❝ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ഇടം നേടാൻ സാധിക്കും ; ആത്മവിശ്വാസം പ്രകടിപ്പിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക്ക് ❞

ഇത്തവണത്തെ എഎഫ്‌‌സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് ഇടം നേടാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏഷ്യൻ ചാംപ്യൻമാരായ ഖത്തറുമായി ഇന്ത്യ അടുത്ത ആഴ്ച ഏറ്റുമുട്ടാനിരിക്കേയാണ് സ്റ്റിമാക്ക് ടീമിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വ്യക്തമാക്കിയത്.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് ഇയിൽ ഖത്തർ, ഒമാൻ, അഫ്ഘാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ഖത്തറാണ് ഗ്രൂപ്പിൽ ഒന്നാമത്, ഒമാൻ രണ്ടാമതും. ബംഗ്ലാദേശിനും പിറകിൽ നാലാമതാണ് ഇന്ത്യ.ഖത്തറിനെയും ഒമാനെയും പിന്തള്ളി മുന്നിലെത്തുന്നത് ഇന്ത്യക്ക് അപ്രാപ്യമായിരിക്കുമെങ്കിലും മൂന്നാംസ്ഥാനം പിടിക്കുക എന്ന ലക്ഷ്യം കൈവരിക്കുക എന്ന സ്വപ്നം ഇന്ത്യൻ ടീമിൽ സജീീവമാണ്.

“യാത്രയുടെ അവസാനത്തിൽ ഞങ്ങൾ എഎഫ്‌‌സി ഏഷ്യൻ കപ്പിൽ എത്തുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. ഗ്രൂപ്പിന്റ സ്ഥാനം ഇപ്പോൾ കാര്യമാക്കേണ്ടതില്ല, കാരണം യഥാർത്ഥ സ്ഥിതി നിലവിലുള്ളതിൽ നിന്ന് വളരെ അകലെയാണ്,” സ്റ്റിമാക്ക് പറഞ്ഞു.“ഖത്തർ പൂർണ്ണമായും തയ്യാറായ ടീമാണ്, ബംഗ്ലാദേശ് അവരുടെ സീസൺ മെയ് 10 ന് പൂർത്തിയാക്കി, അഫ്ഗാൻ കളിക്കാരിൽ 28 പേരിൽ 23 പേരും യൂറോപ്പിലോ യുഎസ്എയിലോ കളിക്കുന്നു.”


“നമ്മുടെ ടീമിന്റെ സ്ഥിതി വ്യത്യസ്തമാണ്, പക്ഷേ ഞങ്ങൾ എല്ലാം നൽകുമെന്ന് എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയും. എഎഫ്സി ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാൻ ഞങ്ങൾ എല്ലാം ചെയ്യും. എങ്കിൽ മാത്രമേ നമ്മുടെ ശരിയായ പരിശ്രമം ആരംഭിക്കൂ,” അദ്ദേഹം തുടർന്നു.ജൂൺ മൂന്നിനാണ് ഖത്തറുമായി ഇന്ത്യയുടെ മത്സരം. ജൂൺ ഏഴിന് ബംഗ്ലാദേശുമായും 15ന് അഫ്ഗാനിസ്ഥാനുമായും ഇന്ത്യ ഏറ്റുമുട്ടും

അതിനിടയിൽ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ കരാർ സെപ്റ്റംബർ വരെ നീട്ടാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തീരുമാനിച്ചു. എ.ഐ.എഫ്.എഫിന്റെ സാങ്കേതിക സമിതി വെള്ളിയാഴ്ച യോഗം ചേർന്നാണ് തീരുമാനം എടുത്തത്. ക്രൊയേഷ്യൻ കോച്ച് സ്റ്റിമാക്കിന്റെ കരാർ മെയ് 15 ന് അവസാനിച്ചിരുന്നു.ടെക്നിക്കൽ ഡയറക്ടറായി ഡോറു ഐസക്കിന്റെ കരാർ നീട്ടിയിട്ടില്ല, സാങ്കേതിക സമിതി സാവിയോ മെഡീറ എഐ‌എഫിന്റെ ഇടക്കാല സാങ്കേതിക ഡയറക്ടറായി ചുമതലയേൽക്കുമെന്ന് അറിയിച്ചു.