ഒമാനെതിരെ നിരാശപ്പെടുത്തുന്ന വിജയവുമായി ജർമ്മനി : പിന്നിൽ നിന്നും തിരിച്ചു വന്ന് ജയം നേടി ഇറ്റലി

സ്‌ട്രൈക്കർ നിക്ലാസ് ഫുൾക്രഗിന്റെ 80ആം മിനുട്ടിലെ ഗോളിൽ ഒമാനെ കീഴടക്കി ജർമ്മനി.ഖത്തർ ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹ സൗഹൃദ മത്സരത്തിൽ ഹാൻസി ഫ്ലിക്കിന്റെ ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ 10 ഗോളുകളുമായി ഈ സീസണിൽ ബുണ്ടസ്‌ലിഗയിൽ ഏറ്റവുമധികം സ്‌കോർ ചെയ്‌ത ജർമ്മൻ കളിക്കാരനായ സബ്സ്റ്റിറ്റ്യൂട്ട് ഫുൾക്രഗ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ ടീമിനായി ചെയ്തു.

2014 ലെ ചാമ്പ്യന്മാരെ 80 മിനുട്ട് വരെ ഗോളടിക്കാതെ പിടിച്ചു നിർത്തിയ ഒമാൻ ടീം കയ്യടി അർഹിക്കുന്നുണ്ട്. മത്സരം സമനിലയിലേക്ക് പോവുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ജീർണായ വിജയ ഗോൾ നേടിയത്.1954-ൽ ഉവെ സീലറിന് ശേഷം ജർമ്മനിയുടെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി യൂസൗഫ മൗക്കോക്കോ മാറുകയും ചെയ്തു.ആദ്യ പകുതിയിൽ 17 കാരന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു;പരിക്കുമൂലം തുടരാൻ കഴിയാതെ 34 മിനിറ്റിനുശേഷം മൈതാനം വിട്ട ആർബി ലെപ്സിഗ് ഡിഫൻഡർ ലൂക്കാസ് ക്ലോസ്റ്റർമാന്റെ ഫിറ്റ്നസിൽ ഫ്ലിക്ക് ആശങ്ക അറിയിക്കുകയും ചെയ്തു.നവംബർ 23 ന് ജപ്പാനെതിരെയുള്ള മത്സരത്തോടെയാണ് ജർമ്മനി അവരുടെ ലോകകപ്പ് കാമ്പെയ്‌ൻ ആരംഭിക്കുന്നത്.

അൽബേനിയക്കെതിരായ സൗഹൃദ മത്സരത്തിൽ ഇറ്റലിക്ക് വിജയം. എയർ അൽബേനിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറ്റലി 1-3ന് ജയിച്ചു. ഇറ്റലിക്കായി ഫോർവേഡ് വിൻസെൻസോ ഗ്രിഫോ ഇരട്ട ഗോളുകൾ നേടി. മത്സരത്തിൽ ഇറ്റലി കൂടുതൽ പൊസഷൻ നിലനിർത്തിയെങ്കിലും അൽബേനിയ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിട്ടു. എന്നാൽ കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ഇറ്റലിക്ക് കഴിഞ്ഞു. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ അർഡിയൻ ഇസ്മാജ്‌ലിയിലൂടെ അൽബേനിയയാണ് ആദ്യം ലീഡ് നേടിയത്. ബജ്‌റാമിയുടെ അസിസ്റ്റിലാണ് ഇസ്മാജ്‌ലി ഗോൾ നേടിയത്. ബജ്‌റാമിയുടെ ഫ്രീകിക്ക് മനോഹരമായ ഹെഡറിലൂടെ അർഡിയൻ ഇസ്മാജ്‌ലി വലയിലെത്തിച്ചു. എന്നിരുന്നാലും, അൽബേനിയയുടെ സന്തോഷം നാല് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.

കളിയുടെ 20-ാം മിനിറ്റിൽ മിഡ്ഫീൽഡർ ജിയോവാനി ഡി ലോറെൻസോ ഇറ്റലിക്ക് സമനില നേടിക്കൊടുത്തു.ഇടത് വിംഗിൽ നിന്ന് ഗ്രിഫോ നൽകിയ ക്രോസിൽ നിന്ന് ഒരു ടച്ച് ഫിനിഷിലാണ് ഡി ലോറെൻസോ ഗോൾ നേടിയത്. അഞ്ച് മിനിറ്റിനുള്ളിൽ ഇറ്റലി ലീഡ് നേടി. എതിരാളിയുടെ കാലിൽ നിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ച റാസ്പദോരി ഗ്രിഫോയ്ക്ക് ഒരു കട്ട്ബാക്ക് പാസ് നൽകി. പാസ് സ്വീകരിച്ച വിൻസെൻസോ ഗ്രിഫോ മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇറ്റലി 1-2ന്റെ ലീഡ് നിലനിർത്തി.കളിയുടെ 64-ാം മിനിറ്റിൽ വിൻസെൻസോ ഗ്രിഫോയാണ് ഇറ്റലിക്കായി ഗോൾ നേടിയത്. ലോംഗ് റേഞ്ച് ഷോട്ടിലൂടെയാണ് ഗ്രിഫോ അൽബേനിയ ഗോൾകീപ്പറെ കീഴടക്കിയത്. മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഗ്രിഫോ നേടി.

മറ്റൊരു മത്സരത്തിൽ മെക്സിക്കോയെ 2-1ന് പരാജയപ്പെടുത്തി സ്വീഡൻ.ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട സ്വീഡൻ 54-ാം മിനിറ്റിൽ ലീഡ് നേടി.സ്വാൻബെർഗ് നിരവധി എതിരാളികളെ ഡ്രിബിൾ ചെയ്ത് ഇടത്തുനിന്ന് കൊടുത്ത ക്രോസിൽ നിന്നും മിഡ്ഫീൽഡർ മാർക്കസ് റോഡനാണ് ഗോൾ നേടിയത്.അഞ്ച് മിനിറ്റിനുശേഷം മെക്‌സിക്കോ വിംഗർ അലക്‌സിസ് വേഗ സമനില പിടിച്ചു.84-ാം മിനിറ്റിൽ സ്വാൻബെർഗ് സ്വീഡന്റെ ലീഡ് പുനഃസ്ഥാപിച്ചു.മെക്സിക്കോയുടെ സ്ട്രൈക്കർ റൗൾ ജിമെനെസ് രണ്ടാം പകുതിയിൽ ഇറങ്ങി, മൂന്ന് മാസത്തിലേറെയായി അരക്കെട്ടിനേറ്റ പരിക്കിനെത്തുടർന്ന് താരം പുറത്തായിരുന്നു.

Rate this post