❝ഗോകുലം കേരള വീണ്ടും ഇന്ത്യൻ ഫുട്ബോളിന്റെ ശ്രദ്ധകേന്ദ്രമാവുമ്പോൾ❞| Gokulam Kerala

ഇന്ത്യൻ ഫുട്ബോളിലെ വിസ്മയമായി മാറുകയാണ് ഗോകുലം കേരള. അഞ്ച് വർഷത്തിനിടെ അഞ്ച് കിരീടമാണ് ഗോകുലം സ്വന്തമാക്കിയത്. ഒപ്പം ഐ ലീഗില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഗോകുലത്തിന് മാത്രം അവകാശപ്പെട്ടതാണ്.ഐ ലീഗ് സീസണിൽ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ഗോകുലം പരാജയപ്പെട്ടത്. തോൽവി അറിയാത്ത 21 മത്സരങ്ങളുടെ റെക്കോർഡും സ്വന്തമാക്കി.

ഇപ്പോഴിതാ എഎഫ്‌സി കപ്പ് ലീഗിലെ ഓപ്പണിംഗ് മത്സരത്തിൽ ഗോകുലം ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാനെ തകർത്തെറിഞ്ഞ് ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗോകുലത്തിന്റെ ഇന്നത്തെ വിജയം എന്ത്കൊണ്ടും വളരെ പ്രാധാന്യമർഹിക്കുന്നതാണ്.എടികെ മോഹൻ ബഗാന്റെ ഒരു കളിക്കാരന്റെ ബജറ്റിന് ഞാനടക്കം ഞങ്ങളുടെ 20 കളിക്കാരെ വാങ്ങാനാകും എന്ന് ഗോകുലം കേരള കോച്ച് വിൻസെന്റോ ആൽബർട്ടോ ആനിസ് ഇന്നത്തെ മത്സരത്തിന് മുന്നിൽ പറഞ്ഞിരുന്നു. അത്രയും ശക്തമായ നിരക്കതിരെ ആയിരുന്നു ഗോകുലത്തിന്റെ ജയം.

കടലാസ്സിൽ ശക്തരാണെങ്കിലും എടികെ ക്ക് ഒരു പഴുതും നൽകാതെയാണ് ഗോകുലം ഇന്ന് വിജയം നേടിയെടുത്തത്. 30000 തിലധികം വരുന്ന ബഗാൻ ആരാധകരുടെ മുന്നിൽ വെച്ചാണ് ഗോകുലം ജയം നേടിയെടുത്തത്. സാഹചര്യങ്ങുമായി എളുപ്പം പൊരുത്തപ്പെടുന്ന ഗോകുലത്തിനു ഐ ലീഗിന്റെ തുടർച്ച എന്ന പോലെയായിരുന്നു ഇന്നത്തെ മത്സരം. മുന്നേറ്റ നിരയിൽ ലൂക്ക് മജ്സന്‍-ജോര്‍ഡാന്‍ ഫ്ളച്ചര്‍ സഖ്യം മികച്ച ഒത്തിണക്കം കാണിക്കുകയും സ്ലോവേനിയൻ സ്‌ട്രൈക്കർ ഐ ലീഗിലെ ഗോൾ സ്കോറിങ് ഫോം ഏഷ്യൻ കപ്പിൽ തുടരുകയും ചെയ്തു.ഐ ലീഗിലെ മികച്ച പ്രതിരോധനിരക്കാരനായ അമിനോ ബൗബ മികച്ച നിലവാരം പുലർത്തുകയും ചെയ്തു.റിഷാദും ഷെരീഫും എമിൽ ബെന്നിയും മിഡ്ഫീൽഡിൽ തങ്ങളുടെ ജോലി ബാങ്ങിയയായി നിർവഹിക്കുകയും ചെയ്തു.പരിശീലകന്‍ വിസെന്‍സോ അന്നീസെ ഒരുക്കിയ തന്ത്രങ്ങൾ കളിക്കാർ മനോഹരമായി നടപ്പിലാക്കുകയും ചെയ്തു.

നേരത്തെ ഗോകുലം കേരളയുടെ വനിതാ ടീമും ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ തലത്തിൽ കളിച്ചിരുന്നു. പുരുഷ ടീമും വനിതാ ടീമും ഏഷ്യൻ തലത്തിൽ കളിക്കുന്ന ആദ്യ ടീമായി ഇതോടെ ഗോകുലം കേരള മാറിയിരിക്കുകയാണ് .എ എഫ് സിയുടെ വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആയിരുന്നു ഗോകുലം വനിതകൾ കളിച്ചിരുന്നത്. ഗോകുലം ആ ടൂർണമെന്റിൽ ഒരു വിജയം നേടുകയും മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു.ഐ ലീഗിൽ കഴിഞ്ഞ തവണ ചാമ്പ്യൻസ് ആയത് കൊണ്ടാണ് ഗോകുലം കേരള ഇത്തവണ എ എഫ് സി കപ്പിന് യോഗ്യത നേടിയത്.

2017 ൽ രൂപീകരിച്ചത് മുതൽ പടി പടിയായ വളർച്ചയിലൂടെയാണ് ഗോകുലം തങ്ങളുടെ നേട്ടം കൈവരിച്ചത്. ടീമിന് മുഴുവൻ പിന്തുണയായി എത്തുന്ന ക്ലബ് മാനേജ്‌മന്റ് തന്നെയാണ് ഗോകുലത്തിന്റെ ശക്തി. 2017 -18 സീസണിലാണ് ഗോകുലം ആദ്യമായി ഐ ലീഗിൽ പന്ത് തട്ടുന്നത്. ആദ്യ സീസണിൽ ഏഴാം സ്ഥാനത്തെത്തിയ അവർ രണ്ടാം സീസണിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമെല്ലാം വീഴ്ത്തി അട്ടിമറീ വീരന്മാരായി. സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഐ.എസ്.എല്‍ ടീമുകളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെയും ബംഗളൂരു എഫ്.സിയെയുമെല്ലാം വിറപ്പിച്ചു. പോയ സീസണില്‍ ഡ്യൂറാന്‍ഡ് കപ്പില്‍ മുത്തമിട്ട് ചരിത്രമെഴുതി.

ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ശക്തിയായി കേരളത്തെ കണക്കാക്കപ്പെട്ടിട്ടും 30 വർഷങ്ങൾക്ക് മുമ്പ് കേരള പോലീസ് നേടിയ ഫെഡറേഷൻ കപ്പായിരുന്നു എ എഫ് സിയുടെ അംഗീകാരമുള്ള ഒരു ദേശീയ ടൂർണമെന്റിലെ കേരള ടീമിന്റെ അവസാന ട്രോഫി.നാഷണൽ ലീഗും ഐ ലീഗും ഐ എസ് എല്ലും ഒക്കെ വന്നിട്ടും കിരീടം കേരളത്തിലേക്ക് വന്നില്ല. അഞ്ചു വർഷങ്ങളിലായി 5 വലിയ കിരീടങ്ങളും ഗോകുലം കേരള നേടി. ആദ്യം കേരള പ്രീമിയർ ലീഗ്, പിന്നെ ഡ്യൂറണ്ട് കപ്പ് നേടുന്ന ആദ്യ കേരള ക്ലബായി, പിന്നീട് തുടർച്ചയായ രണ്ടു ഐ ലീഗ് കിരീടങ്ങളും മലബാറിയൻസ് നേടി.

13 മലയാളി താരങ്ങളാണ് സീസണിൽ ഗോകുലത്തിനു വേണ്ടി കളിച്ചത്. ഒരു പക്ഷേ ഒരു സീസണിൽ ഏറ്റവും കൂടുതൽ. ഏറ്റവും മികച്ച കളിക്കാരെയാണ് ഞാൻ ആദ്യ ഇലവനിലും റിസർവ് നിരയിലുമായി ഇറക്കാറുള്ളത്. അതിലേക്കു സ്ഥിരമായി തിരഞ്ഞെടുക്കപ്പെടുന്നു എന്നതു തന്നെ അവരുടെ മികവിനു തെളിവാണ്.അടുത്ത സീസൺ മുതൽ ഐ ലീഗിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ വരുമ്പോൾ ആദ്യമെത്തുന്ന ടീം മലയാള തനിമയുള്ള ഗോകുലം ത്തന്നെയാവും.