❝ദേശീയ ടീമിൽ അവസരം ലഭിച്ചില്ലെങ്കിൽ അവരുടെ കാല് പിടിക്കാനൊന്നും ഞാൻ പോകില്ല❞ |Sanju Samson

സീനിയർ താരങ്ങളുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് യുവതാരങ്ങൾക്ക് അവസരം ലഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് തീർച്ചയായും ദേശീയ ടീമിലിടം കണ്ടെത്താനാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മലയാളി താരത്തെ സെലക്ടർമാർ ടീമിലേക്ക് പരിഗണിക്കാതെവന്നതോടെ ടീം പ്രഖ്യാപനത്തിനുശേഷം ആരാധകരും മുൻ ഇന്ത്യൻ താരങ്ങളും ഒരുപോലെ തങ്ങളുടെ അമ്പരപ്പ് പ്രകടിപ്പിച്ചു.

ഐപിഎൽ 15-ാം പതിപ്പിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ തഴഞ്ഞതിൽ ആരാധകർ തങ്ങളുടെ രോക്ഷം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ, മുൻ ഇന്ത്യൻ താരം ഹർഷ ഭോഗ്ലെ ഉൾപ്പടെയുള്ള താരങ്ങളും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ പരസ്യമായി പ്രതികരിച്ചു. ഇപ്പോൾ, ഇക്കാര്യത്തിൽ സഞ്ജുവിന്റെ പ്രതികരണം  പുറത്തുവന്നിരിക്കുകയാണ്.

ഒരു ടെലിവിഷൻ ചാറ്റ് ഷോയിലാണ് സഞ്ജു തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ടീമിലിടം ലഭിച്ചാൽ നന്നായി കളിക്കുമെന്നും, എന്നാൽ, അവസരം ലഭിച്ചില്ലെങ്കിൽ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ലെന്നും സഞ്ജു വ്യക്തമാക്കി. കൂടാതെ, ദേശീയ ടീമിനായി കൂടുതൽ റൺസ് നേടുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും, ഓരോ കളിയിലും ടീമിനുവേണ്ടി ഇമ്പാക്ട് ഉണ്ടാക്കുന്ന പ്രകടനം പുറത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും സഞ്ജു തുറന്ന് പറഞ്ഞു.

“ടീമിൽ അവസരം ലഭിക്കുമ്പോൾ നന്നായി കളിക്കും, എന്നാൽ, അവസരം ലഭിച്ചില്ലെങ്കിൽ പിന്നെ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ദേശീയ ടീമിനായി കൂടുതൽ റൺസ് നേടണം എന്നെനിക്ക് ആഗ്രഹമില്ല. ഓരോ മത്സരത്തിലും, ടീമിന് ഇമ്പാക്ട് നൽകുന്ന പ്രകടനം  കാഴ്ചവെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” സഞ്ജു പറഞ്ഞു. ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായി താൻ ഇപ്പോഴും നല്ല ബന്ധത്തിലാണെന്നും, ദ്രാവിഡിന് കീഴിൽ കളിച്ച നാല് വർഷങ്ങൾ, തന്റെ ക്രിക്കറ്റ്‌ കരിയറിന് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചു എന്നും സഞ്ജു കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് തന്നെ പരിഗണിക്കാത്തതിലുള്ള കലിപ്പ് ഗുജറാത്ത് ടൈറ്റൻസ് ബൗളർമാർക്കെതിരെ തീർക്കുന്ന കാഴ്ചയാണ് കണ്ടത്. നേരിട്ട ആദ്യ പന്ത്‌ തന്നെ, യാഷ് ദയാലിനെ സിക്സ് പറത്തിയ സഞ്ജു രാജസ്ഥാൻ റോയൽസ്‌ ക്യാമ്പിനെ ആഹ്ലാദത്തിമിർപ്പിലാക്കി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമിക്കെതിരെ തുടർച്ചയായി രണ്ട് ബൗണ്ടറി കണ്ടെത്തിയ സഞ്ജു, അതിനുശേഷമുള്ള ഇന്നിംഗ്സിന്റെ ആറാം ഓവറിൽ അൽസാരി ജോസഫിനെ രണ്ട് തവണ ബൗണ്ടറിക്ക് മുകളിലൂടെ സ്റ്റേഡിയത്തിലേക്ക് പറത്തി.പവർ പ്ലേയുടെ അവസാന ഓവറുകളിൽ സഞ്ജു സാംസൺ കൊടുങ്കാറ്റായി ആഞ്ഞു വീശിയതോടെ, രാജസ്ഥാൻ റോയൽസ് സ്കോർബോർഡിൽ അധിവേഗം റൺസ് ഉയർത്തി.ഒടുവിൽ 10-ാം ഓവറിലെ അഞ്ചാം ബോളിൽ, സായ് കിഷോറിന്റെ സ്റ്റോക്ക് ബോൾ ഉയർത്തി അടിക്കാൻ ശ്രമിച്ച സഞ്ജുവിനെ ലോങ്ങ്‌ ഓണിൽ അൽസാരി ജോസഫ് പിടികൂടി.

26 പന്തിൽ 5 ഫോറും 3 സിക്സും സഹിതം 180.77 സ്ട്രൈക്ക് റേറ്റോടെ 47 റൺസാണ് സഞ്ജു നേടിയത്. ഈ ഇന്നിംഗ്സോടെ ടൂർണ്ണമെന്റിൽ സഞ്ജു സാംസൺ 400 റൺസ് കണ്ടെത്തി. 15 ഇന്നിംഗ്സുകളിൽ 421 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.ഋഷഭ് പന്തും ഇഷാൻ കിഷനും ഉള്ളതിനാൽ ദേശീയ ടീമിൽ ഇടം കണ്ടെത്തുന്നത് സാംസണിന് വളരെ ബുദ്ധിമുട്ടായിരുന്നു.വർഷാവസാനം ടി20 ലോകകപ്പ് നടക്കാനിരിക്കെ സെലക്ടർമാർക്ക് മാറി ചിന്തിക്കാനുള്ള അവസരമാണ് സഞ്ജു ഇന്നലെ നൽകിയത്.