ക്യാച്ച് നഷ്ടപെട്ട വേദനയിൽ സഞ്ജു സാംസൺ ,ക്യാപ്റ്റൻസി മികവ് കാണിച്ച് ഹർദിക്

ശ്രീലങ്കക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചെങ്കിലും, വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരം അദ്ദേഹത്തിന് അത്ര നല്ല ഓർമ്മകൾ അല്ല സമ്മാനിച്ചത്. ഇന്ത്യയുടെ ടി20 ടീമിൽ സഞ്ജു സജീവ സാന്നിധ്യം അല്ലാത്തതുകൊണ്ട് തന്നെ, പ്ലെയിംഗ് ഇലവനിൽ ലഭിച്ച അവസരത്തിൽ സഞ്ജുവിന് തിളങ്ങാൻ കഴിയട്ടെ എന്നതായിരുന്നു ഓരോ ആരാധകരുടെയും പ്രതീക്ഷ. എന്നാൽ, ബാറ്റിംഗ് ഓർഡറിൽ നാലാമനായി എത്തിയ സഞ്ജു ക്രീസിൽ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്.

ധനഞ്ജയ ഡി സിൽവ എറിഞ്ഞ ഇന്നിങ്സിന്റെ 7-ാം ഓവറിലെ അഞ്ചാമത്തെ ഡെലിവറിയിൽ ആണ് സഞ്ജു സാംസണ് വിക്കറ്റ് നഷ്ടമായത്. ദിൽഷൻ മധുഷങ്കക്ക് ക്യാച്ച് നൽകി സഞ്ജു മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ സമ്പാദ്യം, 6 ബോളുകളിൽ നിന്ന് വെറും 5 റൺസ് മാത്രമായിരുന്നു. അതേ ഓവറിൽ തന്നെ രണ്ട് ബോളുകൾക്ക് മുന്നേ, സഞ്ജുവിന്റെ ഷോട്ട് ടൈമിംഗ് പിഴച്ചെങ്കിലും, ഭാഗ്യം കൊണ്ട് അദ്ദേഹത്തിന് വീണ്ടും ഒരു അവസരം ലഭിക്കുകയായിരുന്നു. എന്നാൽ, ലഭിച്ച ഈ അവസരവും സഞ്ജുവിന് മുതലെടുക്കാൻ ആകാതിരുന്നത് ആരാധകരെ അലോസരപ്പെടുത്തി.

സഞ്ജു സാംസണിന്റെ ഷോട്ട് സെലക്ഷനെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്ക്കർ വിമർശിക്കുകയും ചെയ്തു. ബാറ്റിംഗിൽ നിരാശപ്പെടുത്തിയ സഞ്ജുവിന് ഫീൽഡിങ്ങിലും പിഴക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആണ് ഇന്ത്യക്ക് വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്തത്. ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ശ്രീലങ്കൻ ഓപ്പണർ പതും നിസ്സങ്കയെ പുറത്താക്കാൻ ഒരു സുവർണ്ണാവസരം ഇന്ത്യയ്ക്ക് ലഭിച്ചു.

ഹാർദിക് പാണ്ഡ്യയുടെ സ്വിങ് ചെയ്ത് എത്തിയ ബോൾ, നിസ്സങ്ക സ്ക്വയർ ഷോട്ടിന് ശ്രമിച്ചതോടെ, ബോൾ സഞ്ജു സാംസണിലേക്ക് ഉയർന്ന് എത്തുകയായിരുന്നു. ബോളിലേക്ക് ഇരുകൈയും നീട്ടി ഡൈവ് ചെയ്ത സഞ്ജുവിന്റെ കയ്യിൽ ബോൾ ആദ്യം കുടുങ്ങിയെങ്കിലും, അദ്ദേഹത്തിന്റെ കൈമുട്ട് നിലത്ത് പതിച്ചതിന്റെ പിന്നാലെ, ബോൾ തെറിച്ചു പോവുകയായിരുന്നു. മറ്റു എല്ലാ ഇന്ത്യൻ താരങ്ങളെയും പോലെ തന്നെ, സഞ്ജു ക്യാച്ച് പിടിക്കും എന്ന് ഹാർദിക് പാണ്ഡ്യയും ഉറപ്പിച്ചിരുന്നു. എന്നാൽ സഞ്ജുവിന്റെ കയ്യിൽ നിന്ന് ക്യാച്ച് മിസ്സായതിനുശേഷം, ഹാർദിക് ക്ഷുഭിതനായില്ല എന്നത്, അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി മികവ് കാണിക്കുന്നു.

Rate this post