❛❛അടിതെറ്റി സഞ്ജു ഐപിൽ രാജാവായി ഹാർദിക്ക് പാണ്ട്യ !! അരങ്ങേറ്റ സീസണിൽ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്❜❜

ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ കിരീടം. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ആദ്യ ഓവറിൽ തന്നെ ശുഭ്മന്‍ ഗിൽ നൽകിയ അവസരം യൂസുവേന്ദ്ര ചഹാൽ കൈവിട്ടപ്പോള്‍ സാഹയെയും വെയിഡിനെയും യഥാക്രമം പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടും സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. പവര്‍പ്ലേയ്ക്കുള്ളിൽ ഗുജറാത്തിനെ വരുതിയിൽ നിര്‍ത്തുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും പിന്നീട് ശുഭ്മന്‍ ഗില്ലും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നിലയുറപ്പിച്ചാണ് ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്.53 പന്തിൽ 63 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ 14ാം ഓവറിലെ രണ്ടാം പന്തിൽ ചഹാല്‍ തകര്‍ക്കുമ്പോള്‍ 45 റൺസ് കൂടി മാത്രമേ ഗുജറാത്തിന് വേണ്ടിയിരുന്നുള്ളു.

ഡേവിഡ് മില്ലര്‍ ക്രീസിലെത്തിയതോടെ ഗുജറാത്തിന് വേഗത്തിൽ റൺസ് നേടുവാന്‍ സാധിക്കുകയായിരുന്നു.43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. സിക്സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്‍റെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി.

ആദ്യം ബാറ്റ് ചെയ്ത റോയൽസിന് ഒമ്പതു വിക്കറ്റിനാണ് റോയല്‍സ് 130 മാത്രമാണ് എടുക്കാൻ സാധിച്ചത് .റോയല്‍സ് നിരയില്‍ ഒരാള്‍ക്കു പോലും 40 പ്ലസ് സ്‌കോര്‍ ചെയ്യാനായില്ല. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് റോയല്‍സിന്റെ ടോപ്‌സ്‌കോറര്‍. 35 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയായിരുന്നു ഇത്. യശസ്വി ജയ്‌സാളാണ് (22) 20ന് മുകളില്‍ നേടിയ മറ്റൊരു താരം.

നായകന്‍ സഞ്ജു സാംസണ്‍ (14), ദേവ്ദത്ത് പടിക്കല്‍ (2), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11), ആര്‍ അശ്വിന്‍ (6), റിയാന്‍ പരാഗ് (15), ട്രെന്റ് ബോള്‍ട്ട് (11), ഒബെഡ് മക്കോയ് (8) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കിയില്ല. മൂന്നു വിക്കറ്റുകളെടുത്ത ഹാര്‍ദിക്കാണ് റോയല്‍സിനു മൂക്കുകയറിട്ടത്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്.