❝വിരാട് കോലിക്കും , രോഹിത് ശർമ്മക്കും ശേഷം ഇന്ത്യയിലെ കംപ്ലീറ്റ് പ്ലേയറാണ് അദ്ദേഹം❞ ; ഹർഭജൻ സിംഗ്

ഇന്ത്യന്‍ ക്രിക്കറ്റിലെ സമ്പൂര്‍ണ ക്രിക്കറ്റര്‍മാരാണ് ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും. ഏത് ഫോര്‍മാറ്റിലും ഒരുപോലെ മികവു കാട്ടുന്ന ഇവര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ കംപ്ലീറ്റ് പ്ലേയറാണ് സൂര്യകുമാര്‍ യാദവാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.കഴിഞ്ഞ ദിവസം സ്പോർട്സ് മാധ്യമത്തോട് സംസാരിക്കവെയായിരുന്നു ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൽ മുൻപ് തനിക്കൊപ്പം കളിച്ചിരുന്ന സൂര്യകുമാറിനെ ഭാജി പ്രശംസിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂര്യകുമാർ യാദവിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ച് പറഞ്ഞ ഹർഭജൻ, മുംബൈ ബാറ്റ്സ്മാനുമായി താൻ പുലർത്തുന്ന മികച്ച ബന്ധത്തെക്കുറിച്ചും മനസ് തുറന്നു. “വർഷങ്ങളായി ഞാൻ സൂര്യകുമാർ യാദവിനെ ഫോളോ ചെയ്യുന്നുണ്ട്. ഞാൻ മുംബൈ ഇന്ത്യൻസിനെ നയിച്ചു കൊണ്ടിരുന്ന സമയത്ത് അവൻ തീരെ ചെറുപ്പമായിരുന്നു. എന്നാൽ ഇന്ന് വിരാട് കോഹ്ലിക്കും, രോഹിത് ശർമ്മക്കും ശേഷം ബാറ്റിംഗിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പൂർണനായ കളികാരനാണ് അദ്ദേഹം.” ഹർഭജൻ പറഞ്ഞു.

“ഫാസ്റ്റ് ബോളിംഗിനെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു ബാറ്റിംഗ് പ്രതിഭാസമാണ് അദ്ദേഹം. ഇനിയും ധാരാളം സമയം അദ്ദേഹത്തിന് ബാക്കിയുണ്ട്. നിലവിൽ‌ സ്പി‌ൻ ബോളിംഗിനെതിരെ ഇതിനേക്കാൾ നന്നായി കളിക്കുന്ന ബാറ്റ്സ്മാനെ ഇന്ത്യയിൽ നിങ്ങൾക്ക് കാണാനാകില്ല‌. അതിനാൽ എന്റെ അഭിപ്രായത്തിൽ ഏകദിന ലോകകപ്പ് സ്ക്വാഡിലും, ഏകദിന സ്ക്വാഡിലും, ടി20, ടെസ്റ്റ് സ്ക്വാഡിലും സൂര്യകുമാറിനെ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.”ഹർഭജൻ പറഞ്ഞു നിർത്തി.

ദേശീയ ടീമിലെത്താനായി ദീര്‍ഘനാള്‍ കാത്തിരുന്ന സൂര്യകുമാര്‍ യാദവ് മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറിയുമായി വരവറിയിച്ച സൂര്യകുമാര്‍ യാദവ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ താരവുമായി.ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന സൂര്യകുമാറിനെയും പൃഥ്വി ഷായെയും പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിനും വാഷിംഗ്ടണ്‍ സുന്ദറിനും പകരമായി സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ക്രീസിലെത്തിയപാടെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സൂര്യകുമാര്‍ ആദ്യ പന്ത് നേരിടുമ്പോഴെ സെഞ്ചുറിയടിച്ച ബാറ്റ്സ്മാന്‍റെ ആത്മവിശ്വാത്തിലാണ് കളിക്കുന്നതെന്ന് മുഹമ്മദ് കൈഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.