“പ്രണയം വിരിയിച്ചു കാണികൾ, മത്സരത്തിനിടയിൽ നാടകീയ കാഴ്ചകൾ : കാണാം വൈറൽ വീഡിയോ”|ഐപിഎൽ 2022

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചർ ബാംഗ്ലൂർ – ചെന്നൈ സൂപ്പർ കിംഗ്‌സ്‌ മത്സരം ആവേശകരമായ ഒന്നായി മാറി. വാശിയേറിയ മത്സരത്തിൽ 13 റൺസിന് ആർസിബി ജയം സ്വന്തമാക്കി. എന്നാൽ, മൈതാനത്തെ ഏറ്റുമുട്ടൽ എല്ലാവരേയും മുൾമുനയിൽ നിർത്തിയപ്പോൾ, ഒരു ഓഫ് ഫീൽഡ് കാഴ്ചയും തലക്കെട്ടുകളിൽ ഇടം നേടി.

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ റൺ-ചേസിനിടെ, ഒരു പെൺകുട്ടി തന്റെ കാമുകനോട് സ്റ്റാൻഡിൽ വിവാഹാഭ്യർത്ഥന നടത്തുന്നതായി കണ്ടു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ ആരാധകനായിരുന്ന യുവാവ് ആർ‌സി‌ബി ജേഴ്‌സി ധരിച്ചിരുന്നു. ആർസിബിയോടുള്ള ഇഷ്ടം സൂചിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള ടോപ്പായിരുന്നു യുവതി ധരിച്ചിരുന്നത്. പെൺകുട്ടി മുട്ടുകുത്തി നിന്ന് മോതിരം ഊരിയെടുക്കുന്നതും യുവാവിനോട് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതും ടിവി സ്‌ക്രീനിൽ കാണാമായിരുന്നു.

മുഖത്ത് വിശാലമായ പുഞ്ചിരി ഉണ്ടായിരുന്നതിനാൽ ആ പെൺകുട്ടിയുടെ അഭ്യർത്ഥന ആ വ്യക്തിയെ അത്ഭുതപ്പെടുത്തിയെങ്കിലും, അഭ്യർത്ഥന അയാൾ സ്വീകരിച്ചതായി മനസ്സിലാക്കാം. പെൺകുട്ടി, അതിനുശേഷം, സന്തോഷത്തോടെ തന്റെ പ്രിയപ്പെട്ടവന്റെ വിരലിൽ മോതിരം അണിഞ്ഞു. ക്യാമറ കണ്ണുകൾ പകർത്തിയ ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

മത്സരത്തിലേക്ക് വന്നാൽ, ആദ്യം ബാറ്റ് ചെയ്ത ആർസിബി, മഹിപൽ ലോംറർ (42), ക്യാപ്റ്റൻ ഡ്യൂപ്ലിസിസ് (38), വിരാട് കോഹ്‌ലി (30) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് കണ്ടെത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ സിഎസ്കെക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാനെ സാധിച്ചുള്ളൂ. സിഎസ്കെ നിരയിൽ ഡിവോൺ കോൺവെ (56) അർദ്ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങി.