❝ഹെൽമറ്റ് കൊണ്ടൊരു ഫോർ,സ്റ്റേഡിയം എല്ലാം ഞെട്ടി തരിച്ച നിമിഷം❞

വിശാഖപട്ടണത്ത് നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മൂന്നാം മത്സരത്തിലും ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ, ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഇഷാൻ കിഷന്റെയും അർധ സെഞ്ച്വറികളുടെ പിൻബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി.എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിനാഫ്രിക്കക്ക് 131 റൺസ് നേടാൻ മാത്രം സാധിച്ചുള്ളു.

കഴിഞ്ഞ രണ്ട് കളികളിലും ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ഋതുരാജ് ഗെയ്ക്വാദ്, മത്സരത്തിൽ തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയെ ആക്രമിച്ചു കളിക്കുകയായിരുന്നു. കാഗിസോ റബാദ എറിഞ്ഞ ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ ഗെയ്ക്വാദ് ഒന്ന് പതുങ്ങിയെങ്കിലും, റബാദയുടെ തൊട്ടടുത്ത ഓവറിൽ, ഒരു ഫോറും ഒരു സിക്സും നേടിയാണ് ഗെയ്ക്വാദ് തന്റെ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ടത്.

ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ആൻറിച്ച് നോർട്ജെ എറിഞ്ഞ അഞ്ചാം ഓവറിൽ അഞ്ച് തവണയാണ് ഗെയ്ക്വാദ് ബോൾ ബൗണ്ടറി ലൈൻ കടത്തിയത്. അതിൽ, നാല് ബൗണ്ടറികൾ ബാറ്റ്‌ കൊണ്ട് നേടിയപ്പോൾ, ഒരു ബൗണ്ടറി തന്റെ ഹെൽമെറ്റ്‌ കൊണ്ടാണ് ഗെയ്ക്വാദ് കണ്ടെത്തിയത്. നോർട്ജെയുടെ ഷോട്ട് ബോൾ ഗെയ്ക്വാദിന്റെ ഹെൽമെറ്റിൽ തട്ടി തേർഡ് മാനിലൂടെ ബൗണ്ടറി ലൈൻ മറികടക്കുകയായിരുന്നു.

35 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ 57 റൺസാണ് ഗെയ്ക്വാദ് നേടിയത്. മത്സരത്തിൽ, മറ്റൊരു ഓപ്പണറായ ഇഷാൻ കിഷൻ 35 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പടെ 54 റൺസ് നേടി. 10 ഓവറിൽ ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 97 റൺസ് കെട്ടിപ്പടുത്തു. സ്പിന്നർ കേശവ് മഹാരാജാണ് ഗെയ്ക്വാദിനെ സ്വന്തം ബോളിൽ ക്യാച്ച് എടുത്ത് ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത്.