❝യൂറോ കപ്പിനുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കി ഇംഗ്ലണ്ടും ,ഹോളണ്ടും ,ബെൽജിയവും❞

യൂറോ കപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തിൽ ബെൽജിയത്തിനു ജയം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയെ പരാജയപ്പെടുത്തി. ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുകാകുവാണ് ബെൽജിയത്തിന്റെ ഗോൾ നേടിയത്. തന്റെ 60-ാമത് അന്താരാഷ്ട്ര ഗോളിലൂടെ ലോകത്തെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി തന്റെ പദവി അടിവരയിട്ടു.38 ആം മിനുട്ടിലാണ് ലുകാകു ബെൽജിയത്തിന്റെ വിജയ ഗോൾ നേടിയത്. ഇന്നലത്തെ മികച്ച വിജയത്തോടെ തികഞ്ഞ ആത്മവിശ്വാസത്തോടെ യൂറോ ആരംഭിക്കാൻ ബെൽജിയത്തിനാവും. ആദ്യ പകുതിയിൽ ലുകാകുവിന്റെ ഗോളെന്നുറച്ച ഷോട്ട് ക്രോസ്സ് ബാറിൽ അടിച്ചു മടങ്ങി. രണ്ടാം പകുതിയിൽ കാരാസ്കോക്കും ലുകാകുവിനും ലീഡ് ഉയർത്താൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.2019 നവംബർ നു ശേഷം ഹസാർഡ് ആദ്യമായി ബെൽജിയൻ ജെറീസിയിൽ ഇറങ്ങി.ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യക്കെതിരായാണ് ബെൽജിയത്തിന്റെ യൂറോ കപ്പിലെ ആദ്യ മത്സരം.

യൂറോ കപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി നടന്ന അവസാന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. റൊമേനിയയെ നേരിട്ട ഇംഗ്ലണ്ട് ഏക ഗോളിനാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രിയയോടും ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ മാർക്കസ് റാഷ്ഫോർഡ് ആണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടിയത്. എല്ലാ താരങ്ങൾക്കും യൂറോ കപ്പിന് മുന്നെ അവസരം നൽകാനായി ഒരുപാട് മാറ്റങ്ങൾ സൗത്ഗേറ്റ് ഇന്ന് നടത്തിയിരുന്നു.രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ ഗ്രീലിഷിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ആണ് റാഷ്ഫോർഡ് ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാമതൊരു പെനാൾട്ടി കൂടെ ഇംഗ്ലണ്ടിന് ലഭിച്ചിരുന്നു. എന്നാൽ പെനാൾട്ടി എടുത്ത ഹെൻഡേഴ്സണ് പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇനി ജൂൺ 13ന് യൂറോ കപ്പിൽ ക്രൊയേഷ്യക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.


യൂറോ കപ്പിനായുള്ള ഒരുക്കങ്ങൾ വിജയത്തോടെ അവസാനിപ്പിച്ച് ഹോളണ്ട്. ഇന്നലെ ജോർജിയയെ നേരിട്ട ഫ്രാങ്ക് ഡി ബോറിന്റെ ടീം എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്‌. തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഹോളണ്ട് പത്താം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഒരു പെനാൾട്ടിയിൽ നിന്ന് ഡിപായ് ആണ് ഹോളണ്ടിന് ലീഡ് നൽകിയത്. കഴിഞ്ഞ മത്സരത്തിൽ ഡിപായ് ഇരട്ട ഗോളുകളും നേടിയിരുന്നു.രണ്ടാം പകുതിയിലാണ് ഹോളണ്ടിന്റെ ബാക്കി രണ്ടു ഗോളുകൾ വന്നത്. വോൾവ്സ്ബർഗ് താരം വെഗോസ്റ്റാണ് 55ആം മിനുട്ടിൽ രണ്ടാം ഗോൾ നേടിയത്. പിന്നാലെ 19കാരൻ ഗ്രേവ്ബെഞ്ച് 72ആം മിനുട്ടിൽ ഗോൾ പട്ടിക പൂർത്തിയാക്കി. ഇനി യൂറോ കപ്പിൽ ഉക്രൈന് എതിരെയാണ് ഹോളണ്ടിന്റെ മത്സരം.

മറ്റു മത്സരങ്ങളിൽ ഡെൻമാർക്ക്‌ ബോസ്നിയയെ എതിരില്ലത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. സ്കോട്ലൻഡ് എതിരില്ലാതെ ഒരു ഗോളിന് ലക്സംബർഗിനെയും, ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗ്രീസ് നോർവെയെ പരാജയപ്പെടുത്തി. ഓസ്ട്രിയ സ്ലോവാക്യ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.