ഉറുഗ്വേ ക്യാപ്റ്റൻ ഇന്റർ മിലാൻ വിട്ട് കാഗ്ലിയാരിയിൽ

ഉറുഗ്വേ ക്യാപ്റ്റനും സെൻട്രൽ ഡിഫെൻഡറുമായ ഡീഗോ ഗോഡിൻ ഒരു സീസണിനുശേഷം ഇന്റർ മിലാൻ വിട്ട് കാഗ്ലിയാരിയിൽ ചേർന്നതായി ക്ലബ് വ്യാഴാഴ്ച അറിയിച്ചു.ഉറുഗ്വേ ദേശീയ ടീമിനായി 135 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ 34 കാരൻ മൂന്ന് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. ഗോഡിന്റെ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.മുൻ അത്ലറ്റികോ മാഡ്രിഡ് ഇതിഹാസം മൂന്നുവർഷത്തെ കരാർ ഒപ്പിട്ടതായി കാഗ്ലിയാരി പ്രസ്താവനയിൽ പറഞ്ഞു.

സ്പാനിഷ് ക്ലബ് അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ ഒൻപത് സീസണുകൾ ചെലവഴിച്ച ഗോഡിൻ , ഡീഗോ സിമിയോണി പരിശീലകനായപ്പോൾ ടീമിന്റെ നട്ടെല്ലായിരുന്നു ഈ ഡിഫൻഡർ , സിമിയോണിയുടെ മകൻ ജിയോവാനി കാഗ്ലിയാരിയുടെ സെന്റർ ഫോർവേഡായി കളിക്കുന്നു. 300ൽ അധികം മത്സരങ്ങൾ അത്ലറ്റിക്കോ ജേഴ്സിയിൽ കളിച്ച താരമാണ് ഗോഡിൻ. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു ലാലിഗ കിരീടം, രണ്ട് യൂറോപ്പ ലീഗ് കിരീടം ഒരു കോപ ഡെൽ റേ എന്നിവയും ഗോഡിൻ നേടിയിട്ടുണ്ട്. ഒപ്പം രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡ് എത്തിയപ്പോഴും ഗോഡിൻ ടീമിലെ പ്രധാന താരമായി ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ സീരി എയിൽ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ റെക്കോർഡുമായി ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്റർ ഡിഫൻസിനു വേണ്ടി ഗോഡിൻ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.1970 ൽ ഏക സീരി എ കിരീടം നേടിയ കാഗ്ലിയാരി, കഴിഞ്ഞ സീസണിൽ 14 ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.