❝വേൾഡ് കപ്പിനുള്ള ടീമിൽ അവനെ ആവശ്യമില്ല ,കാരണം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണർ❞

ഐ‌പി‌എൽ 2022-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തന്റെ ഫിനിഷിംഗ് മികവ് പുറത്തെടുത്തതോടെയാണ് വെറ്റെറൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും ഫിനിഷറുടെ റോളിൽ ദിനേശ് കാർത്തിക്കിനെ പരിഗണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിയാണ് പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ദിനേഷ് കാർത്തിക്കിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, ടീം തിരഞ്ഞെടുപ്പിന് ഇനിയും ഒരുപാട് സമയം ഉണ്ടെങ്കിലും ദിനേശ് കാർത്തിക് ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉണ്ടാകില്ല എന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പറയുന്നത്. സ്റ്റാർ സ്‌പോർട്‌സിന്റെ മാച്ച് പോയിന്റിൽ സംസാരിക്കവേ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ അക്സർ പട്ടേലിന് ശേഷമാണ് ബാറ്റിംഗ് ഓർഡറിൽ ദിനേശ് കാർത്തിക് ഇറങ്ങുന്നതെന്നും, അതുകൊണ്ട് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള കാർത്തിക്കിന്റെ സാധ്യത താൻ പരിഗണിക്കുന്നില്ല എന്നും ഗംഭീർ പറഞ്ഞു.

“ഇന്ത്യൻ ടീമിൽ കാർത്തിക്കിന്റെ ഇന്നിംഗ്സുകൾ പലപ്പോഴും നിർണ്ണായകമായിരുന്നു, കഴിഞ്ഞ 2-3 മാസമായി അദ്ദേഹം ആർസിബിക്കായും അത് ചെയ്യുന്നു. പക്ഷേ, ദിനേശ് കാർത്തിക്കിന് മുന്നിൽ അക്‌സർ വന്നതിൽ ഞാൻ അൽപ്പം അത്ഭുതപ്പെട്ടു. അക്സറിന് മുന്നിൽ കാർത്തിക് ആയിരുന്നു വന്നതെങ്കിൽ ഞാൻ കൂടുതൽ സന്തോഷിച്ചേനെ,” ഗംഭീർ പറഞ്ഞു. 2022-ലെ ടി20 ലോകകപ്പിനുള്ള കാർത്തിക്കിന്റെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോൾ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവർ തിരിച്ചുവരുന്നതോടെ കാർത്തിക്കിന് ഒരു സ്ഥാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി.

“ടി20 ലോകകപ്പിന് ഇനിയും സമയമുണ്ട്. അതുവരെ സ്ഥിരതയാർന്ന പ്രകടനം നടത്തേണ്ടതുണ്ട്, എന്നാൽ ഇനിയും അവസാന മൂന്ന് ഓവറിൽ മാത്രം ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കാര്യങ്ങൾ കഠിനമായേക്കാം. ഇന്ത്യ തീർച്ചയായും 7-ാം നമ്പറിലേക്ക് ഒരാളെ നോക്കും. ബൗൾ ചെയ്യാൻ കഴിവുള്ളത് കൊണ്ട്, അക്സർ 7-ാം നമ്പറിൽ ബാറ്റ് ചെയ്യുകയാണെങ്കിൽ, ടീം അങ്ങനെ ആയിരിക്കും മുന്നോട്ട് പോവുക. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം (കാർത്തിക്) ലോകകപ്പ് ടീമിൽ ഉണ്ടാകില്ല,” ഗംഭീർ പറഞ്ഞു.