❝ ഇത്തവണ ലങ്കൻ താരത്തിന് സമ്മാനം ബാറ്റ് ❞: വീണ്ടും കയ്യടി നേടി ഹാർദിക്

ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനം ആവേശത്തോടെ പുരോഗമിക്കുമ്പോൾ വീണ്ടും ചർച്ചയായി മാറുന്നത് ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ട്യയാണ്. ടി :20 പരമ്പര കളിക്കുന്ന ഇരു ടീമുകളും വാശിയോടെ ഏറ്റുമുട്ടിയ ആദ്യ ടി :20യിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 38 റൺസിന്റെ നിർണായക ജയം നേടിയപ്പോൾ ബാറ്റിങ് നിരയുടെ തകർച്ചയാണ് ശ്രീലങ്കക്ക് തിരിച്ചടിയായി മാറിയത്. മത്സരത്തിൽ ഇന്ത്യൻ ബൗളിംഗ് നിര ശക്തമായി പന്തെറിഞ്ഞപ്പോൾ എല്ലാ ലങ്കൻ ബാറ്റ്‌സ്മാന്മാർക്കും മികച്ച ഒരു തുടക്കം ലഭിച്ചിട്ടും അത് ഉപയോഗിക്കാൻ കഴിഞ്ഞില്ല.നാല് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ ഭുവനേശ്വർ കുമാറാണ് ടി :20 മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

എന്നാൽ മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങളും ചില ശ്രീലങ്കൻ താരങ്ങളും തമ്മിൽ നടന്ന സൗഹൃദ സംഭാഷണമാണ് നാടകീയമായ സംഭവങ്ങൾക്ക് എല്ലാം കാരണമായി മാറിയത്. മത്സരത്തിന് ശേഷം ഹാർദിക് പാണ്ട്യ തന്റെ ഒരു ബാറ്റ് ലങ്കൻ താരം കരുണരത്നക്ക്‌ സമ്മാനിച്ചത് ആരാധകരെയും ഒപ്പം ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം അമ്പരപ്പിച്ചു.ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് തുടങ്ങിയവരാണ് ലങ്കൻ ടീം താരങ്ങളുമായി സൗഹൃദ സംഭാഷണം നടത്തിയത്.

കരുണരത്നയെ എല്ലാ ഇന്ത്യൻ താരങ്ങളും അഭിനന്ദിക്കുന്ന കാഴ്ചകളും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. കരുണരത്ന മത്സരത്തിൽ നാല് ഓവറിൽ 1 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യൻ നായകൻ ശിഖർ ധവാന്റെ വിക്കറ്റ് വീഴ്ത്തിയത് കരുണരത്നയാണ്. ഹാർദിക് പാണ്ട്യ തനിക്ക് ബാറ്റ് നൽകിയ വീഡിയോ കരുണ രത്ന തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ആരാധകർ പലരും ഇതിനകം ഹാർദിക് പാണ്ട്യയെ അഭിനന്ദിച്ച് രംഗത്ത് എത്തി കഴിഞ്ഞു

നേരത്തെ മത്സരത്തിന് മുൻപായി ഹാർദിക് പാണ്ട്യ ശ്രീലങ്കൻ ടീമിന്റെ ദേശീയ ഗാനത്തിന് ഒപ്പം തന്റെ ചുണ്ടുകൾ അനക്കിയത് ചർച്ചയായി മാറിയിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ഹാർദിക് ഇന്നലെ ടി :20 മത്സരത്തിൽ ബാറ്റിങ്ങിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. താരം 12 പന്തുകളിൽ നിന്നും 10 റൺസ് മാത്രമാണ് നേടിയത്.