ലോകകപ്പിൽ പുതിയ ചരിത്രമെഴുതി പാക്കിസ്ഥാൻ ; ഇന്ത്യക്കെതിരെ ആദ്യ ജയം

ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ബാബര്‍-റിസ്‌വാന്‍ ബാറ്റിംഗ് ഷോയില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പിച്ച് പാകിസ്ഥാന്‍. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ജയത്തിലെത്തി. നായകന്‍ ബാബര്‍ അസം 52 പന്തില്‍ 68 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാന്‍ 55 പന്തില്‍ 79 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ട്വന്‍റി 20, ഏകദിന ലോകകപ്പ്​ ചരിത്രത്തിൽ ഇതുവരെയും ഇന്ത്യയെ തോൽപ്പിച്ചിട്ടില്ലെന്ന ചീത്തപ്പേര്​ ബാബർ അസമിലൂടെ പാകിസ്​താൻമാറ്റി.

മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും പാകിസ്​താൻ ബാറ്റ്​സ്​മാൻമാർക്ക്​ വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല. മോശം പന്തുകളെ പ്രഹരിച്ച്​ ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ പാക്​ ഓപ്പണർമാർ വിജയം ഉറപ്പാക്കി മടങ്ങുകയായിരുന്നു.ആറു റൺസിന്​ രണ്ട്​ ഓപ്പണർമാരെയും നഷ്​ടമായ ഇന്ത്യ ഏഴുവിക്കറ്റിന്​ 151 റൺസെന്ന നിലയിലാണ്​ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​.

ഇന്ത്യ മുന്നോട്ടുവെച്ച 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനും മിന്നും തുടക്കം നല്‍കിയപ്പോള്‍ ബ്രേക്ക് ത്രൂവിന് ഇന്ത്യ കഷ്‌ടപ്പെട്ടു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 43 റണ്‍സിലായിരുന്ന ടീമിനെ ഇരുവരും എട്ടാം ഓവറില്‍ 50 കടത്തി. സിക്‌സറോടെ 40 പന്തില്‍ ബാബര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 13-ാം ഓവറില്‍ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ചു.

ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ആദ്യ ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ തന്നെ ഓപണർ രോഹിത്​ ശർമയെ വിക്കറ്റിന്​ മുന്നിൽ കുരക്കി ഷഹീൻ ഷാ അഫ്രീദി കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. പിന്നാലെ ലോകേഷ്​ രാഹുലി (3) ക്ലീൻ ബൗൾഡാക്കി അഫ്രീദി വീണ്ടും ഇന്ത്യ​ക്ക്​ പ്രഹരമേൽപിച്ചു. ടീം സ്​കോർ 31ൽ നിൽക്കേ നന്നായി തുടങ്ങിയ സൂര്യകുമാർ യാദവും (11) പുറത്തായി. റിഷഭ് പന്ത് ( 39 ) വിരാട് കോഹ്ലി (49 പന്തില്‍ 57) എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.നാലോവറിൽ 31റൺസിന്​ മൂന്നുവിക്കറ്റ്​ വീഴ്​ത്തിയ അ​ഫ്രീദിയാണ്​ പാക്​ നിരയിൽ മികച്ചുനിന്നത്​. ഹസൻ അലി രണ്ടു വിക്കറ്റ് വീഴ്ത്തി.