❝യൂറോ കപ്പിന് ശേഷം ഫുട്ബോൾ അവസാനിപ്പിക്കാനൊരുങ്ങി ഗാരേത് ബെയ്ൽ ; ഇനി പുതിയ റോളിൽ ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗ്‌ ക്ലബ് ടോട്ടൻഹാമിൽ ലോണിൽ കളിക്കുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ൽ കളി അവസാനിപ്പിക്കാനൊരുങ്ങുന്നു എന്ന റിപോർട്ടുകൾ പുറത്തു വന്നു. 31 കാരനായ വെൽഷ് താരം അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുമെന്ന സൂചനകൾ തന്നിരുന്നു.എന്നാൽ ബെയ്ൽ ടോട്ടൻഹാമുമായി വായ്പാ വിപുലീകരണ ചർച്ചകൾ നടത്തുന്നതായി അഭ്യൂഹങ്ങൾക്കിടയിൽ വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരം എം‌എൽ‌എസിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

എന്നാൽ സ്പെയിനിൽ നിന്നുള്ള റിപോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന യൂറോ കപ്പിന് ശേഷം താരം കളി നിർത്താനൊരുങ്ങുന്നു.ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ ബെയ്‌ലിന്റെ അവസാന ടൂര്ണമെന്റാവും യൂറോ കപ്പ്. യൂറോകപ്പിനായി തയ്യാറെടുക്കുന്ന ബെയ്ൽ അതിനു ശേഷം ഫുട്ബോളിൽ നിന്നും വിടപറയാനുള്ള ഒരുക്കത്തിലാണ്. ഫുട്ബോൾ കഴിഞ്ഞാൽ റയൽ മാഡ്രിഡ് സ്‌ട്രൈക്കർക്ക് ഏറ്റവും അഭിനിവേശമുള്ള കായിക ഇനമാണ് ഗോൾഫ്.

ഫുട്‌ബോളിൽ നിന്ന് വിരമിച്ച ശേഷം അത് പ്രൊഫഷണലായി ഏറ്റെടുടുക്കാൻ ഒരുങ്ങുകയാണ് താരം. ഇതിനെ കുറിച്ചുള്ള അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവാദങ്ങൾ ഉണ്ടാവാതിരിക്കാൻ യൂറോയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പങ്കിടാൻ സാധ്യതയുള്ളൂ. നിലവിൽ ദേശീയ ടീമിനൊപ്പം യൂറോ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ബെയ്ൽ. ഇറ്റലി ,തുർക്കി ,സ്വിറ്റ്സർലൻഡ്‌ ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് വെയ്ൽസിന്റെ സ്ഥാനം.ജൂൺ 12 ന് സ്വിറ്റ്സർലൻഡിനെതിരായാണ് ആദ്യ മത്സരം.

ഈ സീസണിൽ പ്രീമിയർ ലീഗിൽ വെറും 920 മിനിറ്റ് മാത്രമാണ് റയൽ മാഡ്രിഡ് താരം കളിച്ചത്.എന്നാൽ ടോട്ടൻഹാമിന്‌ വേണ്ടി 11 ഗോളുകളും നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ നിന്നും എത്തിയതിനു ശേഷം കൂടുതൽ സമയവും ബെഞ്ചിലാണ് താരം ചിലവഴിച്ചത്. പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ രണ്ടു ഗോൾ നേടി ടോട്ടൻഹാമിന്‌ കോൺഫറൻസ് ലീഗിലേക്ക് യോഗ്യത നേടികൊടുത്തിരുന്നു. അടുത്ത സീസണോടെ റയൽ മാഡ്രിഡുമായി കരാർ അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്ന ബെയ്ൽ തന്റെ വേതനമായ 15 മില്യൺ പൗണ്ടിന്റെ പകുതി ലഭിച്ചാൽ കരാർ അവസാനിപ്പിക്കും