ദൈവം നിങ്ങളുടെ കൂടെയില്ല : എംബാപ്പെ, മെസ്സി, നെയ്മർ എന്നിവർക്കെതിരെ ഇബ്രാഹിമോവിച്ച്

എസി മിലാൻ സ്‌ട്രൈക്കറും ഇതിഹാസ സ്വീഡിഷ് ഫുട്‌ബോളറുമായ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തന്റെ ധീരവും ചില സമയങ്ങളിൽ അതിരുകടന്നതുമായ പ്രസ്താവനകൾ നടത്തി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്.അത്കൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരുമുണ്ട് .

41-കാരൻ പരിക്ക് മൂലം കളിക്കളത്തിന് പുറത്താണ്.മെയ് മാസത്തിൽ തന്റെ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ഫുട്ബോളിനെക്കുറിച്ചും കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി, നെയ്മർ തുടങ്ങിയ മുൻനിര താരങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഇബ്ര.താൻ പോയതോടെ ഫ്രഞ്ച് ഫുട്ബോൾ തന്നെ തകർന്നുവെന്നാണ് സ്ലാട്ടൻ പറയുന്നത്.

“ഞാൻ ഫ്രാൻസ് വിട്ടതിനു ശേഷം എല്ലാം തകർന്നു പോയി. അവർക്കിപ്പോൾ ഒന്നും സംസാരിക്കാനില്ല. ഫ്രാൻസിനെന്നെ ആവശ്യമുണ്ട്, എന്നാൽ എനിക്ക് ഫ്രാൻസിനെ ആവശ്യമില്ല. നിങ്ങൾക്ക് എംബാപ്പെ, മെസി, നെയ്‌മർ തുടങ്ങിയ താരങ്ങളുണ്ട്. പക്ഷെ നിങ്ങൾക്കൊപ്പം ദൈവമില്ല.” കഴിഞ്ഞ ദിവസം കനാൽ പ്ലസിനോട് സംസാരിക്കുന്ന സമയത്ത് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പറഞ്ഞു.കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി, നെയ്മർ തുടങ്ങിയ മുൻനിര താരങ്ങൾക്ക് പോലും ഫ്രഞ്ച് ലീഗിനെ ഉയർത്തി കൊണ്ട് വരാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സ്റ്റാർ പിഎസ്‌ജി ത്രയം ഏറ്റവും മികച്ച ഫോമിൽ കളിക്കുമ്പോഴാണ് ഇബ്രയുടെ ഇത്തരത്തിലുള്ള പരാമർശം പുറത്ത് വന്നത് .

തുടർച്ചയായ രണ്ട് മത്സരങ്ങളിൽ, കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി, നെയ്മർ എന്നിവരെല്ലാം പി‌എസ്‌ജിക്ക് വേണ്ടി ഗോൾ നേടിയിരുന്നു.ലീഗ് 1 പോയിന്റ് ടേബിളിൽ പിഎസ്ജിക്ക് അഞ്ച് പോയിന്റ് ലീഡ് ഉണ്ട്.എസി മിലാനിൽ നിന്നും 2012ൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ സ്ലാട്ടൻ നാല് വർഷം അവിടെ കളിച്ചിട്ടുണ്ട്. അവർക്കായി 180 മത്സരങ്ങളിൽ നിന്നും 156 ഗോളുകൾ നേടിയിട്ടുണ്ട്. നാല് ലീഗ് 1 കിരീടവും രണ്ടു ഫ്രഞ്ച് കപ്പും നേടിയിട്ടുണ്ട്.

Rate this post