❝ബാഴ്സലോണയിൽ മെസ്സിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ജർമൻ ലോകകപ്പ് ഹീറോ❞

ലോകത്തുള്ള ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നമായിരിക്കും സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം ബാഴ്‌സലോണയിൽ പന്ത് തട്ടുക എന്നത്. നിരവധി പ്രശസ്ത താരങ്ങളാണ് തങ്ങളുടെ ആഗ്രഹം മാധ്യമങ്ങളിലൂടെയും അല്ലാതെയും വെളിപ്പെടുത്തിയിട്ടുള്ളത്.ഇപ്പോളിതാ അത്തരത്തിൽ മെസിക്കൊപ്പം കളിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് 2014 ലെ ജർമനിയുടെ ലോകകപ്പ് ഹീറോ മരിയോ ഗോട്സെ. നിലവിൽ ഡച്ച് ക്ലബ്ബായ പി എസ് വി ഐന്തോവന്റെ താരമാണ് ഗോട്സെ.

2014 ലെ ലോകകപ്പ് ഫൈനലിൽ വിജയ ഗോൾ നേടി ദേശീയ ഹീറോ ആയ ഗോട്സെക്ക് പിന്നീട് തുടർച്ചയായ ഫിറ്റ്നസ് പ്രശ്നങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും മൂലം അത്ര സുഖകരമായ കരിയർ ആയിരുന്നില്ല.ബോറുസിയ ഡോർട്മുണ്ട്, ബയേൺ മ്യൂണിച്ച് എന്നിവരോടൊപ്പം ബുണ്ടസ്‌ലീഗ്‌ ലീഗ്‌ കിരീടം നേടിയ താരമാണ് ഗോട്സെ.കഴിഞ്ഞ ദിവസം ജെർമ്മൻ സ്പോർട്സ് മാസികയായ 11 ഫ്രുണ്ടെയ്ക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു മെസിക്കൊപ്പം ബാഴ്സലോണയിൽ കളിക്കാനുള്ള ആഗ്രഹം ഗോട്സെ വെളിപ്പെടുത്തിയത്.


ബാഴ്സലോണയിൽ മെസിക്കൊപ്പം കളിയ്ക്കാൻ ആഗ്രഹിക്കുന്ന ഗോട്സെ താൻ വളരെക്കാലമായി ബാഴ്സലോണയുടെ കളി ശൈലിയുടേയും, മെസിയുടേയും ആരാധകനാണെന്നും കൂട്ടിച്ചേർത്തു‌. ജർമൻ ദേശീയ ടീമിലേക്ക് തായിരിച്ചു വരാൻ തയ്യാറെടുക്കുന്ന 28 കാരൻ 2018 ലാണ് അവസാനമായി ജർമൻ ടീമിൽ കളിച്ചത്.പി‌എസ്‌വിയിൽ മികച്ച പ്രകടനം തുടരുകയാണെങ്കിൽ ജർമൻ ബോസ് ജോചിം ലോ താരത്തെ ദേശീയ ടീമിലേക്ക് തിരിച്ചു വിളിക്കാൻ സാധ്യതയുണ്ട്. ഈ വരുന്ന യൂറോ കപ്പിനുള്ള ജർമൻ ടീമിനെ ഈ മാസാവസാനം തെരഞ്ഞെടുക്കും. യൂറോ ടീമിലിടം നേടാമെന്ന പ്രതീക്ഷയിലാണ് ഗോട്സെ.

അതേ സമയം ഒരു കാലത്ത് ജെർമ്മൻ ഫുട്ബോളിലെ ഭാവി സൂപ്പർ താരമെന്ന് വിശേഷിക്കപ്പെട്ടിരുന്ന താരമാണ് മരിയോ ഗോട്സെ. 2014 ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ ജെർമ്മനിയുടെ വിജയ ഗോൾ നേടിയ താരം 2009 മുതൽ 2020 വരെ ജെർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിലും, ബയേൺ മ്യൂണിക്കിലുമായി കളിച്ചു. കഴിഞ്ഞ വർഷം ഡച്ച് ക്ലബ്ബായ പി എസ് വി ഐന്തോവനിലേക്ക് പോയ ഈ ഇരുപത്തിയെട്ടുകാരന് 2022 വരെയാണ് അവരുമായി കരാറുള്ളത്.