❝സഞ്ജു ബ്രില്ല്യൻസ്..!! മലയാളി താരത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ❞|Sanju Samson

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആരംഭിക്കാനിരിക്കുന്ന  5 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ, ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎൽ ക്വാളിഫയർ 1 മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തന്റെ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ച് രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ. ടൈറ്റൻസിനെതിരെ പൊരുതാനുള്ള ടോട്ടൽ ഉയർത്തുന്നതിൽ സഞ്ജു സാംസൺ ഒരു അതിവേഗ ഇന്നിംഗ്സ് കളിച്ചു.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 11/1 എന്ന നിലയിൽ നിൽക്കുമ്പോൾ, മൂന്നാം നമ്പറിൽ സഞ്ജു സാംസൺ ബാറ്റ് ചെയ്യാനെത്തി. നേരിട്ട ആദ്യ ബോൾ തന്നെ സിക്സ് പറത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കളിയിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി. സ്റ്റാർ ഓപ്പണർ ജോസ് ബട്ട്‌ലറുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സാംസൺ, ജിടി ബൗളർമാരെ അനായാസം ബൗണ്ടറിയുടെ അതിർ വരമ്പുകളിലേക്ക് പായിച്ചുക്കൊണ്ടിരുന്നു.

ഗ്രൗണ്ടിന്റെ എല്ലാ കോണുകളിലേക്കും ഷോട്ടുകൾ പായിച്ച സഞ്ജു, ആക്രമണാത്മക ബാറ്റിംഗിലൂടെ ജിടി ബൗളർമാരുടെ മേൽ ആധിപത്യം സ്ഥാപിച്ചു. ഒടുവിൽ, 26 പന്തിൽ 5 ഫോറും 3 സിക്‌സും സഹിതം 47 റൺസെടുത്ത സഞ്ജു സാംസണെ സായ് കിഷോർ പുറത്താക്കുകയായിരുന്നു. അതേസമയം, ആരാധകർ സഞ്ജുവിന്റെ സ്ഫോടനാത്മക ബാറ്റിംഗിൽ അമ്പരന്നു. ആരാധകർ മുതൽ മുൻ ക്രിക്കറ്റ് താരങ്ങളും വിദഗ്ധരും വരെ സഞ്ജു സാംസണിന്റെ മിടുക്കിനെ പ്രശംസിച്ച് അതിശയിപ്പിക്കുന്ന പ്രതികരണങ്ങളുമായി എത്തി.

ഇക്കൂട്ടത്തിൽ, ജനപ്രിയ കമന്റേറ്ററും ക്രിക്കറ്റ് അനലിസ്റ്റുമായ ഹർഷ ഭോഗ്ലെയും സഞ്ജു സാംസണെ പ്രശംസിച്ച് രംഗത്തെത്തി. ടി20 ഫോർമാറ്റിൽ അർധസെഞ്ചുറികൾ പോലെയുള്ള ലാൻഡ്‌മാർക്കുകൾ വെച്ചല്ല അളക്കുന്നത്, മറിച്ച് നിർണായക പ്രകടനങ്ങളെ വെച്ചാണ് എന്ന് ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തു. “സഞ്ജു സാംസണിന്റെ ബ്രില്ല്യൻസ്. ഫിഫ്റ്റികൾ പോലെയുള്ള സാധാരണ ലാൻഡ്‌മാർക്കുകളിലല്ല ടി20 ക്രിക്കറ്റ് അളക്കുന്നത്. ഇവിടെ മത്സരങ്ങളിൽ നിങ്ങൾ ഉണ്ടാക്കുന്ന സ്വാധീനമാണ് പ്രധാനം,” ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തു.

സഞ്ജു സാംസണ്‍ ആടിത്തിമിര്‍ത്തെങ്കിലും രാജസ്ഥാനെ തോല്‍പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗുജറാത്ത് ഫൈനലിലെത്തിയത്.ഫൈനലിലെത്താന്‍ രാജസ്ഥാന് ഇനിയും ഒരവസരം കൂടിയുണ്ട്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ജയിക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് നേരിടാം. അതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും.