❝സഞ്ജുവിന്റേയും രാജസ്ഥാന്റെയും ഫൈനൽ സ്വപ്‌നങ്ങൾ തല്ലി തകർത്ത് പാണ്ട്യയും “കില്ലർ” മില്ലറും❞

ഐപിഎൽ 2022 ലെ ആവേശകരമായ ക്വാളിഫയർ 1 ൽ രാജസ്ഥ റോയൽസിനെ കീഴടക്കി ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ പ്രവേശിച്ചു.കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിന്റെ ജയമാണ് അരങ്ങേറ്റ സീസൺ കളിക്കുന്ന ടൈറ്റൻസ് നേടിയത്.

189 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടൈറ്റൻസിനു വേണ്ടി ഡേവിഡ് മില്ലറും ഹാർദിക് പാണ്ഡ്യയും കൂടി പുറത്താവാതെ നേടിയ 106 റൺസ് കൂട്ടുകെട്ട് ആണ് വിജയം നേടിക്കൊടുത്തത് .ടൂർണമെന്റിന്റെ ഫൈനലിൽ കടക്കാമെന്ന പ്രതീക്ഷയിൽ രാജസ്ഥാൻ റോയൽസ് ഇനി ആർസിബി-എൽഎസ്ജി പോരാട്ടത്തിലെ വിജയിയെ നേരിടും.

ഇന്നിംഗ്‌സിന്റെ രണ്ടാം പന്തിൽ വൃദ്ധിമാൻ സാഹയെ ട്രെന്റ് ബോൾട്ട് പുറത്താക്കിയതിനാൽ 189 റൺസ് പിന്തുടരുന്നതിൽ ഗുജറാത്ത് ടൈറ്റൻസിന് സാധ്യമായ ഏറ്റവും മോശം തുടക്കമാണ് ലഭിച്ചത്. അതിനു ശേഷം ശുഭ്മന്‍ ഗില്ലും മാത്യു വെയിഡും ചേര്‍ന്ന് ഗുജറാത്തിന്റെ കുതിപ്പിന് തുടക്കം കുറിയ്ക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസാണ് ടീം നേടിയത്.21 പന്തിൽ 35 റൺസ് നേടിയ ശുഭ്മന്‍ ഗിൽ റണ്ണൗട്ടായപ്പോള്‍ 72 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാന്‍ രാജസ്ഥാന് സാധിച്ചു. അധികം വൈകാതെ 30 റൺസ് നേടിയ മാത്യു വെയിഡിനെയും പുറത്താക്കി ഒബേദ് മക്കോയി രാജസ്ഥാന് മത്സരത്തിൽ പ്രതീക്ഷ നൽകി.

ക്രീസില്‍ പുതുതായി എത്തിയ ഹാര്‍ദ്ദിക്കും മില്ലറും സ്കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചപ്പോള്‍ റൺ റേറ്റ് കുറഞ്ഞു വന്നു.അവസാന അഞ്ചോവറിൽ വെറും 50 റൺസ് ആയിരുന്നു വിജയത്തിനായി ഗുജറാത്ത് നേടേണ്ടിയിരുന്നത്.ഒബേദ് മക്കോയി എറിഞ്ഞ 19ാം ഓവറിൽ 7 റൺസ് മാത്രം പിറന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 16 ആയി മാറി.അവസാന ഓവറിലെ ആദ്യ പന്ത് മില്ലര്‍ സിക്സര്‍ പറത്തിയപ്പോള്‍ കാര്യങ്ങള്‍ ഗുജറാത്തിന് അനുകൂലമായി. രണ്ടാം പന്തിലും അതേ ഫലം വന്നപ്പോള്‍ ലക്ഷ്യം വെറും നാല് പന്തിൽ നാല് റൺസായി മാറി. മൂന്നാം പന്തിലും സിക്സര്‍ പറത്തി മില്ലര്‍ പുറത്താകാതെ 38 പന്തിൽ നിന്ന് 68 റൺസ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 27 പന്തിൽ 40 റൺസ് നേടി. 5 സിക്സ് അടക്കമായിരുന്നു മില്ലറുടെ ഇന്നിംഗ്സ്.

ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി നായകന്‍ സഞ്ജു സാംസണ്‍ തുടക്കം കുറിച്ച വെടിക്കെട്ടിന് ജോസ് ബട്‌ലറുടെ പിന്തുണ കൂടി ലഭിച്ചതോടെയാണ് റോയല്‍സ് വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലിലെത്തിയത്. മല്‍സരഗതി മാറ്റിയത് സഞ്ജുവിന്റെ (47) തീപ്പൊരി ഇന്നിങ്‌സായിരുന്നു. പിന്നീട് ഫിനിഷിങിന്റെ ചുമതല ബട്‌ലര്‍ക്കായിരുന്നു.

89 റണ്‍സുമായി അദ്ദേഹം അതു ഭംഗിയാക്കുകയും ചെയ്തു.വെറും 26 ബോളിലാണ് അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം സഞ്ജു 47 റണ്‍സ് വാരിക്കൂട്ടിയത്.ബട്‌ലര്‍ 56 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് റോയല്‍സിന്റെ ടോപ്‌സ്‌കോററായത്.ബട്‌ലര്‍, സഞ്ജു എന്നിവരെക്കൂടാതെ ദേവ്ദത്ത് പടിക്കലാണ് (28) റോയല്‍സിന്റെ മറ്റൊരു പ്രധാന സ്‌കോറർ.ടൈറ്റന്‍സിനു വേണ്ടി മുഹമ്മദ് ഷമി, യഷ് ദയാല്‍, ആര്‍ സായ് കിഷോര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.