിൽ എട്ടാം സ്ഥാനത്താണ് പി എസ് ജി ഇപ്പോൾ ഉള്ളത്.

ഫ്രഞ്ച് ലീഗിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ മോണോക്കോയെ റെന്നെസ് പരാജയപ്പെടുത്തി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റെന്നെസിന്റെ വിജയം. 4 മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി റെന്നെസാണ് ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത്.