തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് ഹൈദരബാദ് ഉടമ കാവ്യാ മാരന്‍,നെഞ്ചുതകർന്ന് ആരാധകർ | IPL2024

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടി. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മൂന്നാമത്തെ കിരീടമാണിത്. 2012, 2014 വര്‍ഷങ്ങളിലായിരുന്നു ടീം മുന്‍പ് കിരീടമുയര്‍ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സില്‍ പുറത്തായി.ആന്ദ്രേ റസ്സൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈഭവ് അറോറയും മിച്ചൽ സ്റ്റാർക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മത്സരത്തിന് ശേഷം ഹൈദരബാദ് ഉടമ കാവ്യാ മാരന് തന്റെ കണ്ണുനീർ നിയന്ത്രിക്കാനായില്ല.മത്സരത്തിന് ശേഷമുള്ള കാവ്യാ മാരന്റെ പ്രതികരണത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ആദ്യ ഇന്നിം​ഗ്സിന്റെ തുടക്കം മുതലെ പലവിധ വികാരങ്ങൾ മിന്നി മറഞ്ഞ കാവ്യയുടെ മുഖത്ത് പിന്നീട് ദുഃഖം നിഴലിക്കുന്നതാണ് കണ്ടത്. ഓരോ വിക്കറ്റ് വീഴുമ്പോഴും നിരാശ പ്രകടമായിരുന്നു.കുറഞ്ഞ സ്കോറിൽ ഹൈദരാബാദ് പുറത്തായതോടെ നിരാശ ഇരട്ടിച്ചു. മറുപടി ബാറ്റിം​ഗിന് കൊൽക്കത്ത ഇറങ്ങിയപ്പോഴും തോൽവി ഉറപ്പിച്ച് കിരീടം കൈവിട്ട നിലയിലായിരുന്നു കാവ്യയുടെ ഭാവഭേദങ്ങൾ.

കൊല്‍ക്കത്ത ടീമിന്റെ വിജയത്തിന് ശേഷം അവര്‍ക്ക് വേണ്ടി കൈയ്യടിക്കുന്ന കാവ്യ മാരന്റെ വീഡിയോയും വൈറലായിട്ടുണ്ട്. കടുത്ത വിഷമത്തിലും കാവ്യയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനും അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.മാധ്യമങ്ങള്‍ കാണാതിരിക്കാൻ തന്‍റെ സങ്കടം കാവ്യ അടക്കിപ്പിടിക്കുന്നതും മുഖം തിരിച്ച് കണ്ണുനീര്‍ തുടയ്‌ക്കുന്നതുമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Rate this post