❝ഈ നിമിഷത്തിനായി ഞാൻ 15 വർഷം കാത്തിരിന്നിട്ടുണ്ട്❞ ; കിരീട നേട്ടത്തിന് ശേഷം ഹാവെർട്സ്

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചെൽസിയുടെ നിർണായക ഗോൾ നേടിയത് ജർമൻ താരമായ കൈ ഹാവെർട്സാണ്. ഹാവെർട്‌സിന്റെ 42-ാം മിനുട്ടിലെ ഗോൾ ജർമൻ താരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോളാണ്.2013 മുതൽ ഫൈനലിൽ ചാമ്പ്യൻസ് ലീഗ് അക്കൗണ്ട് തുറക്കുന്ന ആദ്യ കളിക്കാരനായി കൈ ഹാവെർട്സ് മാറി.2013 ൽ ഇൽകെ ഗുണ്ടോഗന് ഫൈനലിലാണ് ചാമ്പ്യൻസ് ലീഗിലെ തന്റെ ആദ്യ ഗോൾ നേടിയത്. ചെൽസിക്കും ലെവർകൂസനുമൊപ്പം 20 മത്സരങ്ങൾ കളിച്ചതിനു ശേഷമാണ് ഹാവേർട്സ് ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോൾ നേടുന്നത്.

“എന്ത് പറയണമെന്ന് എനിക്കറിയില്ല, ഞാൻ വളരെക്കാലം കാത്തിരുന്നു ഈ നിമിഷത്തിനായി ഞാൻ 15 വർഷം പ്രവർത്തിച്ചിട്ടുണ്ട്” മത്സരശേഷം 21 കാരനായ ഹാവെർട്സ് ബിടി സ്പോർട്ടിനോട് പറഞ്ഞു.”ഇപ്പോൾ ഞാൻ എന്റെ കുടുംബത്തിനും എന്റെ മാതാപിതാക്കൾക്കും മുത്തശ്ശിക്കും കാമുകിക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഈ നിമിഷത്തിനായി ഞാൻ 15 വർഷം കാത്തിരുന്നു, ഇപ്പോൾ ഇത് ഇവിടെയുണ്ട്.”ചെൽസി ക്യാപ്റ്റൻ സീസർ അസ്പിലിക്കുറ്റയും യുവ ജർമൻ ഫോർവേഡിനെ പ്രശംസിച്ചു.

“ഹാവെർട്സിന്റെ മാനസികാവസ്ഥ മികച്ചതാണ് ,ഭാവിയിലെ ഒരു സൂപ്പർ താരമാകും. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അദ്ദേഹം ഈ ഗോളും വിജയവും അർഹിക്കുന്നുണ്ട്” ക്യാപ്റ്റൻ പറഞ്ഞു . ഒരിക്കലും വിട്ടുകൊടുക്കാൻ താല്പര്യപെടാത്ത കളിക്കാരനാണ് ഹാവേർട്സ് .ശാരീരികമായി അത്ര മികച്ചതല്ലെങ്കിലും തന്റെ ഉയരവും , അവിശ്വസനീയമായ പന്തിൽമേലുള്ള നിയന്ത്രണവും ,ശ്യൂന്യതയിൽ നിന്നും അവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും യുവ താരത്തിനെ വ്യത്യസ്തനാക്കുന്നുണ്ട്.


2020-21 സീസണിന് മുന്നോടിയായി 71- മില്യൺ ഡോളർ വിലമതിക്കുന്ന ഒരു കരാറിൽ ബയേർ ലെവർകൂസണിൽ നിന്നാണ് ജർമൻ ഇന്റർനാഷണൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തുന്നത്. തുടക്ക കാലത്ത് താളം കണ്ടെത്താൻ പാടുപെട്ടെങ്കിലും ട്യുച്ചലിന്റെ വരവോടു കൂടി ടീമിന്റെ അവിഭാജ്യ ഘടകമായി താരം മാറി.1997 ൽ ബോറുസിയ ഡോർട്മുണ്ടിന്റെ ലാർസ് റിക്കന് ശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്കോർ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ ജർമ്മൻ കളിക്കാരനായി അദ്ദേഹം മാറി.ചരിത്രത്തിലെ ഏഴ് പ്രധാന യൂറോപ്യൻ ഫൈനലുകളിൽ ആറിലും കിരീടം നേടാൻ ചെൽസിക്കായി.റോമൻ അബ്രമോവിച്ച് കാലഘട്ടത്തിൽ മാത്രം ഇത് അവരുടെ നാലാമത്തെ യൂറോപ്യൻ വിജയമാണ് (2020-21, 2011-12 ലെ ചാമ്പ്യൻസ് ലീഗ്, 2012-13 ൽ യൂറോപ്പ ലീഗ് ഒപ്പം 2018-19).

പോലീസുകാരന്റെയും അഭിഭാഷകയുടെയും മകനായി ജനിച്ച ഹാവേർട്സ് നാല് വയസ്സ് മുതൽ തന്നെ പരിശീലനം ആരംഭിച്ചിരുന്നു. 2010 ൽ ലെവർകൂസൻ യൂത് അക്കാദമിയിൽ എത്തിയതാണ് താരത്തിന്റെ ജീവിതത്തിൽ വലിയ മാറ്റം. 2016 ൽ 17 ആം വയസ്സിൽ ബുണ്ടസ്ലിഗയിൽ ലെവർകുസണിനായി അരങ്ങേറ്റം കുറിച്ച ഹാവെർട്സ് ക്ലബ്ബിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ കളിക്കാരനായി മാറി, അടുത്ത വർഷം തന്റെ ആദ്യ ഗോൾ നേടിയപ്പോൾ അദ്ദേഹം അവരുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി.

ജർമ്മൻ ടോപ്പ് ഫ്ലൈറ്റിൽ 50, 100 ലീഗ് മത്സരങ്ങളിൽ നാഴികക്കല്ലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് അദ്ദേഹം. നാല് സീസണുകളിൽ ലെവർകൂസൻ ജേഴ്സിയണിഞ്ഞ ഹാവേർട്സ് അവർക്കായി 150 മത്സരങ്ങളിൽ നിന്നും 46 ഗോളുകൾ നേടിയിട്ടുണ്ട് . 2018 ൽ ജർമൻ ദേശീയ ടീമിലെത്തിയ ഹാവേർട്സ് വരുന്ന യൂറോയിൽ ജർമനിയുടെ പ്രതീക്ഷയാണ്.