❝സഞ്ജു, നിങ്ങൾക്ക് സെഞ്ച്വറി നേടാൻ കഴിയാത്തതിൽ സങ്കടം ഉണ്ടോ..? മുൻ ഇന്ത്യൻ താരത്തിന് സഞ്ജു നൽകിയ മറുപടി ഇങ്ങനെ❞

അയർലൻഡിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യ 4 റൺസിന്റെ ആവേശകരമായ വിജയം നേടി, പരമ്പര 2-0 ന് സ്വന്തമാക്കി. സന്ദർശകർ 20 ഓവറിൽ 225/7 എന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ, അയർലൻഡ് ലക്ഷ്യം ഏറെക്കുറെ പിന്തുടർന്നു, പക്ഷേ, ഇന്ത്യയുടെ സ്പീഡ്സ്റ്റർ ഉമ്രാൻ മാലിക് അവസാന ഓവറിൽ ലക്ഷ്യം മറികടക്കുന്നതിൽ നിന്ന് അയർലൻഡ് ബാറ്റർമാരെ തളച്ചിട്ടു.

നേരത്തെ, ഇന്ത്യക്ക് വേണ്ടി ദീപക് ഹൂഡ മിന്നുന്ന സെഞ്ച്വറി (57 പന്തിൽ 104) നേടിയപ്പോൾ തിരിച്ചുവരവ് ഗംഭീരമാക്കിയ സഞ്ജു സാംസൺ 42 പന്തിൽ 77 റൺസ് നേടി. ഇഷാൻ കിഷനൊപ്പം (3) ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌ത സാംസൺ 9 ഫോറും 4 സിക്‌സും പറത്തി ഡബ്ലിനിൽ 77 റൺസ് നേടി തന്റെ ക്ലാസ് പ്രകടനം പുറത്തെടുത്ത്, കളിയുടെ 17-ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യയെ 22 പന്തുകൾ ശേഷിക്കെ 189 എന്ന ശക്തമായ സ്‌കോറിലെത്തിച്ചു. മത്സരശേഷം, സാംസൺ തന്റെ ബാറ്റിംഗിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

സെഞ്ച്വറി നേടാനാകാത്തത്തിൽ വിഷമമുണ്ടോ എന്ന മുൻ ഇന്ത്യൻ താരം അജയ് ജഡേജയുടെ ചോദ്യത്തിന് സഞ്ജു നൽകിയ മറുപടി ഇങ്ങനെ,  “ഇതൊരു നല്ല കളിയായിരുന്നു. ഞങ്ങളുടെ കൂട്ടുകെട്ട്, അത്തരത്തിലുള്ള അവസ്ഥയിൽ, മത്സരത്തിൽ ചലനങ്ങളുണ്ടാക്കി. ബൗളർമാർ ശരിയായ സ്ഥലങ്ങളിൽ പന്തെറിയുകയാൻ തുടങ്ങിയപ്പോൾ, ഹൂഡ എനിക്ക് അത് വളരെ എളുപ്പമാക്കി എന്ന് ഞാൻ കരുതുന്നു. ഞങ്ങൾ നന്നായി ആശയവിനിമയം നടത്തി, അവൻ അങ്ങനെ ബാറ്റ്‌ ചെയ്യുമ്പോൾ, അയാൾക്ക് സ്ട്രൈക്ക് നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്.”

“എന്റെ വിക്കറ്റ് നഷ്ടമായപ്പോൾ, അവനും അതുതന്നെ സംഭവിച്ചു.  ഹൂഡയെ ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്, ഒരു ദിവസം, ഉടൻ തന്നെ, അത്തരം ഒരു സ്കോർ (സെഞ്ച്വറി) നേടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനും ബാറ്റ് ചെയ്ത രീതിയിൽ ഞാൻ വളരെ സന്തോഷവാനാണ്,” ജഡേജയുടെ ചോദ്യത്തിന് സാംസൺ മറുപടി നൽകി. “താങ്കളുടെ വാക്കുകൾ കേട്ടതിൽ സന്തോഷമുണ്ട് പക്ഷേ താങ്കൾക്കും സെഞ്ച്വറി നേടാൻ ആകും എന്നാണ് ഞാനും സ്വാനിയും (ഗ്രേം സ്വാൻ) പ്രതീക്ഷിച്ചത്. ക്ഷമിക്കണം, ഞാൻ നിങ്ങളുടെ ബാറ്റിംഗിന്റെ വലിയ ആരാധകനായതിനാലാണ് ഇത്രയും പ്രതീക്ഷ വെക്കുന്നത്,” അജയ് ജഡേജ പറഞ്ഞു. “നന്ദി അജയ് ഭായ്, ഇത് തീർച്ചയായും എന്നെ പ്രചോധിപ്പിക്കും. തീർച്ചയായും, വരും ഗെയിമുകളിൽ കൂടുതൽ റൺസ് നേടാൻ ഞാൻ ശ്രമിക്കും,” സഞ്ജു പറഞ്ഞു.

Rate this post