❝കയ്യെത്തും ദൂരത്ത് കിരീടം❞ – ഐ ലീഗിൽ പരാജയമറിയാതെ കുതിക്കുന്ന കേരളത്തിന്റെ സ്വന്തം ഗോകുലം |Gokulam Kerala |I League|

കേരള ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതി ചേർക്കാവുന്ന പേരായിരിക്കും മലബാരിയൻസ് എന്ന വിളിപ്പേരുള്ള കേരളത്തിന്റെ സ്വന്തം ക്ലബ് ഗോകുലം എഫ്സി. രൂപീകരിച്ചതിനു അഞ്ചു വർഷത്തിനുള്ളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റുകളിൽ ഒന്നായ ഡ്യൂറണ്ട് കപ്പടക്കം സ്വന്തമാക്കിയ ഗോകുലം അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്.കഴിഞ്ഞ ഐ ലീഗ് കിരീട നേട്ടത്തോടെ ആദ്യമായി എ എഫ് സി കപ്പ് യോഗ്യത നേടുന്ന കേരള ക്ലബുമായി ഗോകുലം മാറുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ എവിടെ അവസാനിപ്പിച്ചു അവിടെ നിന്നാണ് ഐ ലീഗിൽ ഈ സീസണിൽ ഗോകുലം തുടങ്ങിയത്. ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ് സിയെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത രണ്ടു കഴിഞ്ഞിരിക്കുകയാണ്.. കഴിഞ്ഞ 18 ഐ ലീഗ് മത്സരങ്ങളിലും ഗോകുലം പരാജയപ്പെട്ടിട്ടില്ല. ഇന്നലെ ജയത്തോടെ ഐ ലീഗിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഗോകുലം കേരള. ഗോകുലം 18 മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കി. 12 വർഷം മുമ്പ് ചർച്ചിൽ ബ്രദേഴ്സ് തീർത്ത 17 മത്സരങ്ങൾ അപരാജിതർ എന്ന റെക്കോർഡ് ആണ് ഗോകുലം മറികടന്നത്

ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ചപ്പോൾ 10 ജയവും മൂന്നു സമനിലയും അടക്കം 33 പോയിന്റാണ് ഗോകുലത്തിന്റെ സമ്പാദ്യം. തുടർച്ചയായ രണ്ടാം ഐ ലീഗ് കിരീടമാണ് മലബാറിയൻസ് ലക്‌ഷ്യം വെക്കുന്നത്.27 പോയിന്റുള്ള മുഹമ്മദൻസ് സ്ഥാനത്തും 23 പോയിന്റുമായി പഞ്ചാബ് മൂന്നാം സ്ഥാനത്തുമാണ്. 30 ആം തീയതി ചർച്ചിൽ ബ്രദർസുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം

ഈ വര്ഷം ഗോകുലത്തിൽ എത്തിയ സ്ലോവേനിയന് സെന്റർ ഫോർവേഡ് ലൂക്കാ മജ്‌സെന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. 12 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടിയ താരം 5 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.ജമൈക്കൻ താരം ജോർദാൻ ഫ്ലെച്ചർ 6 ഗോളുമായി മജ്‌സെന് മികച്ച പിന്തുണ നൽകുകയും ചെയ്തു.13 മത്സരങ്ങളിൽ നിന്നും 4 ഗോളുകളും രണ്ടു അസിസ്റ്റും നേടിയ യുവ താരം ജിതിൻ ഗോകുലം നിരയിൽ മികച്ചു നിന്നു. യുവ താരം എമിൽ ബെന്നിയും,റിഷാദും മൂന്നു ഗോളിന് വഴി ഒരുക്കിയിരുന്നു. ലെഫ്റ്റ്ബാക്കായ മുഹമ്മദ് ഉവൈസ് ഒരു ഗോളും 3 അസിസ്റ്റും, താഹിർ സമാൻ മൂന്നു ഗോളും ഉണ്ട്.പ്രതിരോധത്തിൽ കാമറൂണിൻ താരം അമീനു ബൗബ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുകയും രണ്ടു ഗോൾ നേടുകയും ചെയ്തു. 35 ഗോളുകൾ നേടിയ ഗോകുലം 10 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

2017 ൽ രൂപീകരിച്ചത് മുതൽ പടി പടിയായ വളർച്ചയിലൂടെയാണ് ഗോകുലം തങ്ങളുടെ നേട്ടം കൈവരിച്ചത്. ടീമിന് മുഴുവൻ പിന്തുണയായി എത്തുന്ന ക്ലബ് മാനേജ്‌മന്റ് തന്നെയാണ് ഗോകുലത്തിന്റെ ശക്തി. 2017 -18 സീസണിലാണ് ഗോകുലം ആദ്യമായി ഐ ലീഗിൽ പന്ത് തട്ടുന്നത്. ആദ്യ സീസണിൽ ഏഴാം സ്ഥാനത്തെത്തിയ അവർ രണ്ടാം സീസണിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമെല്ലാം വീഴ്ത്തി അട്ടിമറീ വീരന്മാരായി. സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഐ.എസ്.എല്‍ ടീമുകളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെയും ബംഗളൂരു എഫ്.സിയെയുമെല്ലാം വിറപ്പിച്ചു. പോയ സീസണില്‍ ഡ്യൂറാന്‍ഡ് കപ്പില്‍ മുത്തമിട്ട് ചരിത്രമെഴുതി. കോവിഡ് കാലത്തും ക്ലബ് തല താഴ്ത്തിയില്ല. ഐ.എഫ്.എ ഷീല്‍ഡില്‍ പന്ത് തട്ടി കൊല്‍ക്കത്തയില്‍ തന്നെ തങ്ങി.

ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ശക്തിയായി കേരളത്തെ കണക്കാക്കപ്പെട്ടിട്ടും 30 വർഷങ്ങൾക്ക് മുമ്പ് കേരള പോലീസ് നേടിയ ഫെഡറേഷൻ കപ്പായിരുന്നു എ എഫ് സിയുടെ അംഗീകാരമുള്ള ഒരു ദേശീയ ടൂർണമെന്റിലെ കേരള ടീമിന്റെ അവസാന ട്രോഫി.നാഷണൽ ലീഗും ഐ ലീഗും ഐ എസ് എല്ലും ഒക്കെ വന്നിട്ടും കിരീടം കേരളത്തിലേക്ക് വന്നില്ല. നാലു വർഷങ്ങളിലായി നാലു വലിയ കിരീടങ്ങളും ഗോകുലം കേരള നേടി. ആദ്യം കേരള പ്രീമിയർ ലീഗ്, പിന്നെ ഡ്യൂറണ്ട് കപ്പ് നേടുന്ന ആദ്യ കേരള ക്ലബായി, പിന്നാലെ ദേശീയ വനിതാ ലീഗ് ചാമ്പ്യന്മാരായി കൊണ്ട് അഭിമാനകരമായി നേട്ടത്തിൽ എത്തി. ഇന്ത്യയിലെ വലിയ ക്ലബുകൾ ഒക്കെ വനിതാ ടീം ഒരുക്കാൻ മടിച്ച് നിൽക്കുമ്പോൾ ആയിരുന്നു രാജ്യത്തെ മികച്ച വനിതാ ടാലന്റുകളെ വെച്ച് ഗോകുലം കേരള ഫുട്ബോൾ ടീം ഒരുക്കിയത്.

ഐഎസ്എ ല്ലിന്റെ വരവോടു കൂടി ഗ്ലാമർ നഷ്ടപെട്ട ഐ ലീഗിൽ മാറ്റുരച്ച ഗോകുലം സ്ഥിരതയാർന്ന പ്രകടനവും വീമ്പു പറച്ചിലും വെല്ലുവിളികളും ഇല്ലാതെ മുന്നേറിയപ്പോൾ നാലു വർഷം കൊണ്ട് തന്നെ ലക്‌ഷ്യം നിറവേറ്റുകയും ചെയ്തു. തൊണ്ണൂറുകളുടെ അവസാനത്തിൽ കേരത്തിൽ ഉദയം ചെയ്ത ആദ്യ പ്രൊഫഷണൽ ക്ലബായ എഫ്സി കൊച്ചിന്റെ ഉദയവും തകർച്ചയും കണ്ട കേരളത്തിലെ ആരാധകർക്ക് മുന്നിൽ പ്രൊഫഷണൽ ക്ലബുകൾക്ക് എങ്ങനെ ഒരു ക്ലബ് നടത്തണം എന്ന വലിയ മാതൃകയുമാണ് ഗോകുലം കേരള. ഇപ്പോഴും മലയാളി താരങ്ങൾക്കാണ് ഗോകുലം മുൻഗണന നൽകുന്നത്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം മലയാളികളുടെ അഭിമാനം തന്നെയാണ് ഗോകുലം കേരള.