‘ഗോൾഡൻ ബോൾ നേടാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്’ :വ്യക്തിപരമായ അംഗീകാരങ്ങളെ വിലമതിക്കുന്നില്ലെന്ന് കൈലിയൻ എംബാപ്പെ |Qatar 2022

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണ അമേരിക്കൻ വമ്പന്മാരായ അർജന്റീനയും യൂറോപ്യൻ കരുത്തരായ ഫ്രാൻസും ഏറ്റുമുട്ടും. പിഎസ്ജിയുടെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും തമ്മിലുള്ള പോരാട്ടം കൂടിയാണിത്. ലയണൽ മെസ്സി തന്റെ ആദ്യ ലോകകപ്പ് ലക്ഷ്യമിടുമ്പോൾ, തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടമാണ് എംബാപ്പെ ലക്ഷ്യമിടുന്നത്. 21-ാം വയസ്സിൽ പെലെ ഈ നേട്ടം കൈവരിച്ചതിന് ശേഷം രണ്ട് ലോകകപ്പുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി കൈലിയൻ എംബാപ്പെ മാറുകയാണ്.

2022 ലോകകപ്പിൽ എംബാപ്പെ ഇതുവരെ അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്, ടൂർണമെന്റിലെ സംയുക്ത ടോപ് സ്കോററായി. ഒന്നര പതിറ്റാണ്ടോളം ഫുട്ബോൾ ലോകത്തെ അടക്കിഭരിച്ച ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പ് കൂടിയാണിത്. അവരുടെ പിൻഗാമിയായാണ് കൈലിയൻ എംബാപ്പെയെ കാണുന്നത്. മെസ്സിക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണിത്. ഈ ലോകകപ്പ് ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് മെസ്സി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഖത്തർ ലോകകപ്പിന്റെ തുടക്കത്തിൽ പരിക്കുകളാൽ ബുദ്ധിമുട്ടിയ ഫ്രാൻസ്, 2002 ലോകകപ്പിന്റെ അതേ വിധി തങ്ങൾക്കും നേരിടേണ്ടിവരുമെന്നും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുമെന്നും ഭയപ്പെട്ടു. എന്നാൽ ആശങ്കകൾ കാറ്റിൽ പറത്തി ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടി. 1962-ൽ ബ്രസീലിന് ശേഷം ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമാകാനാണ് ഫ്രാൻസിന്റെ ശ്രമം. യുവതാരം കൈലിയൻ എംബാപ്പെയുടെ മികച്ച ഫോം ഫ്രാൻസിന്റെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചു. 2018 റഷ്യ ലോകകപ്പിൽ 16-ാം റൗണ്ട് മത്സരത്തിൽ അർജന്റീനയ്‌ക്കെതിരെ 19 കാരനായ എംബാപ്പെ ഇരട്ടഗോൾ നേടി.

2018 ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം കൈലിയൻ എംബാപ്പെ സ്വന്തമാക്കി. ഇപ്പോൾ, 2022 ലോകകപ്പിൽ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമുള്ള ഓട്ടത്തിലാണ് എംബാപ്പെ. എന്നാൽ ലെസ് ബ്ലൂസിനൊപ്പമുള്ള നേട്ടങ്ങൾ വ്യക്തിപരമായ അംഗീകാരങ്ങളേക്കാൾ പ്രധാനമാണെന്ന് എംബാപ്പെ പറഞ്ഞു.ലോകകപ്പ് നേടുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.“അതാണ് ഞാൻ സ്വപ്നം കാണുന്നത്. ഞാൻ ഇവിടെ വന്നത് ഗോൾഡൻ ബോൾ നേടാനല്ല.ഫ്രഞ്ച് ദേശീയ ടീമിനെ വിജയിപ്പിക്കാനും സഹായിക്കാനും ഞാൻ ഇവിടെയുണ്ട്” എംബപ്പേ പറഞ്ഞു.നാളെ ലുസൈൽ സ്റ്റേഡിയത്തിൽ എംബാപ്പെയുടെ ദിവസമാവാനുള്ള സാധ്യതകൾ കൂടുതലാണ്.മെസ്സിയും റൊണാൾഡോയും ഒഴിഞ്ഞ വേദിയിൽ ആരെന്ന ചോദ്യത്തിന് ഉത്തരവും ലഭിക്കും.

Rate this post