❝ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി പാണ്ട്യ , ആദ്യ ടി 20 യിൽ ജയവുമായി ഇന്ത്യയുടെ യുവ നിര❞

സതാംപ്ടണിലെ ഏജിയാസ് ബൗളിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ 50 റൺസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19.3 ഓവറിൽ 148 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യക്കായി ബൗളർമാരിൽ മികച്ചുനിന്നത്.നേരത്തെ ഹാർദിക് പാണ്ഡ്യ തന്റെ കന്നി ടി20 അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യ എട്ട് വിക്കറ്റിന് 198 റൺസെടുത്തു.

സൂര്യകുമാർ യാദവും ദീപക് ഹൂഡയും 39, 33 റൺസെടുത്ത ശേഷം ഹാർദിക് 51 റൺസ് നേടി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ 23 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി. 199 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് നേരിട്ട ആദ്യ പന്തിൽ തന്നെ അപകടകാരിയായ ജോസ് ബട്ട്ലറിന്റെ വിക്കറ്റ് ഭുവനേശ്വർ കുമാർ തെറുപ്പിച്ചപ്പോൾ ഇന്ത്യ മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. ജേസൻ റോയ് റൺസ് കണ്ടത്താൻ വിഷമിച്ചപ്പോൾ 21 റൺസ് നേടിയ ഡേവിഡ് മലാനെയും റൺസ് ഒന്നും നേടാത്ത ലിവിങ്സ്റ്റോണിനെയും ഹാർദിക് മടക്കി. തുടർന്ന് 16 പന്തിൽ 4 റൺസ് മാത്രം എടുത്ത റോയിയെയും ഹാർദിക് ഹർഷൽ പട്ടേലിന്റെ കയ്യിൽ എത്തിച്ചു.

തുടർന്ന് ബ്രൂക്, മോയിൻ അലി എന്നിവർ ചേർന്ന് കൂട്ടുകെട്ട് ഉയർത്തിയെങ്കിലും രണ്ടു പേരെയും ചഹാൽ മടക്കി.ബ്രൂക് 23 പന്തിൽ 28 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മോയിൻ അലി 20 പന്തിൽ 36 റൺസ് ആണ് നേടിയത്. 17 പന്തിൽ 26 റൺസ് നേടി ക്രിസ് ജോർദൻ പുറത്താകാതെ നിന്നെങ്കിലും മറുപുറത്ത് വിക്കറ്റുകൾ വീണു. ഹാർദിക് 4 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ചഹാൽ, വാലറ്റക്കാരെ മടക്കിയ അർഷ്ദീപ് സിംഗ് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്.14 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 24 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. മോയിന്‍ അലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറിന് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം.മൂന്നാം നമ്പറില്‍ അവസരം ലഭിച്ച ദീപക് ഹൂഡ അവസരം മുതലാക്കി. കടന്നാക്രമിച്ച താരം 17 പന്തില്‍ മൂന്ന് ഫോറും 2 സിക്സും ഉള്‍പ്പെടെ 33 റണ്‍സാണ് നേടിയത്.

സൂര്യകുമാർ യാദവ് 19 പന്ത് നേരിട്ട് 4 ഫോറും 2 സിക്സും ഉള്‍പ്പെടെ 39 റൺസ് നേടി.പാണ്ട്യ 33 പന്തില്‍ 6 ഫോറും 1 സിക്സും ഉള്‍പ്പെടെ 51 റണ്‍സ് നേടി. ദിനേഷ് കാര്‍ത്തികിന് മുമ്പ് ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ 12 പന്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 17 റണ്‍സ് നേടി.200ന് മുകളില്‍ പോകേണ്ട ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 198ല്‍ പിടിച്ചുനിര്‍ത്താന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായി.