❝സഞ്ജുവിന്റെ ആദ്യ ഏകദിന അർദ്ധ സെഞ്ചുറി നിരവധി നേട്ടങ്ങളുടെ തുടക്കമാവട്ടെ❞ :സഞ്ജുവിനെ പ്രശംസിച്ച് വിൻഡീസ് ഇതിഹാസം

പുരോഗമിക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലേക്ക് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസനെ ഉൾപ്പെടുത്തി എന്നറിഞ്ഞപ്പോൾ തന്നെ, മലയാളി ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത് സഞ്ജുവിന്റെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾക്കാണ്. എന്നാൽ, ജൂലൈ 22-ന് നടന്ന ഒന്നാം ഏകദിന മത്സരത്തിൽ 18 പന്തിൽ 12 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇത് ആരാധകരെ ഏറെ നിരാശരാക്കുകയും ചെയ്തു.

എന്നാൽ, ഇന്നലെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ തന്റെ ആരാധകർക്കായി ഒരു ബാറ്റിംഗ് വിരുന്നാണ് സഞ്ജു ഒരുക്കിയത്. 51 പന്തിൽ 3 ഫോറും 3 സിക്സും സഹിതം 105.88 സ്ട്രൈക്ക് റേറ്റിൽ 54 റൺസ് ആണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി പ്രകടനം മത്സരത്തിന്റെ ഫലം ഇന്ത്യക്ക് അനുകൂലമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

റൊമാരിയോ ഷെഫേർഡിന്റെ ഓവറിൽ നിർഭാഗ്യകരമായ ഒരു റൺഔട്ടിൽ കുടുങ്ങിയാണ് സഞ്ജു മടങ്ങിയത്. എന്നിരുന്നാലും സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി പ്രകടനം ആരാധകരെ ആവേശത്തിലാക്കി. ക്രിക്കറ്റ് ലോകത്തിന്റെ പല കോണുകളിൽ നിന്നും ആരാധകരും മുൻ ക്രിക്കറ്റർമാരും സഞ്ജുവിന് അഭിനന്ദനങ്ങൾ നേർന്ന് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.

ഇക്കൂട്ടത്തിൽ, ഇപ്പോൾ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരവും സഞ്ജുവിന്റെ കടുത്ത ആരാധകനുമായ ഇയാൻ ബിഷപ്പും സഞ്ജുവിനെ അഭിനന്ദനങ്ങൾ നേർന്നു. “സഞ്ജുവിന്റെ ആദ്യ ഏകദിന അർദ്ധ സെഞ്ചുറി. ഇത്‌ നിരവധി നേട്ടങ്ങളുടെ തുടക്കമാവട്ടെ എന്ന് എല്ലാ സഞ്ജു ആരാധകരും പ്രതീക്ഷിക്കുന്നു,” ഇയാൻ ബിഷപ് ട്വീറ്റ് ചെയ്തു. വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജു, ബാറ്റിങ്ങിലും ഈ ഫോം തുടരുകയാണെങ്കിൽ ഭാവിയിലും ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ വരും എന്നത് തീർച്ചയാണ്.

പാക് മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേറിയയും സഞ്ജുവിനെ അഭിനന്ദിച്ചു രംഗത്ത് വന്നു.’സഞ്ജു ഗംഭീര താരമാണ്. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ താരം ടീമിനുള്ളിലും പുറത്തുമായിക്കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയാല്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പാണ്. അഴകുള്ള ബാറ്റിംഗാണ് താരത്തിന്‍റേത്. ദൈര്‍ഘ്യമുള്ള ഇന്നിംഗ്‌സുകള്‍ കളിക്കാനുള്ള പ്രതിഭ സഞ്ജുവിനുണ്ട്”അദ്ദേഹം പറഞ്ഞു.