” രണ്ടു തവണ സ്റ്റാൻഡിൽ ഇരുന്നു ഫൈനൽ കണ്ടു , ഇപ്പോൾ ഫൈനൽ കളിക്കാനിറങ്ങുന്നു ; രാഹുൽ കെ പി ” |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റ വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു മലയാളി താരം രാഹുൽ കെ പി പരിക്കേറ്റ് പുറത്തായത്.സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ താരം പരിക്കേറ്റ പുറത്തു പോവുകയും ചെയ്തു.അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകിയിരുന്നു.പരിക്കിൽ നിന്നും മുകതനായ താരം വീണ്ടും കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചു വരികയും ചെയ്തു.

2019 മുതൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയണിയുന്ന 22 കാരൻ ആദ്യ ഐസ്എൽ ഫൈനൽ കളിക്കുന്നതിനിടെ വലിയ ആവേശത്തിലാണ്. പരിക്ക് മൂലം ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമായങ്കിലും ഫൈനലിൽ തന്റെ സാന്നിധ്യം അറിയിക്കാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് താരം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഹൈദെരാബാദാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കിരീടം നേടാൻ ഉറച്ചു തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

“എനിക്ക് ടീം ആണ് ഏറ്റവും പ്രധാനം. വ്യക്തിപരമായി എനിക്ക് ഇതിലും മികച്ചത് ചെയ്യാമായിരുന്നു, പക്ഷേ ചില സാഹചര്യങ്ങൾ കാരണം ഇത് എനിക്ക് നിർഭാഗ്യകരമാണ്. ഇപ്പോൾ ഫൈനലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്” രാഹുൽ പറഞ്ഞു.”ടീമിനെയും ഓരോ അംഗത്തെയും കുറിച്ച് അഭിമാനമുണ്ട്. ടീം ബസ് ഡ്രൈവര്‍, ഫിസിയൊ, പരിശീലകര്‍, ആരാധകര്‍, അങ്ങനെ എല്ലാവരോടും അത്യധികം സ്‌നേഹവും ബഹുമാനവും അഭിമാനവും. കാരണം, ഞാന്‍ കേരളീയനാണ്, എല്ലാവരെയും ഏറെ ഇഷ്ടമാണ്” രാഹുല്‍ പറഞ്ഞു.

“ഇത് ആദ്യമായിട്ടാണ് (ഫൈനൽസിൽ) അതും എന്റെ ഡ്രീം ക്ലബ്ബിനൊപ്പം. ഞാനൊരു ലോക്കൽ പയ്യനാണ് ,കേരള ബ്ലാസ്‌റ്റേഴ്‌സ് മുമ്പ് കളിച്ച രണ്ട് ഫൈനലുകളും സ്റ്റാര്‍ഡില്‍ ഇരുന്ന് കണ്ടു, ഇപ്പോള്‍ ടീമിനൊപ്പം കളിക്കാനൊരുങ്ങുന്നു. ശരിക്കും എനിക്ക് അത്ഭുതം തോന്നുന്നു ,ഇതിനെക്കാളും മികച്ച ഒരു വികാരം എനിക്കില്ല” രാഹുൽ പറഞ്ഞു. ” ബ്ലാസ്റ്റേഴ്സിൽ ചേർന്നത് മുതൽ, പ്ലേ ഓഫ് കളിക്കാനും ട്രോഫി നേടാനും ഞാൻ സ്വപ്നം കണ്ടു. ഇപ്പോൾ ഞങ്ങൾക്ക് ഒരു മികച്ച അവസരമുണ്ടെന്ന് ഞാൻ കരുതുന്നു.ഞങ്ങൾ എങ്ങനെ പ്രകടനം നടത്തുന്നു, ഞങ്ങൾ ട്രോഫി നേടാൻ ശ്രമിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.