❛❛ തോൽവി അറിയാതെ 31 മത്സരങ്ങൾ , അർജന്റീനയുടെ അപരാജിത കുതിപ്പിന് ആര് തടയിടും ? ❜❜ | Argentina |Lionel Messi

2019 ജൂലൈ 3, പൊട്ടിക്കരയുന്ന അർജന്റീനിയൻ ആരാധകരെ നോക്കി ചിരവൈരികളായ ബ്രസീൽ ആരാധകർ അവസാനമായി പൊട്ടിച്ചിരിച്ച ദിവസം. സൗത്തമേരിക്കൻ ഫുട്ബോളിന്റെ പോരാട്ടക്കളമായ കോപ്പ അമേരിക്കയുടെ സെമിയിൽ ബ്രസീൽ അർജന്റീനയെ എതിരില്ലാത്ത 2 ഗോളിന് പരാജയപ്പെടുത്തുന്നു, ലയണൽ മെസ്സി എന്ന ഫുട്ബോളർ അന്താരാഷ്ട്ര കിരീടങ്ങളില്ലാതെ പടിയിറങ്ങുമെന്ന് വിമർശകർ പ്രചരിപ്പിച്ചു തുടങ്ങി.

എന്നാൽ, പിന്നീട് കണ്ടത് ഫിനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്ന് ഉയർന്നുവരുന്ന അർജന്റീനയെ ആയിരുന്നു. ലയണൽ സ്കലോനി എന്ന അർജന്റീനക്കാരൻ മാനേജർക്ക് കീഴിൽ തോൽവിയറിയാതെ 31 മത്സരങ്ങൾ പിന്നിട്ട അർജന്റീനയെയാണ് ലോക ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. ഇപ്പോഴും തുടരുന്ന ഈ വിജയ യാത്രയിൽ 28 വർഷത്തെ അന്താരാഷ്ട്ര കിരീട വരൾച്ചക്ക് വിരാമമിട്ട അർജന്റീന, 2021 കോപ്പ അമേരിക്ക ജേതാക്കളായി, അതും ബദ്ധവൈരികളായ ബ്രസീലിനെ ഫൈനലിൽ പരാജയപ്പെടുത്തി.

ഇതിനു മുൻപ് അർജന്റീന മുപ്പത്തിയൊന്നു മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ചത് ആൽഫിയോ ബാസിൽ പരിശീലകനായി 1991 മുതൽ 1993 വരെയുള്ള സമയത്താണ്. ആ അപരാജിത കുതിപ്പിൽ 1991ലെയും 1993ലെയും കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് സ്വന്തമാക്കാനും കഴിഞ്ഞിരുന്നു. ഇപ്പോൾ സമാനമായ കുതിപ്പിൽ ഒരു കോപ്പ അമേരിക്ക സ്വന്തമാക്കിയ അർജന്റീനക്കു മുന്നിൽ ഇനി ലോകകിരീടമെന്ന ലക്‌ഷ്യമുണ്ട്.

അന്താരാഷ്ട്ര ഫുട്ബോളിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തീകരിച്ച ടീം ഇറ്റലിയാണ്. 37 മത്സരങ്ങൾ അപരാജിതരായി ഇറ്റലി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഈ റെക്കോർഡിൽ ഇറ്റലിക്ക് പിറകിലുള്ളത്, തുടർച്ചയായ 35 മത്സരങ്ങൾ അപരാജിതരായ ബ്രസീലും സ്പെയിനുമാണ്. 1991 നും 93 നും ഇടയിൽ അർജന്റീന നടത്തിയ 31 മത്സരങ്ങളുടെ അപരാജിത കുതിപ്പാണ് പട്ടികയിൽ നാലാമത്.

നിലവിൽ ഏത് വമ്പന്മാരെയും പരാജയപ്പെടുത്താൻ കെൽപ്പുള്ള ടീമാണ് അർജന്റീന. 31 മത്സരങ്ങളുടെ അപരാജിത കുതിപ്പിൽ രണ്ട് തവണ ബ്രസീലിനെ പരാജയപ്പെടുത്തിയതും, സൗത്തമേരിക്കൻ ടീമുകൾക്ക് പുറമെ യൂറോപ്പ്യൻ വമ്പന്മാരായ ജർമനിയും, മെക്സിക്കോയുമെല്ലാം അർജന്റീനയുമായി കൊമ്പ് കോർത്തിട്ടും അർജന്റീനയുടെ അപരാജിത യാത്രയെ തടയിടാൻ ആവാത്തതും, ഇന്ന് ലോക ഫുട്ബാളിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായി അർജന്റീനയെ കണക്കാക്കപ്പെടുന്നു.അർജന്റീന 2019-ൽ ചിലിക്കെതിരായ കോപ്പ അമേരിക്ക മൂന്നാം സ്ഥാന മത്സരത്തിൽ 2-1 ന് വിജയിച്ചു, അർജന്റീന അവരുടെ തോൽവിയില്ലാത്ത പരമ്പര ആരംഭിച്ചു, അതിനുശേഷം അർജന്റീന ഒരു കളിയും തോറ്റിട്ടില്ല.

കോപ്പ അമേരിക്ക 2019: അർജന്റീന 2-1 ചിലി (മൂന്നാം സ്ഥാനത്തെ കളി).
സൗഹൃദ മത്സരങ്ങൾ: ചിലി 0-0 അർജന്റീന; അർജന്റീന 4-0 മെക്സിക്കോ; ജർമ്മനി 2-2 അർജന്റീന; ഇക്വഡോർ 1-6 അർജന്റീന; ബ്രസീൽ 0-1 അർജന്റീന; അർജന്റീന 2-2 ഉറുഗ്വായ്.

ലോകകപ്പ് യോഗ്യത: അർജന്റീന 1-0 ഇക്വഡോർ; ബൊളീവിയ 1-2 അർജന്റീന; അർജന്റീന 1-1 പരാഗ്വേ; പെറു 0-2 അർജന്റീന; അർജന്റീന 1-1 ചിലി; കൊളംബിയ 2-2 അർജന്റീന, വെനസ്വേല 1-3 അർജന്റീന, അർജന്റീന 3-0 ബൊളീവിയ; പരാഗ്വെ 0-0 അർജന്റീന; അർജന്റീന 3-0 ഉറുഗ്വായ്; അർജന്റീന 1-0 പെറു; ഉറുഗ്വായ് 0 – അർജന്റീന 1; അർജന്റീന 0 – ബ്രസീൽ 0; ചിലി 1-2 അർജന്റീന; അർജന്റീന 1-0 കൊളംബിയ; അർജന്റീന 3-0 വെനസ്വേല; ഇക്വഡോർ 1-1 അർജന്റീന

കോപ്പ അമേരിക്ക 2021: അർജന്റീന 1-1 ചിലി; അർജന്റീന 1-0 ഉറുഗ്വായ്; അർജന്റീന 1-0 പരാഗ്വേ; അർജന്റീന 4-1 ബൊളീവിയ; അർജന്റീന 3-0 ഇക്വഡോർ; അർജന്റീന 1(3) – 1(2) കൊളംബിയ; ബ്രസീൽ 0-1 അർജന്റീന