‘ആ ടീമുകളിലേക്ക് പോയാൽ എനിക്ക് ഐപിഎൽ കിരീടം ഉയർത്താൻ സാധിച്ചേനെ’ : സഞ്ജു സാംസൺ തുറന്നുപറയുന്നു

രാജസ്ഥാൻ റോയൽസും സഞ്ജു സാംസണും തമ്മിലുള്ള ബന്ധം ഒരു കളിക്കാരനും ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധത്തേക്കാൾ വളരെ വലിയ ആത്മബന്ധമാണ്. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ക്യാപ്റ്റൻ ജോസ് ബറ്റ്ലർ, ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി പരിചയമുള്ള രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ പ്രമുഖ താരങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും, ദേശീയ ടീമിൽ ഒരുപാട് മത്സരങ്ങൾ ഒന്നും കളിച്ചിട്ടില്ലാത്ത സഞ്ജു സാംസണെ റോയൽസിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് അദ്ദേഹത്തോടുള്ള വ്യക്തിബന്ധം കൂടി കണക്കാക്കിയാണ്.

നേരത്തെ ഡൽഹി ഡെയർഡെവിൾസിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും, സഞ്ജു സാംസൺ എന്ന കളിക്കാരനെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വളർത്തിക്കൊണ്ടുവന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളത് രാജസ്ഥാൻ റോയൽസ് തന്നെയാണ്. തങ്ങളുടെ പ്രോഡക്റ്റ് ആണ് സഞ്ജു സാംസൺ എന്ന ബന്ധം ഉള്ളതുകൊണ്ടുതന്നെയാണ്, രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതും. ടീം മാനേജ്മെന്റ് തന്നിൽ അർപ്പിച്ച വിശ്വാസം സഞ്ജു കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

പ്രഥമ ഐപിഎൽ സീസണിൽ ജേതാക്കളായ രാജസ്ഥാൻ റോയൽസ്, അതിന് ശേഷം സഞ്ജുവിന്റെ കീഴിൽ  കഴിഞ്ഞ സീസണിൽ ആണ് ഐപിഎൽ ഫൈനൽ കളിച്ചത്. എന്നാൽ, തനിക്ക് മറ്റു വലിയ ഐപിഎൽ ഫ്രാഞ്ചൈസികളിൽ നിന്ന് ക്ഷണം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. അതോടൊപ്പം തന്നെ എന്തുകൊണ്ടാണ് ആ ക്ഷണം സ്വീകരിക്കാതിരുന്നത് എന്നതിന്റെ കാരണവും സഞ്ജു വെളിപ്പെടുത്തുകയുണ്ടായി.

“മറ്റു ഫ്രാഞ്ചൈസികളിൽ നിന്ന്, നേരത്തെ നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള ഫ്രാഞ്ചൈസികൾ, എന്നെ ക്ഷണിച്ചിരുന്നു. ആ ടീമുകളിലേക്ക് പോയാൽ ഒരുപക്ഷേ എനിക്ക് കിരീടം നേടാൻ സാധിച്ചേനെ. എന്നാൽ എന്നെ വളർത്തിയ രാജസ്ഥാനൊപ്പം കിരീടം നേടുന്നത് അഭിമാനം നൽകുന്നതിനൊപ്പം തന്നെ ഒരു ആത്മ സന്തോഷം നൽകും,” സഞ്ജു പറഞ്ഞു. പുരോഗമിക്കുന്ന ഈ സീസണിലും മികച്ച പ്രകടനമാണ് സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റോയൽസ്.

4.9/5 - (13 votes)