‘ശ്രീശാന്തിന്റെ മുഖത്തടിച്ചതിൽ ഇന്നും ഞാൻ ലജ്ജിക്കുന്നു’ : ഹർഭജൻ സിംഗ്

2008 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന പതിപ്പിനിടെ പിച്ചിൽ ശ്രീശാന്തിനെ തല്ലിയതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് പറഞ്ഞു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ബൗളർ നവീൻ ഉൾ ഹഖും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയും തമ്മിലുള്ള വാക്ക് തർക്കത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷമായിരുന്നു ഹർഭജന്റെ അഭിപ്രായം.

വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും ഐപിഎൽ മൽസരത്തിനുശേഷം കൊമ്പുകോർത്തതാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെയും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലെയും കളിക്കാർ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. ഐ‌പി‌എൽ 2023 സീസണിൽ ഇരു ടീമുകളും രണ്ടാം തവണ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കോഹ്ലിയും ഗംഭീറും നേർക്കുനേർ വന്നത്. ലഖ്‌നൗ ടീമിന്‍റെ ഉപദേഷ്ടാവാണ് ഗംഭീർ.സംഭവത്തെക്കുറിച്ച് സംസാരിക്കവെ വിരാട് ഒരു ഇതിഹാസമാണെന്നും അത്തരം സാഹചര്യങ്ങളിൽ അദ്ദേഹം ഇടപെടരുതെന്നും ഹർഭജൻ പറഞ്ഞു.

“2008ൽ ശ്രീശാന്തിനോട് ഞാൻ ചെയ്തതിൽ ലജ്ജിക്കുന്നു. വിരാട് കോഹ്‌ലി ഒരു ഇതിഹാസമാണ്, അത്തരം കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. വിരാടും ഗംഭീറും തമ്മിൽ എന്തു സംഭവിച്ചാലും ക്രിക്കറ്റിന് ശരിയായിരുന്നില്ല”ഹർഭജൻ തന്റെ ട്വീറ്റിൽ കുറിച്ചു.
“ ഇത് ഇവിടെ അവസാനിക്കില്ല. ആളുകൾ അതിനെക്കുറിച്ച് സംസാരിക്കും, ആരാണ് എന്താണ് ചെയ്തത് എന്ന് തിരിച്ചറിയണം. ഇതുപോലെയൊരു അനുഭവം സ്വന്തമായി അനുഭവിച്ചിട്ടുണ്ട്. 2008-ൽ ഞാനും ശ്രീശാന്തും തമ്മിൽ സമാനമായ ഒരു സംഭവമായിരുന്നു അത്. 15 വർഷങ്ങൾക്ക് ശേഷവും, അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ഇപ്പോഴും ലജ്ജ തോന്നുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ ചെയ്തത് തെറ്റാണ്,” ഹർഭജൻ പറഞ്ഞു.

എൽ‌എസ്‌ജിയുടെ വിക്കറ്റ് വീഴ്ച്ച കോഹ്‌ലി തന്റെ ട്രേഡ്‌മാർക്ക് അഗ്രഷനിൽ കോലി ആഘോഷിച്ചിരുന്നു.ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റം ചെയ്തതായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റ്‌സ്മാൻ കോഹ്‌ലിയും ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീം മെന്റർ ഗംഭീറും സമ്മതിച്ചു.ഇതിന് പുറമെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എൽഎസ്ജി ബൗളർ നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 1 കുറ്റമാണ് നവീൻ ഉൾ ഹഖ് സമ്മതിച്ചത്.

3.5/5 - (2 votes)