❝ ഹാരി കെയ്‌നിനു വേണ്ടി വൻ തുക ഓഫർ ചെയ്ത് മാഞ്ചസ്റ്റർ സിറ്റി ; നിലനിർത്താൻ അതിലും വലിയ തുക ഓഫർ ചെയ്ത ടോട്ടൻഹാം ❞

യൂറോ കപ്പിൽ മികച്ച പ്രകടനത്തോടെ ഒരു മത്സരവും തോൽക്കാതെയാണ് ഇംഗ്ലണ്ട് സെമിയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങുന്ന ഇംഗ്ലീഷ് നിര യൂറോയിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. സെമിയിൽ ഡെൻമാർക്കിനെ കീഴടക്കി യൂറോ കപ്പിലെ ആദ്യ ഫൈനൽ സ്പോട്ടും ആദ്യ കിരീടവുമാണ് ഇംഗ്ലീഷ് ടീം ലക്ഷ്യമിടുന്നത്.ഇംഗ്ലീഷ് ടീമിന്റെ കുതിപ്പിന്റെ പിന്നിലെ പ്രധാന ശക്തി അവരുടെ ക്യാപ്റ്റനും ഗോളടി യന്ത്രവുമായ ഹാരി കെയ്‌നാണ്.

റഷ്യ ലോകകപ്പില്‍ ടോപ് സ്‌കോററായ ഹാരി കെയിന്‍ യൂറോ 2020 ചാമ്പ്യന്‍ഷിപ്പിലും ഗോള്‍സ്‌കോറിംഗ് മികവ് കണ്ടെത്തിയിരിക്കുന്നു. ഗ്രൂപ്പ് റൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ ഗോളടിക്കാന്‍ സാധിക്കാതെ പോയ കെയിന്‍ നോക്കൗട്ട് റൗണ്ടില്‍ മൂന്ന് ഗോളുകള്‍ നേടി ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറുന്ന കാഴ്ച. പ്രീക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ ലക്ഷ്യം കണ്ട കെയിന്‍ ക്വാട്ടറില്‍ ഉക്രൈനെതിരെ രണ്ട് ഗോളുകള്‍ നേടി.സെമിയും ഫൈനലും ഉള്‍പ്പടെ രണ്ട് മത്സരങ്ങള്‍ ഇംഗ്ലീഷ് സ്‌ട്രൈക്കറിന് മുന്നിലുണ്ട്. ക്ലബ്ബ് ഫുട്‌ബോളില്‍ ടോട്ടനം ഹോസ്പറില്‍ ആയതു കൊണ്ട് മാത്രം മേജര്‍ കിരീടങ്ങളൊന്നും നേടാന്‍ കെയ്‌നിന് സാധിച്ചിട്ടില്ല. യൂറോ കപ്പ് വലിയ അവസരമാണ്. ഈ സ്‌കോറിംഗ് മികവ് തുടര്‍ന്നാല്‍ രാജ്യാന്തര ഫുട്‌ബോളില്‍ കെയ്‌നിന് ഇതിഹാസ മാനം കൈവരും.

ഇംഗ്ലണ്ടിനായി രണ്ട് മത്സരങ്ങളില്‍ നടത്തിയ ഗോളടി തന്നെ ടോട്ടനം സ്‌ട്രൈക്കറുടെ താരമൂല്യം ഉയര്‍ത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി 100 ദശലക്ഷം പൗണ്ടാണ് കെയ്‌നിന് ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ടോട്ടനം ഹോസ്പറിന്റെ പുതിയ കോച്ച് ന്യുനോ എസ്പിരിറ്റോ സാന്റോ ഹാരിയെ വിട്ടുകൊടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നു.ദേശീയ ടീമിലെ സ്റ്റെർലിങ് കെയ്ൻ കൂട്ട്കെട്ട് സിറ്റിയിലും കൊണ്ട് വരാനാണ് പരിശീലകൻ പെപ് ശ്രമിക്കുന്നത്. ബാഴ്സലോണയിലേക്ക് പോയ അർജന്റീനിയൻ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോക്ക് പകരക്കാരൻ ആയാണ് ഇംഗ്ലീഷ് സ്‌ട്രൈക്കർ സിറ്റി കാണുന്നത്.

150 ദശലക്ഷം പൗണ്ടിന്റെ പുതിയ കരാര്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ടോട്ടനം ചെയര്‍മാന്‍ ഡാനിയല്‍ ലെവി. എന്നാല്‍, ട്രാന്‍സ്ഫര്‍ വിഷയത്തില്‍ ഹാരിയുടെ തീരുമാനം തന്നെയാകും അന്തിമം. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോററായും ടോപ് അസ്സിസ്റ് മേക്കറുമാണ് കെയ്ൻ . ലീഗിൽ 23 ഗോളുകൾ നേടിയ കെയ്ൻ 14 അസിസ്റ്റുകൾ നേടി. എന്നാൽ ടോട്ടൻഹാമിനൊപ്പം കരിയറില്‍ ഓര്‍ത്തുവെക്കാന്‍ വലിയ കിരീട വിജയങ്ങളില്ലാത്തത് ഇംഗ്ലീഷ് സൂപ്പര്‍ സ്‌ട്രൈക്കറെ വേട്ടയാടുന്നുണ്ട്. അടുത്ത സീസണിൽ ടോട്ടൻഹാം ചാമ്പ്യൻസ് ലീഗിന് യോഗ്യതഹാ നേടാൻ സാധിക്കാത്തതും ഇംഗ്ലീഷ് സ്‌ട്രൈക്കർ മാറി ചിന്തിപ്പിച്ചേക്കാം. 2024 വരെയാണ് കെയ്‌നിനു ടോട്ടൻഹാമുമായി കരാറുള്ളത് അതിനാൽ ഈ വർഷം ഫോർവേഡ് വിൽക്കാൻ സ്പർസിന് കരാർപരമായ സമ്മർദ്ദമില്ല. താരത്തെ എന്ത് വിലകൊടുത്തും നിലനിർത്താൻ തന്നെയാവും ടോട്ടൻഹാം തീരുമാനം.