❝ 2004 യൂറോ കപ്പ് ; ഇന്നും ആ ഞെട്ടൽ മാറാതെ ഫുട്‍ബോൾ ലോകം ❞

യൂറോ 2004 അത്ഭുതവും നിരാശയും നിറഞ്ഞ ഒരു ടൂർണമെന്റായിരുന്നു. യൂറോപ്യൻ പവർ ഹൗസുകളായ ജർമ്മനി, സ്പെയിൻ, ഇറ്റലി എന്നിവയെല്ലാം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ അപ്രതീക്ഷിത കിരീട വിജയം നേടിയത് ലോക ഫുട്ബോളിൽ ഇനിയും മേൽവിലാസം തെളിയിച്ചിട്ടില്ലാത്ത ഗ്രീസായിരുന്നു. ആ കാലഘട്ടത്തിൽ മാത്രമല്ല യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ തന്നെ ഗ്രീസിന്റെ വിജയം ഒരു വലിയ ആശ്ചര്യമായി കണക്കാക്കപ്പെട്ടു.

2004 നു മുൻപ് രണ്ട് പ്രധാന ടൂർണമെന്റുകൾക്ക് മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ. 1980 ലെ യൂറോ കപ്പും 1994 ലെ വേൾഡ് കപ്പിലും എന്നാൽ രണ്ടിലും ഒരു മത്സരം പോലും ജയിക്കാൻ അവർക്കായിരുന്നില്ല. ചാമ്പ്യൻഷിപ്പ് തുടങ്ങുന്നതിനു മുൻപ് 250 /1 സാധ്യത മാത്രം കല്പിച്ചിരുന്നു ഗ്രീസ് എങ്ങനെയാണു വമ്പൻ ടീമുകളെയെല്ലാം പിന്തള്ളി കിരീടത്തിൽ മുത്തമിട്ടത് .

ആതിഥേയരായ പോർച്ചുഗലും ,സ്പെയിനും ,റഷ്യയും ഉൾപ്പെട്ട എ ഗ്രൂപ്പിലായിരുന്നു ഗ്രീസിസ്ന്റെ സ്ഥാനം.ഒരിക്കൽ പോലും ഒരു വിജയം സ്വപ്നം കാണാതെയാണ് ഗ്രീസ് ചാംപ്യൻഷിപ്പിനിറങ്ങിയത്. 2004 ജൂൺ 12 നു ഉച്ചതിരിഞ്ഞ് പോർച്ചുഗീസ് പ്രൈമറ ലിഗ ക്ലബ് എഫ്സി പോർട്ടോയുടെ എസ്റ്റാഡിയോ ഡോ ഡ്രാഗാവോയുടെ സ്റ്റേഡിയത്തിൽ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയത് .ഫിഗോ ,റൂയി കോസ്റ്റ ,മനിഷേ ,ന്യൂനോ ഗോമസ് എന്നിവരടങ്ങിയ പോർച്ചുഗീസ് ടീമിനെതിരെ അറിയപ്പെടുന്ന ഒരു പ്രമുഖ താരമില്ലാതെയാണ് ഗ്രീസ് ഇറങ്ങിയത്.ജർമൻ പരിശീലകൻ ഓട്ടോ റെഹാഗലിന്റെ കണിശതയും ഇരുമ്പു പോലെ കട്ടിയുള്ള സാച്ചടക്കവുമായിരുന്നു ഗ്രീസിന്റെ കൈമുതൽ .

ശക്തരായ പോർച്ചുഗീസ് ടീമിനെതിരെ തുടക്കം തന്നെ മുന്നിലെത്താൻ ഗ്രീസിനായി .ഏഴാം മിനുട്ടിൽ ജിയോർഗോസ് കരഗോനിസാണ് ഗ്രീസിനെ മുന്നിലെത്തിച്ചത്. കടുത്ത പ്രതിരോധവും ,മാന് ടു മാന് മാർക്കിങ്ങും ഉപയോഗിച്ചാണ് ഗ്രീസ് പോർച്ചുഗീസ് താരങ്ങളെ പിടിച്ചു കെട്ടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗ്രീസ് ലീഡ് വർധിപ്പിച്ചു.ജിയോർകാസ് സിദാരിഡിസിനെ യുവ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഏഞ്ചലോസ് ബസിനാസ് വലയിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ മടക്കിയെങ്കിലും വിജയം ഗ്രീസിനൊപ്പം നിന്നു.

പുയോൾ, റൗൾ ഗോൺസാലസ്, റൂബൻ ബരാജ, ഇവാൻ ഹെൽഗുവേര, ഫെർണാണ്ടോ മൊറിയന്റസ് എന്നിവരടങ്ങിയ സ്പൈനായിരുന്നു രണ്ടാമത്തെ മത്സരത്തിലെ എതിരാളികൾ. 28 ആം മിനുട്ടിൽ റൗളും മോറിയന്റീസും ചേർന്ന മുന്നേറ്റത്തിനൊടുവിൽ അന്റോണിസ് നിക്കോപോളിഡിസിനെ മറികടന്നു മോറിയന്റസ് സ്പെയിനിനെ മുന്നിലെത്തിച്ചു.എന്നാൽ രണ്ടാം പകുതിയിൽ ഏഞ്ചലോസ് കരിസ്റ്റിയാസ് ഗ്രീസിനെ ഒപ്പംർത്തിച്ചു.രണ്ട് കളികളിൽ നിന്ന് നാല് പോയിന്റുകൾ നേടിയ ശേഷം, ഗ്രീസിന്റെ അവസാന ഗ്രൂപ്പ് മത്സരം റഷ്യക്കെതിരെയായിരുന്നു.

സ്പെയിനിനും പോർച്ചുഗലിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ റഷ്യ പരാജയപ്പെട്ടെങ്കിലും ഗ്രീസിനെതിരെ തിരിച്ചടിച്ചു. രണ്ടാം മിനുട്ടിൽ തന്നെ ദിമിത്രി കിരിചെങ്കോ റഷ്യയെ മുന്നിലെത്തിച്ചു. 17 ആം മിനുട്ടിൽ ദിമിത്രി ബ്യൂക്കിൻ മികച്ചൊരു ഹെഡറിലൂടെ ലീഡുയർത്തി.സിസിസ് വ്രീസാസിലൂടെ ഗ്രീസ് ഒരു ഗോൾ മടക്കിയെങ്കിലും റഷ്യ ആദ്യ ജയം നേടി. ഒരേ സമയം നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ന്യൂനോ ഗോമസ് നേടിയ ഏക ഗോളിൽ പോർച്ചുഗൽ സ്പെയിനിനെ പരാജയപെടുത്തിയതോടെ ഗ്രീസ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു .

ക്വാർട്ടറിൽ ഗ്രീസിനെ കാത്തിരുന്നത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസായിരുന്നു. സിദാനും ,ഹെൻറിയടക്കമുള്ള സൂപ്പർ താരങ്ങളെ മികച്ച ആസൂത്രണവും ,അച്ചടക്കവുമുള്ള ഗ്രീക്ക് ലൈൻ കോട്ട കെട്ടി തടുത്തു. 65 ആം മിനുട്ടിൽ പ്രത്യാക്രമണം നടത്തിയ ഗ്രീസ് ഏഞ്ചലോസ് ചാരിസ്റ്റിയാസിന്റെ ഗോളിലൂടെ മുന്നിലെത്തി ചാമ്പ്യന്മാരെ വിറപ്പിച്ചു സെമിയിൽ സ്ഥാനമുറപ്പിച്ചു. ടീമിലെ പതിനൊന്നു പേരുംഡിഫൻഡ് ചെയ്യുന്ന ശൈലിയാണ് ഗ്രീസ് അനുവർത്തിച്ചത്.

സെമിഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെയായിരുന്നു ഗ്രീസിന്റെ പോരാട്ടം .പവൽ നെഡ്വേഡ്, ജാൻ കോളർ , മിലാൻ ബാരോസ്, ടോമാസ് റോസിക്കി തുടങ്ങിയ പ്രഗൽബർ മികച്ച പ്രകടനം നടത്തി മുന്നേറുന്ന ചാംപ്യൻഷിപ്പായിരുന്നു ഇത് . നിശ്ചിത സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാവാത്തതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു . 105 ആം മിനുട്ടിൽ വാസിലിയോസ് സാർട്ടാസ് എടുതെ കോർണറിൽ നിന്നും ട്രയാനോസ് ഡല്ലാസ് ഹെഡ്ഡറിലൂടെ നേടിയ സിൽവർ ഗോളിലൂടെ ഗ്രീസിന്റെ ഫൈനലുറപ്പിച്ചു.

ഫൈനലിൽ ഗ്രീസിന് നേരിടേണ്ടി വന്നത് ഹോളണ്ടിനെ പരാജയപെടുത്തിയെത്തിയ പോർചുഗലിനെയായിരുന്നു. ആദ്യ മത്സരത്തിൽ ഏറ്റ തോൽവിക്ക് പകരം വീട്ടുന്നതോടൊപ്പം നാട്ടുകാർക്ക് മുന്നിൽ ആദ്യ കിരീടവുമാണ് പറങ്കികൾ ലക്ഷ്യമിട്ടത്. മത്സരം ആരംഭിച്ചത് മുതൽ ഡെക്കോ, പോളേറ്റ, റൊണാൾഡോ, ലൂയിസ് ഫിഗോ എന്നിവരുടെ നേതൃത്വത്തിൽ ഗ്രീക്ക് ബാക്ക്‌ലൈനിന് നിരന്തരമായ ഭീഷണി ഉയർത്തി. നിരന്തരം ആക്രമണത്തെ നടത്തിയിട്ടും ഗ്രീക്ക് ബാക്ക് ലൈൻ പാറ പോലെ ഉറച്ചു നിന്നു .എല്ലാ കളിയിൽ എന്ന പോലെ തന്നെ ഗ്രീസ് അവരുടെ ഡിഫെൻസിവ് പദ്ധതികളിൽ ഉറച്ചു നിന്നു.

എന്നാൽ രണ്ടാം പകുതിയിൽ ഒരു ക്ലാസിക് പ്രത്യാക്രമണം നടത്തിയ ഗ്രീസ് കോർണർ വിൻ ചെയ്യുകയും ചെയ്തു.സ്റ്റെലിയോസ് ജിയാനകോ പൗലോസ് എടുത്ത കോർണർ കിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ഏഞ്ചലോസ് കരിസ്റ്റിയാസ് പോർച്ചുഗീസ് വലയിലാക്കി. ഗോൾ വീണതിന്റെ ആഘാതത്തിൽ പോർച്ചുഗൽ ഗോൾ തിരിച്ചടിക്കാൻ ശ്രമം നടത്തിയെങ്കിലും ബസ് പാർക്കിങ്ങിലൂടെ പ്രതിരോധം തീർത്ത ഗ്രീസ് താരങ്ങൾ ഗോൾ നേടാൻ ഒരു അവസരവും കൊടുത്തില്ല. ലിസ്ബണിലെ സ്റ്റേഡിയത്തിൽ അവസാന വിലസിൽ മുഴങ്ങിയപ്പോൾ വിശ്വസിക്കാനാവാതെ ആയിരകണക്കിന് കാണികളും പോർച്ചുഗീസ് താരങ്ങളും നിരാശരായി ഇരുന്നപ്പോൾ തങ്ങൾ പോലും സ്വപ്നം കാണാത്ത കിരീടം ഗ്രീക്ക് ക്യാപ്റ്റന്റെ കയ്യിലിരുന്നു.

ലോകത്ത് ഒരാൾ പോലും പ്രവചിക്കാത്ത ഫലമായിരുന്നു 2004 യൂറോയിൽ നടന്നത്. എന്തിനു കടുത്ത ഗ്രീക്ക് ആരാധകർ പോലും അങ്ങനെ കരുതിയിട്ടുണ്ടാവില്ല. ഈ പ്രവചനാത്മകതയാണ് ഫുട്ബോളിനെ കൂടുതൽ മനോഹരമാക്കുന്നത്. 90 മിനുട്ടും ഉരുണ്ട പന്തും എന്തും സംഭവിക്കാം എന്ന് തെളിയിച്ചു. എന്നാൽ ഫുട്ബോൾ എന്ന മനോഹര ഗെയിമിന്റെ വിരുദ്ധ നിലപാടായിരുന്നു ഗ്രീസിന്റെ ഭാഗത്തുണ്ടായിരുന്നത്. കടുത്ത ഡിഫെൻസിലൂടെയും ,മാൻ മാർക്കിങ്ങിലൂടെയും എതിരാളികളെ തടയുക എന്ന ലക്‌ഷ്യം മാത്രമാണ് അവർക്കുണ്ടായത്. കളിയുടെ ഉയർന്ന നിലവാരത്തെ തന്നെ ബാധിക്കുന്ന ശൈലിയായിരുന്നു ഗ്രീസിന്റെ എന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ അതിനു ശേഷം കൂടുതൽ ടീമുകളും പരിശീലകരും ആ ശൈലി പിന്തുടരുന്നില്ല.