
അവസാന ഓവറിൽ വീണത് നാല് വിക്കറ്റുകൾ !! ഷോക്കിങ് ജയവുമായി ഗുജറാത്ത് ടൈറ്റൻസ്
അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ലക്നൗ സൂപ്പർ ജയിംസിനെ അതിവിദഗ്ധമായി മലർത്തിയടിച്ച് ഗുജറാത്ത് ടൈറ്റൻസ്. തീർത്തും പരാജയപ്പെട്ട മത്സരത്തിൽ ഒരു വമ്പൻ തിരിച്ചുവരവ് നടത്തി വലിയൊരു വിജയം കൊയ്യുകയായിരുന്നു ഗുജറാത്ത്. മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ബാറ്റിംഗിൽ ഗുജറാത്തിനായി ഹർദിക് പാണ്ട്യയും സാഹയും നിറഞ്ഞാടിയപ്പോൾ ബോളിങ്ങിൽ മോഹിത് ശർമ്മയുടെ ഒരു ക്ലാസ് പ്രകടനമാണ് മത്സരത്തിൽ കണ്ടത്.
ലക്നൗവിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അത്ര മികച്ച തുടക്കമല്ല ഗുജറാത്തിന് ലഭിച്ചത്. ശുഭ്മാൻ ഗില്ലിനെ(0) ഗുജറാത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഓപ്പണർ സാഹയും മൂന്നാമനായിറങ്ങിയ നായകൻ ഹർദിക് പാണ്ട്യയും ഉറയ്ക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ഗുജറാത്തിന് സമ്മാനിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസാണ് കൂട്ടിച്ചേർത്തത്. സാഹ പുറത്തായ ശേഷമെത്തിയ അഭിനവ് മനോഹർ(3) അധിക സമയം ക്രീസിൽ പിടിച്ചുനിന്നില്ല. എന്നാൽ അവസാന ഓവറുകളിൽ ക്യാപ്റ്റൻ പാണ്ട്യ തീയായി മാറുകയായിരുന്നു.

മത്സരത്തിൽ 50 പന്തുകളില്‍ 66 റൺസാണ് പാണ്ട്യ നേടിയത്. ഇന്നിംഗ്സിൽ 2 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ഈ മികവിൽ നിശ്ചിത 20 ഓവറുകളിൽ 135 റൺസ് ആണ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ നേടിയത്.മറുപടി ബാറ്റിംഗിൽ നായകൻ കെഎൽ രാഹുലും ഓപ്പണർ കൈൽ മേയേഴ്സും(24) രണ്ടും കൽപ്പിച്ചു തന്നെയാണ് ആരംഭിച്ചത്. തുടക്കത്തിൽ ഗുജറാത്ത് ബോളർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഇരുവർക്കും സാധിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 55 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഇതോടെ മത്സരം ഗുജറാത്തിന്റെ കൈവിട്ടു പോകുന്നതിന്റെ സൂചനകൾ ലഭിച്ചു തുടങ്ങി.
മേയേഴ്സ് പുറത്തായതിനു ശേഷം ക്രീസിലെത്തിയ ക്രൂണാൽ പാണ്ട്യയും(23) ഉറച്ചു നിന്നതോടെ ലക്നൗ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ മോഹിത് ശർമ അടക്കമുള്ള ബോളന്മാർ ഗുജറാത്തിനായി കൃത്യത കാട്ടിയതോടെ ലക്നൗ തകർന്നു. ആദ്യ ഓവർ മുതൽ ക്രീസിൽ പിടിച്ചു നിന്നിട്ടും അവസാന ഓവറുകളിൽ നായകൻ രാഹുലിന് റൺറേറ്റ് ഉയർത്താൻ സാധിച്ചില്ല.ഇങ്ങനെ മത്സരത്തിൽ 7 റൺസിന്റെ വിജയം ഗുജറാത്ത് സ്വന്തമാക്കുകയായിരുന്നു. ഏത് വിധേനയും അനായാസം വിജയിക്കാവുന്ന മത്സരമാണ് ഗുജറാത്ത് പിടിച്ചെടുത്തിരിക്കുന്നത്.

എന്നിരുന്നാലും ഗുജറാത്തിനെ സംബന്ധിച്ച് ഒരുപാട് പോരായ്മകൾ മത്സരത്തിൽ എടുത്തു പറയാനുണ്ട്. വരും മത്സരങ്ങളിൽ ഈ പിഴവുകളൊക്കെയും തിരുത്തി ഗുജറാത്ത് ശക്തമായി തന്നെ തിരിച്ചുവരാനാണ് സാധ്യത. മറുവശത്ത് ലക്നൗനെ സംബന്ധിച്ച് വലിയൊരു നിരാശയാണ് സംഭവിച്ചിരിക്കുന്നത്.