ആരാധകർ കാത്തിരുന്ന ഇന്നിങ്സ് !! ഐപിഎൽ 2023 ലെ ആദ്യ സെഞ്ച്വറിയുമായി ഹാരി ബ്രൂക്ക്

ഐപിഎൽ 2023 ലെ ആദ്യ സെഞ്ച്വറി നേടി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഹാരി ബ്രൂക്ക് .ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 55 പന്തിൽ നിന്നാണ് ബ്രൂക്ക് മൂന്നക്കം കടന്നത്.2022 ഡിസംബറിലെ ലേലത്തിൽ 13.25 കോടി രൂപ മുടക്കിയാണ് 24 കാരനെ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചത്.55 പന്തിൽ നിന്നാണ് ബ്രൂക്ക് തന്റെ രണ്ടാം ടി20 സെഞ്ചുറി കുറിച്ചത്.

അതിൽ 12 ബൗണ്ടറികളും മൂന്ന് സിക്‌സും അടങ്ങിയിരുന്നു.ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ 228 എന്ന കൂറ്റൻ സ്കോറിലെത്തുകയും ചെയ്തു. ഈ സീസണിലെ ഏറ്റവും ഉയർന്ന സ്‌കോറും ഒരു സന്ദർശക ടീമിന്റെ എക്കാലത്തെയും ഉയർന്ന സ്‌കോറും സൺ റൈസേഴ്‌സ് സ്വന്തമാക്കി. ഐപിഎല്ലിൽ ഈ സീസണിൽ നടന്ന മൂന്നു മല്‍സരങ്ങളില്‍ നിന്നും വെറും 29 റണ്‍സാണ് ഹാരി ബ്രൂക്കിനു നേടാനായത്. 13 (21 ബോള്‍), 3 (നാല് ബോള്‍), 13 (14 ബോള്‍) എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

ഇതോടെ ബ്രൂക്കിനെ ഹൈദരാബാദ് പുറത്ത് ഇരുത്തുമോയെന്നു പലരും സംശയിക്കുകയും ചെയ്തു. പക്ഷെ ബ്രൂക്കിന്റെ കഴിവില്‍ സണ്‍റൈസേഴ്‌സിന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിനു മറ്റൊരു അവസരം കൂടി ഹൈദരാബാദ് നല്‍കിയത്.32 പന്തിൽ നിന്ന് അര്ധസെഞ്ചുറി തികച്ച ബ്രുക്ക് 15-ാം ഓവറിൽ ലോക്കി ഫെർഗൂസനെ നാല് ഫോറും ഒരു സിക്സും പറത്തി.ശിഖർ ധവാന്റെ 99 റൺസ് മറികടന്ന് സീസണിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ബ്രുക്ക് രേഖപ്പെടുത്തി.ബെൻ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലർ, ജോണി ബെയർസ്റ്റോ എന്നിവർക്ക് ശേഷം ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇംഗ്ലീഷ് താരമാണ് ബ്രൂക്ക്.

മത്സരത്തിൽ ഹൈദരാബാദ് നായകൻ എയ്ഡൻ മർകരം ബ്രൂക്കിനൊപ്പം ചേർന്ന് കൂട്ടുകെട്ട് പടുത്തുയർത്തുകയും അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. 26 പന്തിൽ നിന്നും 2 ബൗണ്ടറിയും അഞ്ചു സിക്‌സും ക്യാപ്റ്റൻ നേടി.തുടർച്ചയായ തോൽവികൾക്ക് ശേഷം പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ വിജയത്തിന്റെ പിൻബലത്തിലാണ് SRH കളിക്കളത്തിലിറങ്ങിയത്. അതേസമയം, പഞ്ചാബിനെതിരായ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം കെകെആർ ബാംഗ്ലൂരിനെതിരെയും ഗുജറാത്തിനെതിരെയും തുടർച്ചയായ വിജയങ്ങൾ നേടിയിരുന്നു.

Rate this post