അവസരം കൊടുക്കു ,സഞ്ജു സാംസണും ഇത്തരം മികച്ച ഇന്നിംഗ്സുകൾ കളിക്കാൻ ആകും |Sanju Samson

ബംഗ്ലാദേശിനെതിരായ അവസാന ഏകദിന മത്സരത്തിൽ ഡബിൾ സെഞ്ച്വറി പ്രകടനവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ തിളങ്ങിയിരുന്നു. 227 റൺസിന്റെ വമ്പൻ വിജയം ഇന്ത്യ സ്വന്തമാക്കിയ മത്സരത്തിൽ, 210 റൺസ് ആണ് ഇഷാൻ കിഷൻ സ്കോർ ചെയ്തത്. 131 പന്തിൽ 24 ഫോറും 10 സിക്സും സഹിതം 160.31 സ്ട്രൈക്ക് റേറ്റോടെയാണ് ഇഷാൻ കിഷൻ 210 റൺസ് സ്കോർ ചെയ്തത്. എന്നാൽ, ഇഷാൻ കിഷനെ പോലെ തന്നെ സഞ്ജു സാംസണും ഇത്തരം മികച്ച ഇന്നിംഗ്സുകൾ കളിക്കാൻ ആകും എന്ന് പറഞ്ഞിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ.

ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പരിക്കേറ്റതിനാലാണ്, ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇഷാൻ കിഷന് ഓപ്പണറുടെ റോളിൽ അവസരം നൽകിയത്. ലഭിച്ച അവസരം അദ്ദേഹം മുതലെടുക്കുകയും ചെയ്തു. എന്നാൽ, ഇഷാൻ കിഷനെ പോലുള്ള പ്രതിഭകൾക്ക് അവസരം ലഭിക്കാൻ രോഹിത്തിനെ പോലുള്ള സീനിയർ താരങ്ങൾക്ക് പരിക്ക് പറ്റേണ്ടി വരണം എന്ന സാഹചര്യം ഇന്ത്യൻ ടീമിന് ഭാവിയിൽ ഗുണകരമാകില്ല എന്ന് പറഞ്ഞിരിക്കുകയാണ് ഡാനിഷ് കനേരിയ.

“ഇഷാൻ കിഷൻ വളരെ മനോഹരമായ ഒരു ഇന്നിംഗ്സ് ആണ് കളിച്ചത്. അവൻ പ്രതിഭാദനനായ ഒരു ക്രിക്കറ്റർ ആണ്. എന്നാൽ അവന് ഒരു അവസരം ലഭിക്കുന്നതിനായി, രോഹിത് ശർമക്ക് പരിക്ക് പറ്റേണ്ടിവന്നു. ഒരുപക്ഷേ അന്ന് രോഹിത്തിന് പരിക്ക് പറ്റിയില്ലായിരുന്നുവെങ്കിൽ, ഫോമിൽ അല്ലാത്ത രോഹിത്തും ശിഖർ ധവാനും ഒരുമിച്ച് ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് തന്നെയാകും നമ്മൾ കാണുക. ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിക്ക് ദോഷകരമായ ഒരു അവസ്ഥയാണ്,” ഡാനിഷ് കനേരിയ പറയുന്നു.

“നമ്മൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കാണാൻ ആഗ്രഹിക്കുന്ന മറ്റൊരു കളിക്കാരനാണ് വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. അവന് അവസരങ്ങൾ നൽകിയാൽ തീർച്ചയായും ഇഷാൻ കിഷൻ കളിച്ചതുപോലുള്ള മനോഹരമായ ഇന്നിംഗ്സുകൾ അവനിൽ നിന്നും പിറക്കും. അതിന് അവന് കൂടുതൽ അവസരങ്ങൾ നൽകേണ്ടിയിരിക്കുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ എല്ലാം സഞ്ജു ഡബിൾ സെഞ്ചുറി നേടിയിട്ടുണ്ട്,” ഡാനിഷ് കനേരിയ പറഞ്ഞു. എന്തുതന്നെയായാലും, മുൻ പാക്കിസ്ഥാൻ താരം സഞ്ജുവിന്റെ കാര്യത്തിൽ കാണിക്കുന്ന ആവേശം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇല്ല എന്നതാണ് വസ്തുത.

Rate this post