❝ആദ്യ 💪🏆ഐ ലീഗ് കിരീടം മലയാള 😍👏
മണ്ണിലെത്തിച്ച് ✍️⚽ചരിത്രം സൃഷ്ടിച്ച്
ഗോകുലം 🧡💛 കേരള മലയാളക്കരയുടെ ⚽👌അഭിമാനം ❞

കേരള ഫുട്ബോൾ ചരിത്രത്തിൽ പുതു ചരിത്രമെഴുതി ഗോകുലം കേരള. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബ്ബായി മാറി കേരളത്തിന്റെ ചുണ കുട്ടികൾ. ലീഗിലെ നിർണായകമായ അവസാന മത്സരത്തിൽ ട്രാവു എഫ് സിക്കെതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ഗോകുലത്തിന്റെ തിരിച്ചു വരവ്. ആദ്യ പകുതിയിൽ ഒരു ഗോളിന് ട്രാവു മുന്നിട്ട് നിന്നെങ്കിലും പൊരുതാനുറച്ച് രണ്ടാം പകുതിയിൽ ഇറങ്ങിയ ഗോകുലം നാലു ഗോളുകൾ തിരിച്ചടിച്ച് കിരീടം കേരള മണ്ണിലെത്തിച്ചു. കേരളത്തിലെ ലക്ഷകണക്കിന് ആരാധകരുടെ സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു ഗോകുലത്തിന്റെ കിരീടധാരണം.

ആദ്യ പകുതിയിൽ നന്നയി കളിച്ചു എങ്കിലും ട്രാവുവിന്റെ മികച്ച ഡിഫൻസിനെ ഭേദിക്കുക പ്രയാസകരമായി തുടരുകയാണ്.എന്നാൽ തങ്ങളുടേ ആദ്യ അറ്റാക്കിൽ തന്നെ ഗോൾ കണ്ടെത്താൻ ട്രാവുവിനായി. 23ആം മിനുട്ടിൽ ബിദ്യാസാഗർ ആണ് ട്രാവുവിനെ മുന്നിലെത്തിച്ചത്. പെനാൾട്ടി ബോക്സിന് തൊട്ടു വെളിയിൽ നിന്ന് ഒരു നല്ല പ്ലേസി ഷോട്ടിലൂടെ ബിദ്യാസാഗർ ഗോകുലം കേരള കീപ്പർ ഉബൈദിനെ മറികടന്നു. ബിദ്യാസാഗറിന്റെ സീസണിലെ 12ആം ഗോളായിരുന്നു ഇത്‌. ഇതിനു ശേഷം കളിയിലേക്ക് തിരികെ വരാൻ ഗോകുലം കേരള ശ്രമിച്ചു എങ്കിലും ഒരു നല്ല അവസരം വരെ ഗോകുലത്തിന് ലഭിച്ചില്ല.

രണ്ടാം പകുതിയിൽ ഗോകുലം കേരള ആക്രമിച്ചു തന്നെ കളിച്ചു. നിരവധി അവസരങ്ങളും ഗോകുലം സൃഷ്ടിച്ചു. ആന്റ്വിയുടെയും എമിൽ ബെന്നിയുടെയും ഒക്കെ ശ്രമങ്ങൾ ഗോളിന് അടുത്ത് കൂടെ പോയി. 70ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ചു കൊണ്ട് അഫ്ഗാൻ താരം ഷെരീഫ് മുഹമ്മദ് ഗോകുലത്തിന് സമനില നൽകി.വീണ്ടും വിജയത്തിനായി പൊരുതിയ ഗോകുലം കേരള 74ആം മിനുട്ടിൽ എമിൽ ബെന്നിയിലൂടെ ലീഡും എടുത്തു. കേരളത്തിന്റെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും ഏഴാം സ്വർഗ്ഗത്തിൽ എത്തിച്ച നിമിഷമായിരുന്നു വയനാടുകാരൻ എമിൽ ബെന്നി നൽകിയത്. ഗോകുലം കേരള ആ ഒരു ഗോൾ ലീഡിൽ ഡിഫൻഡ് ചെയ്ത് ഇരുന്നില്ല. 77ആം മിനുട്ടിൽ വീണ്ടും ഗോകുലം ട്രാവു ഡിഫൻസ് ഭേദിച്ചു. അന്റ്വിയിലൂടെ മൂന്നാം ഗോൾ. ആന്റ്വിയുടെ സീസണിലെ പതിനൊന്നാം ഗോളായിരുന്നു ഇത്.


ഇഞ്ച്വറിൽ ടൈമിൽ ചുവപ്പ് കാർഡ് കണ്ട് ഗോകുലം കേരള താരം ബരെറ്റോ പുറത്ത് പോയി. എങ്കിലും ഗോകുലം പതറിയില്ല. ഫൈനൽ വിസിൽ വരെ ആധിപത്യം പുലർത്തി കൊണ്ട് ഗോകുലം കേരളയുടെ പോരാളികൾ ഐ ലീഗ് കിരീടം കേരളത്തിലേക്ക് എത്തുമെന്ന് ഉറപ്പിച്ചു. 96ആം മിനുട്ടിൽ റാഷിദിലൂടെ ഗോകുലം കേരള നാലാം ഗോളും നേടി. ചരിത്രത്തിൽ ആദ്യമായി ഐ ലീഗ് കിരീടം നേടുന്ന കേരള ക്ലബായി ഗോകുലം കേരള മാറി.

15 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായാണ് കേരളത്തിന്റെ ടീം ഒന്നാമത് ഫിനിഷ് ചെയ്തത്. ഇന്ന് പഞ്ചാബിനെ തോൽപ്പിച്ച ചർച്ചിലിനു 29 പോയിന്റ് ഉണ്ട് എങ്കിലും ഹെഡ് ടു ഹെഡ് മികവിലാണ് ഗോകുലം കേരള കിരീടം നേടിയത്. ഈ വിജയം ഗോകുലത്തിന് എ എഫ് സി കപ്പ് യോഗ്യതയും നേടിക്കൊടുക്കും. കേരളത്തിൽ നിന്ന് ഒരു ക്ലബ് ആദ്യമായാകും എ എഫ് സി കപ്പ് കളിക്കുന്നത്.

കടപ്പാട്