ഇഞ്ചുറി ടൈം ഗോളിൽ രാജസ്ഥാനെ കീഴടക്കി ഗോകുലം കേരള

ഐ ലീഗിൽ തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഗോകുലം കേരള. ഇന്ന് രാജസ്ഥാനെതിരെ പിറകിൽ നിന്നും തിരിച്ചു വന്നാണ് ഗോകുലം വിജയം നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ജയ.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിറകിൽ നിന്ന ശേഷം അവസാന എട്ടു മിനിറ്റുകളിൽ മെന്റി നേടിയ രണ്ടു ഗോളിനാണ് ഗോകുലം വിജയം നേടിയത്. വിജയത്തോടെ 27 പോയിന്റുമായി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ ഗോകുലത്തിന് സാധിച്ചു . ഒൻപതാം മിനിറ്റിൽ സുമഷെവിന്റെ ഫ്രീകിക്കിൽ നിന്നും അമങേൽഡീവാണ് ഹെഡ്ഡറിലൂടെ രാജസ്ഥാന് ലീഡ് നേടിക്കൊടുത്തത്.

90 ആം മിനുട്ട് വരെ ലീഡ് നിലനിർത്താൻ രാജസ്ഥാന് സാധിക്കുകയും ചെയ്തു.തൊണ്ണൂറാം മിനിറ്റിൽ ലിയൻസാങയുടെ ഫൗളിൽ ഗോകുലത്തിനു അനുകൂലമായി പെനാൽറ്റി ലഭിച്ചു. റഫറി രാജസ്ഥാന് താരത്തിന് നേരെ ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു.മെന്റി പിഴവ് കൂടാതെ വലയിലാക്കി ഗോകുലത്തിന് സമനില നൽകി.

എട്ടു മിനിറ്റ് എക്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ വലത് ഭാഗത്ത് നിന്നും ഫാർഷാദ് നൂർ നൽകിയ തകർപ്പൻ ഒരു ക്രോസിൽ ഹെഡ്ഡറിലൂടെ മെന്റി ഗോകുലത്തിന്റെ വിജയ ഗോൾ നേടി. 17 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 വിജയം നേടിയ ഗോകുലം 27 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Rate this post