❝ഐ ലീഗ് കിരീടം🏆🤩 മലയാള മണ്ണിലെത്തിക്കാൻ
വേണ്ടത് ഒരു ✌️😍ജയം മാത്രം , കേരള ഫുട്ബോൾ
✍️⚽ചരിത്രത്തിന്റെ💪🔥ഭാഗമാവാനൊരുങ്ങി 🧡💛ഗോകുലം കേരളം❞

മൂന്നരക്കോടി വരുന്ന ജനതയുടെ പ്രതീക്ഷയുമായി കേരളത്തിന്റെ അഭിമാനമായ ഗോകുലം ഇന്നിറങ്ങുന്നു.ഈ ദിവസം കേരള ഫുട്ബോളിനെ സംബന്ധിച്ചെടുത്തോളം ഒരു ചരിത്ര ദിവസമായി മാറിയേക്കാം. ഇന്ന് വിജയിച്ചാൽ ഗോകുലം കേരള ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബായി മാറും . സീസണിലെ അവസാന മത്സരത്തിൽ ട്രാവുവിനെ ആണ് ഗോകുലം കേരള ഇന്ന് നേരിടുന്നത്. ഇന്നത്തെ മത്സരം വിജയിച്ചു കഴിഞ്ഞാൽ കേരളം ഫുട്ബോൾ ചരിത്രത്തിൽ ഗോകുലത്തിന്റെ നാമം സുവർണ ലിപികളാൽ എഴുതി ചേർക്കുമെന്നുറപ്പാണ്.

ഒരു മത്സരം മാത്രം ബാക്കി നിൽക്കെ മൂന്ന് ടീമുകൾക്ക് ഒരേ പോയിന്റിൽ നിൽക്കുന്ന അവസ്ഥയിലാണ് ലീഗ് ഉള്ളത്. ഗോകുലം കേരള എഫ് സി, ട്രാവു, ചർച്ചിൽ ബ്രദേഴ്സ് എന്നീ ടീമുകൾക്ക് ആണ് ഇപ്പോൾ കിരീട പ്രതീക്ഷയിൽ ഉള്ളത്.മൂന്ന് ടീമുകൾക്കും 26 പോയിന്റ് വീതമാണ് ഉള്ളത്. രണ്ട് ടീമുകൾക്ക് എതിരെയും മികച്ച ഹെഡ് ടു ഹെഡ് റെക്കോർഡ് ഉള്ളത് കൊണ്ട് ഗോകുലം കേരള ആണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്. ഇന്ന് ട്രാവുവിനെതിരെ വിജയിച്ചാൽ ഗോകുലം കേരളക്ക് കിരീടം ഉറപ്പാണ്. ചർച്ചിലും പഞ്ചാബ് എഫ് സിയും തമ്മിലുള്ള മത്സരത്തിലെ ഫലം എന്തായാലും ഗോകുലം മൂന്ന് പോയിന്റ് നേടുക ആണെങ്കിൽ കിരീടം ഗോകുലം കേരളക്ക് തന്നെ ലഭിക്കും.

ഗോകുലം കേരള ട്രാവു മത്സരം സമനിലയിൽ ആവുകയും ചർച്ചിൽ ബ്രദേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തിൽ ചർച്ചിൽ വിജയിക്കാതിരിക്കുകയും ചെയ്താലും കപ്പ് കേരളത്തിലേക്ക് തന്നെ വരും. ഗോകുലം കേരളയെ ട്രാവു തോൽപ്പിക്കുക ആണെങ്കിൽ കിരീടം ട്രാവുവിന് സ്വന്തമാകും. മറ്റൊരു ഫലം കൊണ്ടും ട്രാവുവിന് കിരീടം ലഭിക്കില്ല. ചർച്ചിലിന് കിരീടം ലഭിക്കണം എങ്കിൽ അവർ അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിക്കുകയും ഒപ്പം ട്രാവു ഗോകുലം കേരള പോരാട്ടം സമനിലയിൽ ആവുകയും വേണം. എന്തായാലും കിരീട പോരാട്ടം ഫോട്ടോഫിനിഷായി മാറും എന്നതിൽ സംശയമില്ല. ഇന്ന് വൈകിക്ക് 5 മണിക്കാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുന്നത്.


തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് ഗോകുലത്തിന്റേത്. അവസാന മത്സരത്തിലും ശൈലി മാറ്റില്ലെന്നു കോച്ച് വിഞ്ചെൻസോ ആൽബർട്ടോ വ്യക്തമാക്കിയിട്ടുണ്ട്. മുന്നേറ്റ നിരയിൽ ഘാന താരങ്ങളായ ഡെന്നിസ് അഗ്യാരെ, ഫിലിപ് അഡ്ജ എന്നിവർ ഗംഭീര ഫോമിലാണ്. മധ്യനിരയിൽ അഫ്ഗാൻ താരം ഷെരീഫ് മുഹമ്മദും മലയാളി താരം എമിൽ ബെന്നിയുമാണ് മികച്ച നീക്കങ്ങൾ സൃഷ്ടിക്കുന്നത്. ക്യാപ്റ്റൻ മുഹമ്മദ് അവാലിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും ഒത്തിണക്കത്തോടെ കളിക്കുന്നു.

ഇതുവരെ 10 താരങ്ങളാണ് ഗോകുലത്തിനായി സ്കോർ ചെയ്തത്. 10 ഗോളുകളുമായി ഗോകുലത്തിന്റെ ഡെന്നിസ് ആന്റ്വി അഗ്യാരെ ടോപ്സ്കോറർ പട്ടികയിൽ 2–ാം സ്ഥാനത്തുണ്ട്.ഗോകുലം ആദ്യ റൗണ്ടിൽ ട്രാവുവിനെ 3–1ന് തോൽപിച്ചിരുന്നു. എന്നാൽ, അതിനു ശേഷം വലിയ മുന്നേറ്റമാണ് ട്രാവു നടത്തിയത്. ഗോകുലം ലീഗിൽ ആകെ 27 ഗോളുകൾ നേടി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ 26 ഗോളുകളുമായി ട്രാവു തൊട്ടുപിന്നിലുണ്ട്. 11 ഗോളുകളോടെ ലീഗിലെ ടോപ് സ്കോററായ ഇന്ത്യൻ താരം വിദ്യാസാഗർ സിങ്ങാണ് ട്രാവുവിന്റെ തുറുപ്പുചീട്ട്. എന്നാൽ, മറ്റൊരു സ്റ്റാർ സ്ട്രൈക്ക‍ർ തജിക്കിസ്ഥാൻ താരം കോമ്രോൺ ടൂർസുനോവ് ദേശീയ ടീമിനൊപ്പം ചേരാൻ തിരികെപ്പോയത് ട്രാവുവിനു തിരിച്ചടിയാണ്.

2017-18 സീസൺ മുതൽ വച്ചടി കയറ്റമായിരുന്നു ഗോകുലത്തിന്. കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമെല്ലാം വീഴ്ത്തി അട്ടിമറീ വീരന്മാരായി. സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഐ.എസ്.എല്‍ ടീമുകളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെയും ബംഗളൂരു എഫ്.സിയെയുമെല്ലാം വിറപ്പിച്ചു. പോയ സീസണില്‍ ഡ്യൂറാന്‍ഡ് കപ്പില്‍ മുത്തമിട്ട് ചരിത്രമെഴുതി. കോവിഡ് കാലത്തും ക്ലബ് തല താഴ്ത്തിയില്ല. ഐ.എഫ്.എ ഷീല്‍ഡില്‍ പന്ത് തട്ടി കൊല്‍ക്കത്തയില്‍ തന്നെ തങ്ങി. ഇപ്പോഴിതാ ചരിത്രവും ഗോകുലം എഫ്.സിയും തമ്മില്‍ ഒരു മല്‍സരത്തിന്റെ അകലം മാത്രം. ഇന്ന് ഐ ലീഗിലെ അവസാന പോരാട്ടത്തില്‍ ട്രാവു എഫ്.സിയെ തോല്‍പ്പിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ പുതു ചരിത്രമായിരുക്കും.